Latest Movie :
Home » » ഒറ്റയാനെ പിന്തിരിപ്പിച്ച കുരിശും കൊന്തയും

ഒറ്റയാനെ പിന്തിരിപ്പിച്ച കുരിശും കൊന്തയും

{[['']]}

ഒറ്റയാനെ പിന്തിരിപ്പിച്ച കുരിശും കൊന്തയും


Sunday Shalom
Saturday, 01 March 2014 12:43

പ്രതിസന്ധികളെ തന്റെ ഇച്ഛകൊണ്ടും ശക്തികൊണ്ടും മാത്രം മറികടക്കാം എന്നു കരുതുന്ന മനുഷ്യന്റെ അഹംബോധത്തിന് തിരുത്തുനൽകുകയാണ് സിസ്റ്റേഴ്‌സ് ഓഫ് ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ് (ബഥനി) സന്യാസസഭാംഗമായ സിസ്റ്റർ പുഷ്പ കന്നപ്പിള്ളിൽ. മരണം ഒറ്റയാന്റെ രൂപത്തിൽ കാത്തുനിന്ന ലോകവഴിയിൽനിന്ന് ദൈവസ്വരത്തിനു മാത്രം കാതു കൊടുത്തതുമൂലം വീണ്ടെടുപ്പിന്റെ ജീവവഴിയിലൂടെ യാത്ര തുടരാനായതിന്റെ വിശുദ്ധമായ ആനന്ദത്തിലാണ് ഈ സന്യാസിനി. കാതു തുളച്ചെത്തി അന്തഃരംഗം ഉലയ്ക്കുന്ന ഒരു ചിന്നംവിളിയുടെ അനുരണനങ്ങളിൽപോലും കൃപയുടെയും നിതാന്തജാഗ്രതയുടെയും ദൈവസ്വരം വേർതിരിച്ചെടുത്ത് സാക്ഷ്യപ്പെടുത്തുകയാണ് സിസ്റ്റർ പുഷ്പ. ജീവിതത്തോട് തീവ്രമായ ആത്മഭാവത്തോടെ തന്റെ കുരിശും കൊന്തയും ചേർത്തുപിടിച്ച് സിസ്റ്റർ പറയുന്നു ''ഈ കുരിശ് കരുതുന്ന ദൈവസ്‌നേഹത്തിന്റെ അടയാളമാണ്; ഈ ജപമാല മാതൃസ്‌നേഹത്തിന്റെ അടയാളവും. ഇവ രണ്ടുമാണ് എന്നെഇന്നു നിലനിർത്തുന്നത്.'' ചിന്നംവിളിച്ച് കൊമ്പുകുലുക്കി കോർത്തെടുക്കാൻ പാഞ്ഞുവന്ന കാട്ടാനയുടെ മുമ്പിൽനിന്ന് രക്ഷപ്പെട്ട സംഭവം ദൈവാനുഗ്രഹത്തിന്റെ നിറവിൽ സിസ്റ്റർ പുഷ്പ സൺഡേ ശാലോമുമായി പങ്കുവച്ചു.

കർണാടകയിലെ പുത്തൂർ രൂപതയിൽ ഇച്ചിലംപാടി എന്ന സ്ഥലത്തെ ബഥനി മഠത്തിലാണ് സിസ്റ്റർ പുഷ്പ സേവനം ചെയ്യുന്നത്. ഫെബ്രുവരി 14 വ്യാഴാഴ്ച പുലർച്ചെ ഇടവകപ്പള്ളിയായ സെന്റ് തോമസ് മലങ്കര കാത്തലിക് പള്ളിയിലെ ദിവ്യബലിയിൽ പങ്കെടുക്കാനായി ഒറ്റയ്ക്ക് പ്രാർത്ഥിച്ചു നടക്കുകയായിരുന്നു ഇവർ.

മഠത്തിൽനിന്ന് 'ഒരു കൊന്തദൂരം' അകലെയാണ് ദേവാലയം. പാതിവെളിച്ചം വീണ നാട്ടുവഴികളിൽ ആളനക്കമുണ്ടായിരുന്നില്ല. പള്ളിയിലെത്തുന്നതിനുമുമ്പ്റോഡിനിരുപുറമായി നിൽക്കുന്ന ഇല്ലിപ്പൊന്തകളിൽനിന്ന് ഒരു അസാധാരണ ശബ്ദം സിസ്റ്റർ കേട്ടു. ശബ്ദത്തിന്റെ ഉറവിടം വേർതിരിച്ചെടുക്കുംമുമ്പ് സിസ്റ്ററിനുനേരെ ഒരു കറുത്തരൂപം പാഞ്ഞടുത്തു. ഒരു ഒറ്റയാനായിരുന്നു അത്. നിശ്ചേഷ്ടയായ നിന്ന സന്യാസിനിക്കുനേരെ അതിവേഗത്തിൽ ചിന്നംവിളിച്ച് ആന പാഞ്ഞടുത്തു. 'രക്ഷിക്കണേ' എന്ന നിലവിളിയല്ല 'ഈശോ മറിയം യൗസേപ്പേ എന്റെ ആത്മാവിനു കൂട്ടായിരിക്കണമേ' എന്ന ശാന്തമരണത്തിന്റെ പ്രാർത്ഥനയാണ് അപ്പോൾ സിസ്റ്ററിൽ നിന്നുയർന്നത്. ജീവനുവേണ്ടി പ്രാർത്ഥിക്കാനല്ല, നല്ല മരണവും സ്വർഗവും തരണേ എന്നു പ്രാർത്ഥിക്കാനാണ് അപ്പോൾ തോന്നിയത്'' സിസ്റ്റർ പറയുന്നു.

നിമിഷാർദ്ധത്തിന്റെ ഇടവേളയിൽ ആന ഒറ്റയാനാണ്, ആളെ കൊല്ലും എന്ന ചിന്ത നൽകിയതിനോടൊപ്പം പിന്നോട്ടോടാൻ ആരോ കൽപിച്ചതുപോലെ. മൂന്നോ നാലോ ചുവട് പിന്നിലേക്ക് വച്ചപ്പോൾ 'ഇടത്തോട്ടു തിരിയുക' എന്ന മന്ത്രണം കേട്ട് അതനുസരിച്ചു. എന്നാൽ സിസ്റ്റർ ചുവടുതെറ്റി ആനയ്ക്കു മുമ്പിലേക്ക് തന്നെ മലർന്നുവീണു. ചീറിപ്പാഞ്ഞുവന്ന ആനയുടെ കൂർത്ത വലിയ കൊമ്പുകളിൽ കണ്ണുടക്കിയപ്പോഴും 'എന്റെ ആത്മാവിന്റെ കടങ്ങളും പാപങ്ങളും ക്ഷമിച്ച്, ശാന്തമായി എന്നെ സ്വർഗത്തിലെത്തിക്കണേ' എന്നുമാത്രം സിസ്റ്റർ വീണ്ടും പ്രാർത്ഥിച്ചു.
ആന മുൻ കാലുകൾകൊണ്ട് നിലം മാന്തി. ഒറ്റയാൻ ഏറ്റവും അക്രമാസക്തമാകുന്ന സമയമാണിത്. പിന്നെ ചിന്നംവിളിച്ച് കൊമ്പുയർത്തി സിസ്റ്ററിനു നേരെയാഞ്ഞു. കുരിശും കൊന്തയും നെഞ്ചോടു ചേർത്തുപിടിച്ച് കണ്ണടച്ച സിസ്റ്റർ നല്ല മരണത്തിനായി പ്രാർത്ഥിച്ചു. ആന സിസ്റ്ററിനെ കുത്താൻ ശ്രമിച്ചെങ്കിലും കൊമ്പുകൾ ലക്ഷ്യംതെറ്റി സിസ്റ്ററിന്റെ കഴുത്തിനിരുപുറത്തും കൂടി നിലത്ത് അമരുകയായിരുന്നു. ആന കൊമ്പുവലിച്ചെടുത്ത് അവിടെ നിന്ന് വീണ്ടും ഉറക്കെ ചിന്നംവിളിച്ചു. കിടന്ന കിടപ്പിൽ പാതി കൺതുറന്ന സിസ്റ്റർ ആന പിന്തിരിയുന്നതാണ് കണ്ടത്. പാത കുറുകെ കടന്ന് ഇല്ലിക്കൂട്ടങ്ങൾക്കരികിലൂടെ അത് അലറി ചിന്നംവിളിച്ച് കടന്നുപോയി. സിസ്റ്റർ കുരിശും കൊന്തയും ഒരിക്കൽക്കൂടി ചേർത്തുപിടിച്ച് ഒരു വലിയ അവിശ്വസനീയതയുടെ തുറവിയിലേക്ക് വേഗത്തിലെഴുന്നേറ്റു.

സംഭവം നടന്നതിന് അടുത്തുള്ള മുളയ്ക്കൽ വർഗീസിന്റെ കുടുംബം ചിന്നംവിളി കേട്ടുണർന്ന് മുറ്റത്തെത്തുമ്പോൾ 'മുളയ്ക്കലമ്മേ' എന്നു വിളിച്ചുകൊണ്ട് സിസ്റ്റർ ആ വീട്ടിലെത്തി. വർഗീസ്‌ചേട്ടന്റെ ഭാര്യയെ സിസ്റ്റർ അങ്ങനെയാണ് വിളിച്ചിരുന്നത്. ദൂരെ വളപ്പിലേക്ക് വിരൽചൂണ്ടി ആ സ്ത്രീ, 'ദേ ആന പോകുന്നത് കണ്ടില്ലേ?' എന്നു ചോദിച്ചപ്പോൾ ''അതെന്നെ വെറുതെ വിട്ടിട്ടുപോയ ആനയാ'' എന്നാണ് പുഷ്പസിസ്റ്റർ പ്രതികരിച്ചത്. ഇട്ടിരുന്ന വസ്ത്രത്തിൽ കുറച്ച് ചെളി പറ്റിയെന്നല്ലാതെ ഒരു പോറൽപോലും ഏൽക്കാതെ തന്റെ മുമ്പിൽ നിൽക്കുന്ന സന്യാസിനിയുടെ വാക്കുകൾ കേട്ട ആ കുടുംബനാഥ പരിസരം മറന്ന് ദൈവാനുഗ്രഹത്തിന് നന്ദി പറഞ്ഞു.

ദേവാലയത്തിലെത്തി വിശുദ്ധ ബലിയിൽ പങ്കെടുക്കുമ്പോഴും ''ദൈവമേ, എന്തിനാണ് തന്നെ ആന വെറുതെ വിട്ടതെന്ന'' ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു മനസ്. ദിവ്യബലികഴിഞ്ഞപ്പോഴേക്കും പള്ളിയിൽ എല്ലാവരും ഈ അത്ഭുത വാർത്തയറിഞ്ഞു. വികാരി ഫാ. ജെസ്റ്റിൻരാജ് ശിരസിൽ കൈവച്ച് പ്രാർത്ഥിച്ചു. സുപ്പീരിയർ സിസ്റ്റർ ശോഭയോടൊപ്പം തിരിച്ച സിസ്റ്ററിനെ കാത്തിരിക്കുകയായിരുന്നു നാടൊട്ടുക്ക് എല്ലാവരും. അവരോടെല്ലാം തന്നെ വീണ്ടെടുത്ത കുരിശിലെ മഹാസ്‌നേഹത്തെയും പരിശുദ്ധ അമ്മയുടെ സംരക്ഷണത്തെയും ദൈവസ്‌നേഹത്തിന്റെ പാരമ്യത്തെയും കുറിച്ച് സിസ്റ്റർ സാക്ഷ്യം പറഞ്ഞു.

ആനശല്യത്തെക്കുറിച്ച് വാർത്തയെഴുതാനെത്തിയ പത്രലേഖകരോട് എന്തു പറയുമെന്ന സംശയത്തിലായിരുന്ന സിസ്റ്റർ. പുത്തൂർ രൂപത ബിഷപ് ഗീവർഗീസ് മാർ ദിവന്ന്യാസിയോസ് പിതാവിനെ ഫോണിൽ വിളിച്ചു. ''മനസ്ഥൈര്യം കൈവിടരുത്, ദൈവസ്‌നേഹത്തിന്റെ മഹത്വം പ്രചരിപ്പിക്കുന്നതിന് നമ്മുടെ സാക്ഷ്യം അനിവാര്യമായ കാലമാണിതെന്ന്'' അദ്ദേഹം ഉപദേശിച്ചു. മഠത്തിലെത്തി ഒരു കൊന്ത വാഴ്ത്തി നൽകിയ ബൽത്തങ്ങാടി രൂപത ബിഷപ് ലോറൻസ് മുക്കുഴി പിതാവും കുരിശിന്റെ രക്ഷാകരശക്തിയെക്കുറിച്ചും ജപമാലയെക്കുറിച്ചും ലോകത്തോട് സാക്ഷ്യപ്പെടുത്താൻ സിസ്റ്ററോട് പറഞ്ഞു. ആപത്ശങ്കയുടെ ഉച്ചകോടിയിൽ ജീവനറ്റുപോകുമെന്ന നിലവിളിക്കുപകരം പ്രാർത്ഥനയുടെ ശാന്തത നിറച്ചത് ഈ കുരിശും കൊന്തയുമാണെന്ന സത്യം സിസ്റ്റർ എല്ലാവരോടും പറഞ്ഞു.

പരിശുദ്ധ അമ്മയോട് സിസ്റ്റർ പുഷ്പയ്ക്ക് ആഴത്തിലുള്ള ഭക്തി ബാല്യം മുതലേയുണ്ട്. മഠത്തിൽനിന്ന് ഓരോ ആവശ്യത്തിനുമിറങ്ങുമ്പോഴും 'ആത്മാവിലും ശരീരത്തിലും കളങ്കമേശാതെ തിരിച്ചുവരാൻ ഇടയാക്കണമേ' എന്ന പ്രാർത്ഥന മുടക്കമില്ലാതെ ഉരുവിടുന്ന സിസ്റ്റർ, ആ പ്രാർത്ഥനയുടെ സാഫല്യത്തിനായി മാതാവിന്റെ മാധ്യസ്ഥം നിത്യവും തേടുമായിരുന്നു. ജപമാല ചൊല്ലിയും എത്രയും ദയയുള്ള മാതാവേ പലവുരു ആവർത്തിച്ചും അമ്മയോടുള്ള ആശ്രയഭാവം സിസ്റ്റർ ഉറപ്പിക്കുമായിരുന്നു.

'വികൃതി കാണിക്കുന്ന കുട്ടിയെപോലെയാണെങ്കിലും, ഈശോയെ എന്നെ നിത്യനരകത്തിൽ തള്ളരുതേ' എന്ന പ്രാർത്ഥനയുടെ ഉണർവിനോടാണ് സിസ്റ്റർ ജീവിതം ചേർത്തുവയ്ക്കുന്നത്. ''പ്രതിസന്ധികളെ നാം നമ്മുടെ ഹിതപ്രകാരമല്ല നേരിടേണ്ടത്. പ്രതിസന്ധികളിൽ ദൈവസ്വരം കേൾക്കാനുള്ള തുറവിയാണ് വേണ്ടത്. ഇടത്തോട്ടു തിരിയുക എന്ന ദൈവസ്വരത്തിന് കാതു കൊടുത്തതാണ് തന്റെ വീണ്ടെടുപ്പിന് കാരണമായതെന്ന് സിസ്റ്റർ പറയുന്നത് അനുഭവത്തിന്റെ ഉറപ്പിലാണ്.'' അത്രയും അടുത്തെത്തിയ മരണത്തിനെ അകറ്റിയ ദൈവത്തിന് എന്നെക്കൊണ്ടെന്തോ പദ്ധതി അവശേഷിക്കുന്നുണ്ട് എന്നു പറഞ്ഞ് പ്രാർത്ഥനാപൂർവം വിനീതയാവുകയാണ് സിസ്റ്റർ പുഷ്പ.

കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ കന്നപ്പിള്ളിൽ മാത്യു-ഏലിക്കുട്ടി ദമ്പതികളുടെ ആറുമക്കളിൽ നാലാമത്തവളാണ് സിസ്റ്റർ പുഷ്പ. 1994 ൽ സന്യാസവസ്ത്രം സ്വീകരിച്ച സിസ്റ്ററിന്റെ രണ്ടു സഹോദരിമാർകൂടി ബഥനി സമൂഹത്തിലുണ്ട്. ജ്യേഷ്ഠത്തി സിസ്റ്റർ മേരിപ്രഭ ചെറുപുഴ സെന്റ് ജോസഫ് സ്‌കൂളിന്റെ പ്രിൻസിപ്പലാണ്. അനിയത്തി സിസ്റ്റർ ശുഭ ജർമനിയിൽ നേഴ്‌സായി സേവനം ചെയ്യുന്നു. സിസ്റ്റർ പുഷ്പ പുത്തൂർ രൂപതയിലെ വിശ്വാസ പരിശീലനത്തിന്റെ ആനിമേറ്റർ കൂടിയാണ്. ഫോൺ നമ്പർ: 0886193572
Share this article :

Post a Comment

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger