Latest Movie :
Home » » അച്‌ഛനെ കുരുക്കിയത്‌ സ്വന്തം കക്ഷിക്കാര്‍ ലീഡറെപ്പറ്റി മകള്‍ പദ്‌മജ പറയുന്നു

അച്‌ഛനെ കുരുക്കിയത്‌ സ്വന്തം കക്ഷിക്കാര്‍ ലീഡറെപ്പറ്റി മകള്‍ പദ്‌മജ പറയുന്നു

{[['']]}

Padmaja Venugopal, K. Karunakaranലീഡര്‍ കെ. കരുണാകരന്‍ ഓര്‍മയായി മൂന്നു വര്‍ഷം പിന്നിടുന്ന വേളയില്‍ മകള്‍ പദ്‌മജയുടെ സ്‌മരണകള്‍.

കേരള രാഷ്‌ട്രീയത്തില്‍ ലീഡര്‍ എന്ന വിളിപ്പേരിന്‌ അവകാശിയായി ഒരേയൊരു നേതാവേ ഉണ്ടായിട്ടുള്ളൂ. അതു കെ. കരുണാകരനാണ്‌. കൃത്യമായ നിലപാടും വ്യക്‌തമായ ചിന്തയുമായിരുന്നു ലീഡറുടെ മുഖമുദ്ര. ഓര്‍മയായി മൂന്നു വര്‍ഷത്തിനിപ്പുറവും ലീഡറുടെ അസാന്നിധ്യം വലിയൊരു ഓര്‍മപ്പെടുത്തലാവുന്നു. ലീഡറെപ്പറ്റി മകള്‍ പദ്‌മജ പറയുന്നു.

? ലീഡര്‍ കെ. കരുണാകരന്‍ ഇല്ലാത്ത മൂന്നു വര്‍ഷങ്ങള്‍ എങ്ങിനെ ആയിരുന്നു

-അച്‌ഛന്റെ അസാനിദ്ധ്യം കുടുംബത്തിനകത്ത്‌ എല്ലായ്‌പോഴും ഞങ്ങള്‍ക്കു ഫീല്‍ചെയ്യുന്നുണ്ട്‌. അമ്മ മരിച്ചതിനുശേഷം അച്‌ഛന്റെ എല്ലാക്കാര്യവും ഏറ്റെടുത്തു നോക്കിയിരുന്നത്‌ ഞാനായിരുന്നു. പതിനേഴുകൊല്ലം ഞാന്‍ അച്‌ഛന്റെ ഒപ്പംതന്നെ ഉണ്ടായിരുന്നു. രാഷ്‌ട്രീയ രംഗത്ത്‌ അദ്ദേഹത്തിന്റെ അസാനിദ്ധ്യം സൃഷ്‌ടിച്ച ശൂന്യതയുമായി താരതമ്യം ചെയ്‌താല്‍ കുടുംബത്തിന്റെ നഷ്‌ടം ചെറുതാണെന്നു തോന്നും. ഓരോ സ്‌ഥലത്തു ചെല്ലുമ്പോള്‍ ആളുകളൊക്കെ അച്‌ഛന്‍ചെയ്‌ത കാര്യങ്ങള്‍ ഓര്‍ത്തു പറയും. നിര്‍ണായക ഘട്ടങ്ങളിലെല്ലാം അച്‌ഛന്‍ ഉചിതമായി പ്രതികരിക്കുമായിരുന്നു. ഇപ്പോള്‍ ഓരോ കാര്യങ്ങള്‍ കേള്‍ക്കുേമ്പാള്‍ അച്‌ഛനുണ്ടായിരുന്നെങ്കില്‍ എന്താവും പറയുക എന്ന്‌ ആലോചിക്കാറുണ്ട്‌.

? 92 വയസുവരെ ആരോഗ്യത്തോടെ ജീവിച്ച ലീഡറുടെ ചുറുചുറുക്കിന്റെ രഹസ്യം

അച്‌ഛന്‌ എല്ലാക്കാര്യത്തിലും നിഷ്‌ഠയുണ്ടായിരുന്നു. അച്‌ഛന്റെ കുടുംബത്തില്‍ എല്ലാവരും അങ്ങിനെയാണ്‌. ചായ, കാപ്പി, ലഹരി വസ്‌തുക്കള്‍ എന്നിവയൊന്നും ഉപയോഗിക്കില്ല. പണ്ടു സിഗരറ്റു വലിച്ചിരുന്നു. പിന്നീട്‌ ആ ശീലം ഉപേക്ഷിച്ചു. രാവിലെ ഉറക്കമുണര്‍ന്നുകഴിഞ്ഞാല്‍ കുറേനേരം നാമം ചൊല്ലും. അതുകഴിഞ്ഞുവന്ന്‌ ഒരു ഗ്‌ളാസ്‌ ജീരകവെള്ളം കുടിക്കും. പ്രാതലിന്‌ ഒരേയൊരു ഇഡലിയായിരുന്നു പതിവ്‌. അല്‍പം ചട്‌ണിയെടുക്കും. രണ്ട്‌ അണ്ടിപ്പരിപ്പ്‌, ഒന്നുവീതം ബദാമും ഈന്തപ്പഴവും അരച്ച്‌ ചെറിയ ഉരുളയാക്കി കഴിക്കും. ചെറിയ ഒരു കഷണം പപ്പായയും ഒപ്പം കഴിക്കും.
ഉച്ചയ്‌ക്ക് അളന്ന്‌ രണ്ടു സ്‌പൂണ്‍ ചോറാണ്‌ എടുക്കുക. ഒപ്പം പച്ചക്കറികള്‍ ഒരുപാടു കഴിക്കും. ഊണിനുശേഷം ഒന്നു കിടക്കുന്ന പതിവുണ്ട്‌. എണീറ്റുകഴിഞ്ഞാല്‍ പച്ചക്കറികളെല്ലാംകൂടി അരച്ചുചേര്‍ത്ത സൂപ്പു കുടിക്കും. ചിലപ്പോള്‍ രണ്ടു ബിസ്‌ക്കറ്റ്‌ കഴിക്കും. ഇതല്ലാതെ നിഷ്‌ഠ തെറ്റിച്ച്‌ ഒന്നും കഴിക്കില്ല. എരിവും പുളിയുമൊന്നും കഴിക്കില്ല. ഒരു ആഹാരത്തോടും അമിത താല്‍പര്യം ഉണ്ടായിരുന്നില്ല. പക്ഷേ മറ്റുള്ളവരെക്കൊണ്ട്‌ ആഹാരം കഴിപ്പിക്കാന്‍ ഉത്സാഹമാണ്‌. പണ്ടൊക്കെ ഭക്ഷണം വിളമ്പിക്കൊടുക്കുമായിരുന്നു. വയ്യാതായിക്കഴിഞ്ഞും പ്ലേറ്റുമായി നടന്ന്‌ എല്ലാവരേയും കഴിപ്പിക്കുമായിരുന്നു.

? ഒരുപാടുപേര്‍ നിത്യവും അതിഥികളായി ഉണ്ടാവുമായിരുന്നോ

അതിഥികളല്ല പാര്‍ട്ടിപ്രവര്‍ത്തകരും മറ്റുമാണ്‌. എനിക്ക്‌ ഓര്‍മവെച്ച കാലംമുതല്‍ കുറഞ്ഞത്‌ പതിനഞ്ചുപേരെങ്കിലും ഉച്ചയ്‌ക്ക് ഉണ്ണാന്‍കാണും. ആഹാരം അധികംവന്നാലും വേണ്ടില്ല ആര്‍ക്കും കിട്ടാതെ വരരുത്‌ എന്ന്‌ അച്‌ഛനു നിര്‍ബന്ധമായിരുന്നു. അമ്മ അതെല്ലാം കൃത്യമായി കൈകാര്യംചെയ്‌തിരുന്നു.
തിരുവനന്തപുരത്തായിരുന്നപ്പോള്‍ മാളക്കാര്‍ക്കുവേണ്ടി ഒരു മുറിതന്നെ ഉണ്ടായിരുന്നു. മെഡിക്കല്‍ കോളജിലൊക്കെ ചികിത്സക്കു വരുന്നവരുടെ കുടുംബം സ്‌ഥിരമായി അവിടെ കാണും. പരിശോധനയ്‌ക്കു പോകുമ്പോള്‍ അവര്‍ക്ക്‌ പൊതിച്ചോറുകൊടുത്താണ്‌ അമ്മ വിടുക. രമേശ്‌ ചെന്നിത്തല, ജി. കാര്‍ത്തികേയന്‍, പന്തളം സുധാകരന്‍, അടൂര്‍ പ്രകാശ്‌ എന്നിവരെല്ലാം വൈകിട്ട്‌ വീട്ടിനുമുന്നില്‍ നിരന്നിരുന്ന്‌ ചായകുടിക്കുന്നത്‌ സുഖമുള്ള ഒരു ഓര്‍മയാണ്‌. പാര്‍ട്ടി പരിപാടികഴിഞ്ഞ്‌ അവര്‍ ആരെങ്കിലും വൈകി വന്നാല്‍ 'കുട്ടികള്‍ ഒന്നും കഴിച്ചിട്ടുണ്ടാവില്ല' എന്നു പറഞ്ഞ്‌ അമ്മതന്നെ ഇറങ്ങിച്ചെന്ന്‌ ചോറു വിളമ്പിക്കൊടുക്കും. കെ.സി. വേണുഗോപാലൊക്കെ വീട്ടില്‍നിന്നാണ്‌ പഠിച്ചത്‌. വി.എം. സുധീരന്‍ എന്നെ ഇപ്പോഴും 'മോളേ' എന്നാണ്‌ വിളിക്കുന്നത്‌. എന്റെ മകള്‍ക്കിപ്പോള്‍ ഒരു കുഞ്ഞായി എന്നിട്ടും എന്നെ മോളേ എന്നാണോ വിളിക്കുന്നത്‌ എന്നു ഞാന്‍ അദ്ദേഹത്തോടു ചോദിക്കും. ' നിന്നെ എത്രഞാന്‍ എടുത്തുകൊണ്ടു നടന്നിട്ടുള്ളതാണ്‌, മോളേ എന്നാല്ലാതെ എന്തുവിളിക്കും' എന്നാണ്‌ അദ്ദേഹം ചോദിക്കുക.

? അമ്മയ്‌ക്കു രാഷ്‌ട്രീയം ഉണ്ടായിരുന്നോ

അമ്മയ്‌ക്കു രാഷ്‌ട്രീയമേ ഉണ്ടായിരുന്നില്ല. വീടുവിട്ടു വെളിയില്‍പോവുക അപൂര്‍വമാണ്‌. അമ്മ ബിഎ ഇക്കണോമിക്‌സ് പഠിച്ചിട്ടുണ്ട്‌. അന്നത്തെക്കാലത്ത്‌ കോളജ്‌വരെയൊക്കെ പെണ്ണുങ്ങള്‍ പഠിക്കുക എന്നതുതന്നെ അത്ഭുതമാണ്‌. പിന്നീട്‌ കുറെക്കാലം പോസ്‌റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിചെയ്‌തിരുന്നു. അമ്മയ്‌ക്കു രാഷ്‌ട്രീയമൊന്നും നോക്കാതെ പല നേതാക്കന്‍മാരുടേയും കുടുംബവുമായി നല്ല ബന്ധമുണ്ടായിരുന്നു. ഇ.കെ. നായനാരുടെ കുടുംബവുമായി വളരെ അടുപ്പമായിരുന്നു. നായനാര്‍സാറും ശാരദാന്റിയുമൊക്കെ മിക്കപ്പോഴും വീട്ടില്‍ വരുമായിരുന്നു. നായനാര്‍ കാറില്‍ വന്നിറങ്ങുമ്പോള്‍ അച്‌ഛന്‍ സ്വീകരിക്കാനായി ഇറങ്ങിച്ചെല്ലും അപ്പോള്‍ 'ഞാന്‍ ഇങ്ങളെ കാണാനല്ല ഓരെ കാണാനാ വന്നത്‌' എന്നു പറയും.'അവര്‍ രാഷ്‌ട്രീയം കളിക്കട്ടെ നമ്മള്‍ കളിച്ചിട്ടിന്തിനാ' എന്നാണ്‌ അമ്മയും ശാരദാന്റിയും

? ലീഡറുടെ വിവാഹം പ്രേമ വിവാഹം ആയിരുന്നോ

അച്‌ഛന്റെ മുറപ്പെണ്ണാണ്‌ അമ്മ. ഇഷ്‌ടപ്പെട്ടു വിവാഹം കഴിച്ചതാണ്‌ എന്നാണു കേട്ടിട്ടുള്ളത്‌. ഞാനത്‌ ചോദിക്കുമ്പോള്‍ അമ്മ ഒഴിഞ്ഞുമാറുമായിരുന്നു.''ഒരുവീട്ടില്‍ കളിച്ചുവളര്‍ന്നവര്‍ തമ്മില്‍ ഇഷ്‌ടം തോന്നില്ലേ എന്നു ചോദിക്കും''. അമ്മ അച്‌ഛനെ വിവാഹം കഴിക്കുന്നതിനുവേണ്ടി മുപ്പതു വയസുവരെ കാത്തിരുന്നു. അമ്മയുടെ സഹോദരങ്ങളൊക്കെ വളരെ ഉയര്‍ന്ന നിലയില്‍നിന്നായിരുന്നു വിവാഹം കഴിച്ചത്‌. വെറുമൊരു പൊതുപ്രവര്‍ത്തകന്‍ മാത്രമായിരുന്ന അച്‌ഛന്റെ കയ്യില്‍ അന്ന്‌ ഒന്നും ഉണ്ടായിരുന്നില്ല. ആ ബന്ധംതന്നെ മതി എന്ന്‌ അമ്മ വാശിപിടിച്ചു.

? ലീഡര്‍ അവസാന കാലത്ത്‌ കഴിഞ്ഞ തിരുവനന്തപുരത്തെ കല്യാണി എന്ന വീട്‌ ഇപ്പോള്‍ എന്തുചെയ്യുന്നു

എന്റെ മകനിപ്പോള്‍ അവിടെയാണ്‌ താമസിക്കുന്നത്‌. അച്‌ഛന്‍ വളരെക്കാലം വാടകവീടുകളിലാണ്‌ മാറിമാറി താമസിച്ചിരുന്നത്‌. 'ഞാന്‍ വാടകവീട്ടില്‍ കിടന്നായിരിക്കും മരിക്കുക' എന്ന്‌ ഒരിക്കല്‍ അച്‌ഛന്‍ എന്നോട്‌ പറഞ്ഞു. എനിക്ക്‌ അതുകേട്ടപ്പോള്‍ വിഷമം തോന്നി. അമ്മ എനിക്കുതന്ന കുറച്ചു സ്‌ഥലമുണ്ടായിരുന്നു. അതുവിറ്റ്‌ ഉടന്‍ വീടുപണി തുടങ്ങി. മുത്തച്‌ഛനുവേണ്ടി പണിത വീടല്ലേ അതുകൊണ്ടു പേര്‌ 'കല്യാണി' എന്നുവേണമെന്ന്‌ മോളു പറഞ്ഞു. അച്‌ഛനു വലിയ ഇഷ്‌ടമായിരുന്നു ആ വീട്‌. നാലുകൊല്ലം അവിടെ താമസിച്ചു. അച്‌ഛന്റെ സ്‌റ്റാഫിലുണ്ടായിരുന്ന എല്ലാവരും എന്റെ ഒപ്പം ഉണ്ട്‌. അച്‌ഛന്‍ പോയിട്ടും അവര്‍ക്കൊന്നും ആ വീടിനേയും ഞങ്ങളേയും പിരിയാന്‍ വയ്യായിരുന്നു.

? ലീഡര്‍ രാഷ്‌ട്രീയ കാര്യങ്ങളില്‍ ആരുടെയെങ്കിലും ഉപദേശം സ്വീകരിച്ചിരുന്നോ

രാഷ്‌ട്രീയ തീരുമാനങ്ങളെടുക്കുമ്പോള്‍ അച്‌ഛന്‍ ആരുടേയും അഭിപ്രായങ്ങള്‍ക്ക്‌ ചെവികൊടുത്തിരുന്നില്ല. പണ്ട്‌ ഇന്ദിരാഗാന്ധിക്കൊപ്പം നില്‍ക്കണോ വേണ്ടയോ എന്ന വിഷയം വന്നപ്പോള്‍ എല്ലാരും പറഞ്ഞത്‌ ഇന്ദിരാജിക്കൊപ്പം പോകുന്നത്‌ അപകടമാണ്‌ എന്നാണ്‌. അങ്ങനെ ചര്‍ച്ചകള്‍ മുറുകുമ്പോള്‍ അച്‌ഛന്‍ പൂജാമുറിയില്‍കയറി പ്രാര്‍ത്ഥിച്ചു. ഇറങ്ങിവന്നിട്ട്‌ എന്നോടു പറഞ്ഞത്‌ ഇന്ദിരാജിയെ ഫോണില്‍വിളിച്ചു കൊടുക്കാനാണ്‌. പൂജാമുറിയിലിരുന്ന്‌ പ്രാര്‍ത്ഥിക്കുമ്പോള്‍ അറിയാം ശരിയായ തീരുമാനം എന്തെന്ന്‌. അതൊരിക്കലും തെറ്റിയിട്ടില്ല എന്ന്‌ അച്‌ഛന്‍ പറയുമായിരുന്നു.

? കോണ്‍ഗ്രസ്‌ വിട്ട്‌ ഡി.ഐ.സി. രൂപീകരിച്ച തീരുമാനവും ശരിയായിരുന്നു എന്ന്‌ അദ്ദേഹം വിശ്വസിച്ചിരുന്നോ

ചില തെറ്റായ തീരുമാനങ്ങള്‍ അച്‌ഛന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടുണ്ട്‌. അതെല്ലാം പക്ഷേ തെറ്റാണെന്ന്‌ അറിഞ്ഞുകൊണ്ട്‌ എടുത്തതാണ്‌. സാഹചര്യങ്ങള്‍ അങ്ങിനെ ആയിരുന്നു. കോണ്‍ഗ്രസ്‌ വിട്ടശേഷം ഒരിക്കലും അദ്ദേഹം മനസമാധാനമായി ഉറങ്ങിയിട്ടില്ല. ''എനിക്ക്‌ ഒന്നുംവേണ്ട. മരിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ പതാക പുതച്ച്‌ ഒന്നു കിടന്നാല്‍മതി'' എന്നു പറയുമായിരുന്നു. പക്ഷേ ഒരിക്കല്‍പ്പോലും കോണ്‍ഗ്രസിന്റേതല്ലാതെ വേറൊരു പാര്‍ട്ടിയുടെ കൊടിയും അച്‌ഛന്‍ തൊട്ടിട്ടില്ല. ഡി.ഐ.സിയുടെ പതാക ഉയര്‍ത്തുന്ന സമയത്ത്‌ മുരളിയേട്ടനോടു പറയും. എന്നിട്ട്‌ അച്‌ഛന്‍ കയ്യുംകെട്ടി പിന്നില്‍ നില്‍ക്കും. പിന്നീട്‌ തിരിച്ചു പാര്‍ട്ടിയില്‍ വന്നപ്പോള്‍ മുരളിയേട്ടനെ കൂടെ നിര്‍ത്താനാവാത്തതിലായിരുന്നു സങ്കടം.

? വിഷമം വരുമ്പോള്‍ എങ്ങിനെയാണ്‌ പ്രതികരിക്കുക

അച്‌ഛന്റെ മുഖത്തുനിന്ന്‌ ഉള്ളില്‍ സന്തോഷമാണോ സങ്കടമാണോ എന്നൊന്നും നമുക്ക്‌ അറിയാനാവില്ല. അതൊന്നും പ്രകടിപ്പിക്കില്ല. അച്‌ഛനെതിരായ വാര്‍ത്തകളൊക്കെ കേട്ട്‌ ടെന്‍ഷനടിച്ച്‌ നമ്മള്‍ ഓടിച്ചെല്ലുമ്പോള്‍ അദ്ദേഹം കൂളായി അവിടെ ഇരിക്കുന്നതു കാണാം. അപ്പോള്‍ നമുക്കും സമാധാനമാവും.

? കേസുകളും ആരോപണങ്ങളും ഒരുപാടു നേരിട്ട നേതാവായിരുന്നു കെ. കരുണാകരന്‍. അവയെല്ലാം കുടുംബത്തെ ഏതു തരത്തിലായിരുന്നു ബാധിച്ചത്‌.

ഞങ്ങള്‍ക്ക്‌ ഓര്‍മവെച്ച കാലംമുതല്‍ കേസുകളൊക്കെ പതിവാണ്‌. എനിക്ക്‌ നാലോ അഞ്ചോ വയസ്‌ പ്രായമുള്ളപ്പോഴാണ്‌ തട്ടില്‍ എസ്‌റ്റേറ്റ്‌ കേസുണ്ടായി അച്‌ഛന്‍ ഒളിവില്‍ പോകുന്നത്‌. അക്കാലത്ത്‌ ഞങ്ങളുടെ കുടുംബത്തെ സഹായിക്കാന്‍ ബന്ധുക്കളാരും ഉണ്ടായിരുന്നില്ല. അന്നു പാര്‍ട്ടിക്കാര്‍ രാത്രിയില്‍ വീടിനുപുറത്ത്‌ കാവല്‍ കിടക്കുമായിരുന്നു. ഒളിവിലായിരുന്നപ്പോഴും അച്‌ഛന്‌ ഞങ്ങള്‍ കുട്ടികളെ കാണാതെ ഉറക്കംവരില്ലായിരുന്നു. പാര്‍ട്ടിക്കാരില്‍ ഒരാള്‍ പതിവായി ഞങ്ങളെ അച്‌ഛനെ കാണിക്കാന്‍ കൊണ്ടുപോകും. അദ്ദേഹം എന്നെ തോളിലെടുക്കും. മുരളിയേട്ടന്റെ കയ്യില്‍പിടിക്കും. അങ്ങിനെയാണ്‌ രഹസ്യ കേന്ദ്രങ്ങളില്‍ പോകുക. പിന്നീട്‌ ഞങ്ങളെ പോലീസ്‌ നിരീക്ഷിക്കുന്നുണ്ട്‌ എന്നു മനസിലാക്കി അമ്മ അതു വിലക്കി.
എന്റെ വിവാഹം നിശ്‌ചയിച്ച സമയത്താണ്‌ രാജന്‍കേസ്‌ വിവാദമാവുന്നത്‌. അമ്മ വിവാഹം ക്ഷണിക്കാനായി ഓരോയിടത്തുചെല്ലുമ്പോള്‍ ചിലര്‍ ചോദിക്കും 'ലീഡര്‍ കാണുമോ വിവാഹത്തിന്‌, അദ്ദേഹം ജയിലില്‍ ആവില്ലേ?' എന്ന്‌. അമ്മയ്‌ക്കു നല്ല ധൈര്യമായിരുന്നു. 'അതിന്‌ അവരല്ലല്ലോ, എന്റെ മോളല്ലേ കല്യാണം കഴിക്കുന്നത്‌' എന്ന്‌ അമ്മ തിരിച്ചു ചോദിക്കും. ഞാന്‍ കോളേജില്‍ പോകുമ്പോള്‍ 'ദാണ്ടേ കൊലപാതകിയുടെ മോളു പോകുന്നു' എന്ന്‌ ആളുകള്‍ വിളിച്ചു കൂവുമായിരുന്നു. പക്ഷേ രാജന്‍കേസില്‍ അച്‌ഛന്‍ നിരപരാധിയായിരുന്നു. ഒരു പരിധിവരെ ഉദ്യോഗസ്‌ഥര്‍ അച്‌ഛനെ തെറ്റിദ്ധരിപ്പിച്ചു. പക്ഷേ അതുമാത്രമല്ല. സ്വന്തം കക്ഷിക്കാരായ ചിലരും അച്‌ഛനെ കുരുക്കാന്‍ ചരടുവലിച്ചു. അക്കാര്യങ്ങളെല്ലാം പിന്നീട്‌ അച്‌ഛന്‍ പറഞ്ഞത്‌ ഞാന്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്‌. അതൊക്കെ വെളിപ്പെടുത്തിയാല്‍ പലരും വേദനിക്കും.
അതുപോലെ തന്നെയായിരുന്നു ചാരക്കേസും. അച്‌ഛനെപ്പോലെ ഒരു രാജ്യസ്‌നേഹിയെ ഞാന്‍ കണ്ടിട്ടില്ല. അങ്ങനെയുള്ള ആളെ ചാരനെന്നു വിളിച്ചു. അതിന്റെ പിന്നിലുള്ള കാര്യങ്ങള്‍ കുറെയൊക്കെ ഇപ്പോള്‍ വെളിയില്‍ വന്നല്ലോ. ആ വിവാദം ഉയരുമ്പോള്‍ അമ്മ മരിച്ചിട്ടു മാസങ്ങളാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അച്‌ഛന്‌ എല്ലാറ്റിനോടും ഒരു മടുപ്പുതോന്നിത്തുടങ്ങിയിരുന്നു. ആ സമയത്തു കുത്തിയതുകൊണ്ടാണ്‌ അന്ന്‌ അച്‌ഛന്‍ വീണത്‌. അതിനുപിന്നിലും സ്വന്തം കക്ഷിക്കാരൊക്കെത്തന്നെ ആയിരുന്നു.

? കെ. മുരളീധരനും പദ്‌മജയുമായുളള അഭിപ്രായ വ്യത്യാസം ലീഡറെ എങ്ങിനെ ബാധിച്ചു.

അച്‌ഛനു ശരിക്കും വിഷമമുണ്ടായിരുന്നു. മുരളിയേട്ടന്‍ അടിസ്‌ഥാനപരമായി ഒരു പാവമാണ്‌. മറ്റുള്ളവര്‍ക്ക്‌ പെട്ടെന്ന്‌ സ്വാധീനിക്കാന്‍ കഴിയും. ഞങ്ങളുടെ ബന്ധം തകരാന്‍ കാരണം അങ്ങനെ ചിലരുടെ ഇടപെടലാണ്‌. ഇപ്പോള്‍ മുരളിയേട്ടന്‍ അതെല്ലാം പഠിച്ചു. അച്‌ഛന്റെ മരണം മുരളിയേട്ടനെ ഒരുപാടുമാറ്റി. അച്‌ഛന്‍ പോയതോടെ കൂടപ്പിറപ്പുകളായി ഞങ്ങള്‍മാത്രമേ ഇനിയുള്ളൂ എന്ന സത്യം ഞങ്ങള്‍ തിരിച്ചറിഞ്ഞു. പണ്ടത്തേതിനേക്കാള്‍ സ്‌നേഹമാണിപ്പോള്‍ എന്നോട്‌.എപ്പോഴും വിളിച്ച്‌ കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കും. ദുബായില്‍ പോയാല്‍ എന്റെ മോളുടെ അടുത്തേ താമസിക്കൂ. മോനെ പണ്ടേ വലിയ കാര്യമാണ്‌. അവനെ കണ്ടാലുടന്‍ വന്നു കെട്ടിപ്പിടിക്കും. അവനും അങ്ങനെതന്നെയാണ്‌.

അച്‌ഛനെ കുരുക്കിയത്‌ സ്വന്തം കക്ഷിക്കാര്‍

 

? പി.സി. ജോര്‍ജ്‌ അടുത്തിടെ കടുത്ത ഭാഷയില്‍ മുരളീധരനെ വിമര്‍ശിച്ചപ്പോള്‍ എന്തുതോന്നി

ശരിക്കും വിഷമം തോന്നി. പി.സിയുമായി എനിക്ക്‌ നല്ല ബന്ധമാണ്‌. ഞാന്‍ അപ്പോള്‍ത്തന്നെ അദ്ദേഹത്തെ വിളിച്ചു. ഏട്ടനെ പറഞ്ഞോളൂ അദ്ദേഹത്തിനു തിരിച്ചുപറയാനുള്ള തന്റേടമുണ്ട്‌ പക്ഷേ കുഴിമാടത്തില്‍ കിടക്കുന്ന എന്റെ അച്‌ഛനെ പറയരുത്‌ എന്നു ഞാന്‍ പറഞ്ഞു.

? കെ. കരുണാകരന്റെ തിരുവനന്തപുരത്ത്‌ സ്‌ഥാപിച്ച പ്രതിമയ്‌ക്ക് അച്‌ഛനോടു സാദൃശ്യം കുറവാണെന്ന്‌ ആദ്യം അഭിപ്രായപ്പെട്ടതു പദ്‌മജയാണല്ലോ

അച്‌ഛനു നല്ല സൗന്ദര്യബോധമായിരുന്നു. വസ്‌ത്രധാരണത്തിലും മുടിചീകുന്നതിലുമൊക്കെ വലിയ ശ്രദ്ധയായിരുന്നു. എപ്പോഴും പ്രസന്നമായ മുഖമാണ്‌. ആ പ്രതിമ കണ്ടപ്പോള്‍ മകള്‍ എന്നോട്‌ ചോദിച്ചത്‌ 'എന്താ അമ്മേ മുത്തച്‌ഛന്റ മുഖത്തൊരു പുച്‌ഛം' എന്നാണ്‌. പണ്ട്‌ എന്‍.ജി.ഒ അസോസിയേഷന്‍കാര്‍ വന്ന്‌ അച്‌ഛന്റെ പ്രതിമ സ്‌ഥാപിക്കുന്നതിന്‌ അനുവാദം ചോദിച്ചു. ആദ്യം പ്രതിമ ഞാന്‍ വന്നു കാണട്ടെ എന്നിട്ടു തീരുമാനിക്കാമെന്ന്‌ അച്‌ഛന്‍ പറഞ്ഞു. പ്രതിമ പോയിക്കണ്ട്‌ ഇഷ്‌ടപ്പെട്ടതിനുശേഷമാണ്‌ സ്‌ഥാപിക്കാന്‍ അനുവാദംകൊടുത്തത്‌.

? കലാകാരന്മാരെ വളരെ താല്‍പര്യമായിരുന്നു എന്നു കേട്ടിട്ടുണ്ടല്ലോ

കളിക്കാരെയും കലാകാരന്മാരെയുമൊക്കെ വലിയ ഇഷ്‌ടമായിരുന്നു. സിനിമയൊക്കെ കുത്തിയിരുന്നുകാണും. സങ്കടകരമായ അവസാനമാണെങ്കില്‍ സ്‌റ്റാഫിനെ പിടിച്ചിരുത്തി നാളെ കഥപറഞ്ഞുകൊടുക്കാന്‍ ഏല്‍പ്പിച്ച്‌ ഓടിപ്പോയിക്കിടക്കും. ക്രിക്കറ്റ്‌ ഭ്രാന്തായിരുന്നു. ഇന്ത്യയുടെ കളിയുണ്ടെങ്കില്‍ ടിവിക്കുമുന്നില്‍ കാണും. തിരക്കാണെങ്കില്‍ ഇടക്കിടക്ക്‌ സ്‌കോര്‍ ചോദിച്ചുകൊണ്ടിരിക്കും. സച്ചിനായിരുന്നു ഇഷ്‌ട കളിക്കാരന്‍. ഇന്ത്യതോറ്റപ്പോള്‍ കയ്യിലിരുന്ന പ്ലേറ്റൊക്കെ വലിച്ചെറിഞ്ഞിട്ടുണ്ട്‌.

? പൂര്‍ത്തീകരിക്കാനുള്ള ആഗ്രഹം എന്തെങ്കിലും ഉണ്ടായിരുന്നോ

അങ്ങനെ ആഗ്രഹങ്ങളൊന്നും പറഞ്ഞിട്ടില്ല. ഒരുകൊല്ലം കൂടി ജീവിക്കണം എന്നു പറയുമായിരുന്നു. പക്ഷേ എന്താണ്‌ മനസിലെന്ന്‌ വെളിപ്പെടുത്തിയിട്ടില്ല. ഞാന്‍ ആഗ്രഹിക്കുമ്പോഴേ എന്നെ ഗുരുവായൂരപ്പന്‍ വിളിക്കൂ എന്നും പറഞ്ഞിട്ടുണ്ട്‌. ഓരോതവണ യാത്രപുറപ്പെടാന്‍ കാറില്‍ കയറുംമുമ്പ്‌ തിരിഞ്ഞ്‌ വീടിനെ ആകെയൊന്നു നോക്കും. അവസാനമായി ആശുപത്രിയിലേക്ക്‌ പോകുമ്പോള്‍മാത്രം അതുണ്ടായില്ല. പടിയിറങ്ങുംമുമ്പ്‌ പൂജാമുറി തുറന്നു പ്രാര്‍ത്ഥിക്കുന്ന പതിവുമുണ്ട്‌. അന്ന്‌ അതും ഉണ്ടായില്ല. മരിക്കുന്നതിന്റെ തലേദിവസം അച്‌ഛന്റെ ഒരുഭാഗം തളര്‍ന്നു. അത്‌ അച്‌ഛനുവലിയ വിഷമമായി. ആരെയും ആശ്രയിച്ചു ജീവിക്കുന്നത്‌ അദ്ദേഹത്തിനു ചിന്തിക്കാനാവുമായിരുന്നില്ല. ലീഡറുടെ ഫൈറ്റിംഗ്‌ മൂഡൊക്കെ പോയപോലെ തോന്നുന്നുവെന്ന്‌ ഡോക്‌ടര്‍ എന്നോടു പറഞ്ഞു. അച്‌ഛന്‍ വിഷമിക്കേണ്ട നമുക്ക്‌ ഫിസിയോ തെറാപ്പിചെയ്‌ത് ശരിയാക്കിയെടുക്കാം എന്നു ഞാന്‍ പറഞ്ഞു. മറുപടിയായി 'വെറുതെയാണ്‌' എന്ന അര്‍ത്ഥത്തില്‍ കണ്ണിറുക്കി കാണിച്ചു. മരിക്കുന്ന സമയത്ത്‌ ഞങ്ങള്‍ കുടുംബാംഗങ്ങള്‍ എല്ലാം ഉണ്ടായിരുന്നു. അവസാനം എന്റെയും മുരളിയേട്ടന്റെയും കൈ എടുത്തു ചേര്‍ത്തുപിടിച്ചു. ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത്‌ അച്‌ഛന്‍ ആഗ്രഹിച്ചു മരണംവരിച്ചതാണ്‌ എന്നാണ്‌. 
Share this article :

Post a Comment

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger