Latest Movie :
Home » , » ഓര്‍മ്മകളെ ഉണര്‍ത്തി മറവിയെ മറികടക്കാം

ഓര്‍മ്മകളെ ഉണര്‍ത്തി മറവിയെ മറികടക്കാം

{[['']]}

mangalam malayalam online newspaper



ഓര്‍മ്മകളെ ഉണര്‍ത്തി മറവിയെ മറികടക്കാം

ഓര്‍മ്മകളെ പിടിച്ചുകെട്ടാന്‍ മാര്‍ഗങ്ങള്‍ നിരവധിയാണ്‌. ചില സൂത്രപ്പണികളിലൂടെ ഇതു സാധ്യമാവും. മറവിയുള്ളവര്‍ക്ക്‌ പരിശീലിക്കാവുന്ന ടെക്‌നിക്കുകളില്‍ ചിലത്‌. ഇനി മറവിയെക്കുറിച്ച്‌ മറക്കാം
മനുഷ്യരിലും മൃഗങ്ങളിലുമുള്ള, കഴിഞ്ഞകാല സംഭവവികാസങ്ങളെ തിരികെ വിളിക്കാനുള്ള കഴിവാണ്‌ ഓര്‍മ്മശക്‌തി. മനുഷ്യ മസ്‌തിഷ്‌കം വിവരങ്ങള്‍ ശേഖരിക്കാനും അവയെ തിരികെ വിളിക്കുവാനുമുള്ള അപാരമായ ശേഷിയുടെ ഉറവിടമാണ്‌. എന്നാല്‍ നിരന്തരമായി ഉപയോഗിച്ചില്ലെങ്കില്‍ ചിലപ്പോള്‍ നഷ്‌ടമാകുന്ന കഴിവാണ്‌ ഓര്‍മ്മശക്‌തി. ഉപയോഗരാഹിത്യ സിദ്ധാന്ത പ്രകാരം ശരാശരി ഒരു മനുഷ്യന്റെ തലച്ചോറിലെ ഒരു ലക്ഷത്തോളം സെല്ലുകള്‍ ദിവസവും നഷ്‌ടപ്പെടുന്നു. ഒരു വ്യക്‌തി അയാളുടെ തലച്ചോറിന്റെ കഴിവുകളെ എത്രകണ്ട്‌ ഉപയോഗിക്കുന്നുവോ അത്രകണ്ട്‌ ഓര്‍മ്മശക്‌തി വര്‍ധിക്കുന്നു.
ശാരീരിക വ്യായാമം ശരീരത്തെയും മനസിനെയും ഉത്തേജിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതുപോലെ മാനസിക വ്യായാമങ്ങള്‍ തലച്ചോറിനെ ഉത്തേജിപ്പിക്കുകയും പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കുകയും ചെയ്യുന്നു.
ഓരോതരത്തിലുള്ള ഓര്‍മ്മശക്‌തിയുടെ അളവിനെക്കുറിച്ച്‌ വ്യത്യസ്‌ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു. എങ്കിലും കുറഞ്ഞ ഓര്‍മ്മശക്‌തി, കൂടിയ ഓര്‍മ്മശക്‌തി എന്നീ വര്‍ഗീകരണങ്ങള്‍ ശരിയല്ല. ഓര്‍മ്മശക്‌തിയെ പരിശീലനം സിദ്ധിച്ചതും പരിശീലനം സിദ്ധിക്കാത്തതും എന്ന്‌ രണ്ടായി തരംതിരിക്കാം.
കോടാനുകോടി നാഡീകോശങ്ങളെക്കൊണ്ട്‌ നിര്‍മ്മിതമായ തലച്ചോര്‍ പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന അറിവുകളെ ഏകോപിപ്പിക്കുന്നു. ഇത്‌ സാധ്യമാകുന്നത്‌ ന്യൂറോട്രാന്‍സ്‌മിറ്റുകള്‍ എന്ന രാസഘടകങ്ങളിലൂടെയാണ്‌. ഒരുകാര്യം പുതുതായി അറിയുമ്പോള്‍ ന്യൂറോണുകള്‍ക്കിടയില്‍ വിവരങ്ങളുടെ സഞ്ചാരത്തിനായി പുതിയ വഴികള്‍ തുറക്കപ്പെടുകയും നാം അറിഞ്ഞ കാര്യം ആവര്‍ത്തിക്കുമ്പോള്‍ സൃഷ്‌ടിക്കപ്പെട്ട പാതകള്‍ ബലപ്പെടുകയും അത്‌ ദീര്‍ഘകാല ഓര്‍മ്മയായി നിലനില്‍ക്കുകയും ചെയ്യുന്നു.
ഓര്‍മ്മശക്‌തിയുടെ ഇരിപ്പിടമായ തലച്ചോറിനെ വലത്‌ അര്‍ധഗോളമെന്നും ഇടത്‌ അര്‍ധഗോളമെന്നും രണ്ടായി തരംതിരിക്കാം. വലത്‌ അര്‍ധഗോളം ഉപബോധതലത്തിലുള്ള ഓര്‍മ്മകളുമായി ബന്ധപ്പെട്ടിരിക്കുന്നു എങ്കില്‍ ഇടത്‌ അര്‍ധഗോളം ബോധതലത്തിലുള്ള ഓര്‍മ്മകളുമായി ബന്ധപ്പെട്ടിരിക്കുന്നു. വലത്‌ അര്‍ധഗോളം സര്‍വവൈഭവങ്ങളുടെ നിയന്ത്രണ ബിന്ദുവാണെങ്കില്‍ ഇടത്‌ അര്‍ധഗോളം യുക്‌തിപരതയുടേതാണ്‌.
ശരിയായ ജീവിതവിജയത്തിന്‌ ഈ രണ്ട്‌ അര്‍ധഗോളങ്ങളുടെയും സന്തുലിതാവസ്‌ഥ അനിവാര്യമാണ്‌.
ഓരോ വ്യക്‌തിയുടെയും തലച്ചോറിന്റെ ഏതുഭാഗത്തിനാണ്‌ പ്രാമുഖ്യമെന്ന്‌ പട്ടികയില്‍ കൊടുത്തിരിക്കുന്ന പ്രസ്‌താവനകള്‍ വായിച്ച്‌ മനസിലാക്കാം. പ്രസ്‌താവനകളോട്‌ പ്രതികരിക്കുമ്പോള്‍ യോജിക്കുന്നു, വിയോജിക്കുന്നു, രണ്ടും എന്നിങ്ങനെ രേഖപ്പെടുത്താം.

തലച്ചോറിനെ ഉത്തേജിപ്പിക്കാം

ചുവടെ ചേര്‍ത്തിരിക്കുന്ന പരിശീലന പരിപാടികള്‍ അവലംബിച്ചു കൊണ്ട്‌ തലച്ചോറിന്റെ പ്രബലമാകാത്ത ഭാഗത്തെ ഉത്തേജിപ്പിക്കാം. ഇത്‌ ഓര്‍മ്മശക്‌തിയെ വര്‍ധിപ്പിക്കും.
1. രാവിലെ ഉറക്കമുണര്‍ന്ന്‌ കിടക്കയില്‍ കിടന്നുകൊണ്ട്‌ അന്നേദിവസം നടക്കേണ്ട കാര്യങ്ങള്‍ മനസില്‍ കാണുക.
2. എണ്ണല്‍ സംഖ്യ 100,99,98... എന്ന ക്രമത്തില്‍ പുറകോട്ട്‌ വേഗത്തില്‍ എണ്ണുക
3. പ്രബലമല്ലാത്ത കൈ ഉപയോഗിച്ച്‌ പല്ല്‌ തേയ്‌ക്കുക. സോപ്പുതേയ്‌ക്കുക, എഴുതുക എന്നിവ പരിശീലിക്കുക
4. രണ്ടു കയ്യും വീശി 10 മിനിട്ടു നേരം നടക്കുക
5. കിടക്കുന്നതിനു മുമ്പ്‌ അന്നേ ദിവസം നടന്ന ഓരോ കാര്യങ്ങളും ക്രമമായി ഓര്‍ക്കുക
6. സംഖ്യകള്‍ എഴുതി വളരെവേഗം കൂട്ടുകയും കുറയ്‌ക്കുകയും ഹരിക്കുകയും ചെയ്യുക. ഇത്‌ ചെയ്യുമ്പോള്‍ ബുദ്ധിമുട്ടുള്ള പ്രശ്‌നങ്ങള്‍ പരിഗണിക്കണം.

മറവിയുടെ തരം തിരിവ്‌

കുട്ടികളും മുതിര്‍ന്നവരും സാധാരണയായി പരാതിപ്പെടുന്നത്‌ വായിക്കുന്നതും കേള്‍ക്കുന്നതും കാണുന്നതുമായ കാര്യങ്ങള്‍ മറക്കുന്നു എന്നതാണ്‌. ഇത്‌ മനുഷ്യ മസ്‌തിഷ്‌ക്കത്തിന്റെ സവിശേഷ ഗുണമാണ്‌. മറവി ഒരനുഗ്രഹമാണ്‌ എന്ന്‌ നാം കേട്ടിട്ടുണ്ട്‌. ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഓര്‍ത്തിരുന്നാല്‍ ജീവിതം തന്നെ താറുമാറാകും. ഇത്‌ വിശദീകരിക്കുന്നത്‌ മറവിയുടെ സിദ്ധാന്തമാണ്‌. പഠിച്ച, കേട്ട, കണ്ട ഒരു കാര്യം ആവര്‍ത്തിക്കാതിരുന്നാല്‍ ഒരു ദിവസം കൊണ്ട്‌ 50 ശതമാനവും ഒരാഴ്‌ചകൊണ്ട്‌ 73 ശതമാനവും ഇരുപത്‌ ദിവസംകൊണ്ട്‌ 85 ശതമാനത്തിലധികവും ഒരു വ്യക്‌തി മറക്കുന്നു. അതിനാലാണ്‌ അന്നന്ന്‌ പഠിപ്പിക്കുന്നവ അന്നന്ന്‌ പഠിക്കണമെന്ന്‌ അധ്യാപകര്‍ വിദ്യാര്‍ഥികളോട്‌ ആവശ്യപ്പെടുന്നത്‌.
ഇവിടെ നാം അറിഞ്ഞിരിക്കേണ്ട കാര്യം ഓര്‍മ്മശക്‌തിയുടെ വ്യത്യസ്‌ത തലങ്ങളെക്കുറിച്ചാണ്‌. അവയെ ഇന്ദ്രിയാനുബന്ധ ഓര്‍മ്മശക്‌തി, ഹ്രസ്വകാല ഓര്‍മ്മശക്‌തി, ദീര്‍ഘകാല ഓര്‍മ്മശക്‌തി എന്നിങ്ങനെ തരം തിരിക്കാം.

1. ഇന്ദ്രിയാനുബന്ധമായ ഓര്‍മ്മശക്‌തി

നിങ്ങള്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുവാന്‍ എത്തുന്നു. കടയില്‍ നിന്നുമിറങ്ങുേമ്പാള്‍ അവിടെ കണ്ടവയൊക്കെ മറക്കുന്നു. പഞ്ചേന്ദ്രിയങ്ങളില്‍ തങ്ങി നിന്ന ഈ ഓര്‍മ്മ നിങ്ങളുടെ തലച്ചോറില്‍ ശേഖരിക്കപ്പെട്ടില്ല. ഇതേ കാരണത്താലാണ്‌ പരീക്ഷ എഴുതുവാന്‍ പോകുന്ന കുട്ടിക്ക്‌ കുറഞ്ഞ മാര്‍ക്ക്‌ ലഭിക്കുന്നത്‌.

2. ഹ്രസ്വകാല ഓര്‍മ്മശക്‌തി

ഇന്ദ്രിയാനുബന്ധ ഓര്‍മ്മശക്‌തിയേക്കാളും കുറച്ചുകൂടി സമയം ഇത്‌ ദീര്‍ഘിപ്പിക്കുന്നു. ഇത്തരം ഓര്‍മ്മ തലച്ചോറിന്റെ പ്രീ ഫ്രോണ്ടല്‍ കോര്‍ട്ടെക്‌സിലാണ്‌ തങ്ങുക. നമുക്ക്‌ അത്യാവശ്യമായ ഒരു നമ്പര്‍ കേള്‍ക്കുകയും അത്‌ ഒരു ദിവസത്തേക്ക്‌ ഓര്‍മ്മയില്‍ നില്‍ക്കുകയും മറന്നുപോവുകയും ചെയ്യുന്നത്‌ ഇതിന്‌ ഉദാഹരണമാണ്‌.

3. ദീര്‍ഘകാല ഓര്‍മ്മശക്‌തി

ഇന്ദ്രിയാനുബന്ധ ഓര്‍മ്മശക്‌തിയില്‍ നിന്ന്‌ ഹ്രസ്വകാല ഓര്‍മ്മശക്‌തിയിലേക്കും അവിടെ നിന്ന്‌ ദീര്‍ഘകാല ഓര്‍മ്മശക്‌തിയിലേക്കും വിവരങ്ങളെ എത്തിക്കുവാനുള്ള പരിശീലനങ്ങളുടെ ആകെ തുകയാണ്‌ ദീര്‍ഘകാല ഓര്‍മ്മക്‌തി.
വ്യത്യസ്‌ത പരിശീലന മാര്‍ഗങ്ങളിലൂടെ ഇത്‌ സാധ്യമാക്കാം.
1. ഡിജിറ്റ്‌ സ്‌പാന്‍ ടെസ്‌റ്റ്
A 4 2 3 1
B 5 4 7 8 2
C 6 5 4 2 3 6
D 2 8 3 2 5 1 7
E 1 4 6 3 7 9 2 5
F ..............................
G .....................................
Z ..........................................
മുകളില്‍ സൂചിപ്പിച്ച വിധം സംഖ്യകള്‍ ക്ക ടു ള്‍ എന്ന ക്രമത്തില്‍ ക്രമീകരിക്കുക. തുടര്‍ന്ന്‌ ഓരോ നിരയും വായിച്ച്‌ ഓര്‍മ്മയില്‍നിന്നും തെറ്റാതെ എഴുതുക.
2. നിരീക്ഷണ പരിശീലനം
സാധാരണ പരിചയമുള്ള ഒരു റൂമില്‍ കയറി അവിടെയുള്ള വസ്‌തുവകകള്‍ ഒരു മിനിറ്റുകൊണ്ട്‌ നിരീക്ഷിക്കുക. അവ ഒരു പേപ്പറില്‍ എഴുതുക. വീണ്ടും ആ റൂം പരിശോധിച്ച്‌ എത്ര വസ്‌തുക്കള്‍ എഴുതി എന്ന്‌ തിട്ടപ്പെടുത്തുക. ഈ പരിശീലനം പരിചയമില്ലാത്ത റൂമിലും ചെയ്യുക.
മുകളില്‍ സൂചിപ്പിച്ചവ ഇത്തരം പരിശീലന രീതികളില്‍ ഏതാനും ചിലത്‌ മാത്രം.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഓര്‍മ്മശക്‌തിയുടെ അപാരതയിലേക്ക്‌ നടന്നു നീങ്ങുവാന്‍ ആവശ്യമായ അഞ്ച്‌ കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1. വിശ്വാസം

വിശ്വാസം എന്നത്‌ എനിക്ക്‌ കഴിയുമെന്നുള്ള ചിന്തയാണ്‌. ഈ ചിന്ത തലച്ചോറിന്‌ ഔഷധവും ഉത്തേജനവുമാണ്‌.

2. താല്‍പര്യം

ചെയ്യുന്ന പ്രവര്‍ത്തിയോട്‌ അതുമായി ബന്ധപ്പെട്ട എല്ലാത്തിനോടുമുള്ള താല്‍പര്യമാണ്‌.

3. നിരന്തര പരിശീലനം

നിരന്തര പരിശീലനം മനഷ്യനെ പൂര്‍ണനാക്കുന്നു. ഇത്‌ തലച്ചോറിനെ ബലപ്പെടുത്തുകയും ഓര്‍മ്മ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

4. ഉത്തരവാദിത്വബോധം

ചെയ്യുന്ന കാര്യം ഉത്തരവാദിത്വബോധത്തോടുകൂടി ചെയ്യുന്നത്‌ ഓര്‍മ്മശക്‌തി വര്‍ധിപ്പിക്കുന്നു

5. ലക്ഷ്യബോധം

ലക്ഷ്യബോധമുള്ളവരില്‍ ഉയര്‍ന്ന ഓര്‍മ്മശക്‌തി പ്രകടമായിരിക്കും.
പ്രായം വര്‍ധിക്കുന്തോറും മറവി സംഭവിക്കുന്നു എന്നത്‌ ഉപയോഗരാഹിത്യം മൂലവും താഴെ കൊടുത്തിരിക്കുന്ന മറ്റ്‌ ചില കാരണങ്ങളാലുമാണ്‌.
1. മാനസികസമ്മര്‍ദം
2. മദ്യപാനം
3. പുകവലി
4. മയക്കുമരുന്ന്‌ ഉപയോഗം
5. പോഷകാംശ കുറവ്‌
6. തലച്ചോറിലെ ക്ഷതങ്ങള്‍
7. ചില രോഗങ്ങള്‍

ഓര്‍മ്മകള്‍ക്ക്‌ ചില സൂത്രവിദ്യകള്‍

ഓര്‍മ്മശക്‌തി വര്‍ധിപ്പിക്കുവാനുള്ള ചില സൂത്രവിദ്യകള്‍ താഴെ ചേര്‍ക്കുന്നു.

1. ക്രമാനുസൃതം ഓര്‍ത്തെടുക്കല്‍

പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിച്ച കാര്യങ്ങള്‍ ക്രമമായി ഓര്‍ക്കുന്ന രീതിയാണിത്‌

2. ബന്ധപ്പെടുത്തിയുള്ള ഓര്‍മ്മിക്കല്‍

നാം ഓര്‍ക്കേണ്ട കാര്യം അതുമായി സാമ്യമുള്ളതോ വ്യത്യസ്‌തമായതോ ആയ കാര്യങ്ങളോട്‌ ബന്ധപ്പെടുത്തി ഓര്‍ത്തെടുക്കാം.

3. കഥ, കവിതം, ഗാനം എന്നീ രീതിയില്‍ കാര്യങ്ങളെ പഠിച്ച്‌ ഓര്‍മ്മിക്കല്‍

4. സൈനസ്‌തേഷ്യ ടെക്‌നിസ്‌ക്

ഒരു സംഭവം ഓര്‍ക്കണമെങ്കില്‍ അതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെ പഞ്ചേന്ദ്രിയങ്ങളിലൂടെ തലച്ചോറിലേക്ക്‌ കടത്തി വിടുന്നരീതിയാണിത്‌. ഉദാഹരണമായി ഒരാളുടെ പേര്‌ ഓര്‍മ്മയില്‍ സൂക്ഷിക്കണമെങ്കില്‍ ആ വ്യക്‌തിയെ കണ്ടുമുട്ടിയ സാഹചര്യം, സ്‌ഥലം, ദൃശ്യാനുഭവങ്ങള്‍, മണം, ആ സമയത്ത്‌ കഴിച്ച ഭക്ഷണത്തിന്റെ രുചി, ഹസ്‌തദാനം കൊടുത്തതിന്റെ ഓര്‍മ്മ എല്ലാം ഓര്‍മ്മയില്‍ കരുതി വയ്‌ക്കുക.

5. മനസിലെ ആവര്‍ത്തനം

ഓര്‍മ്മിക്കേണ്ട കാര്യം കണ്ണുകള്‍ അടച്ച്‌ പലവട്ടം ഓര്‍മ്മിക്കുക

6. പെഗ്‌ സിസ്‌റ്റം

ഇത്‌ ലിസ്‌റ്റുകള്‍ ഓര്‍ത്തിരിക്കുവാനുള്ള രീതിയാണ്‌. ഒന്നുമുതലുള്ള എണ്ണ സംഖ്യകളും അവയ്‌ക്ക് സമാന്തരമായ വസ്‌തുക്കളും കോഡായി മനസില്‍ ഉറപ്പിക്കുക. ഉദാഹ രണമായി
1. ടെലിവിഷന്‍
2. പുസ്‌തകം
3. കസേര
എന്നിങ്ങനെ. പിന്നീട്‌ ക്രമമായി പേരുകള്‍ ഓര്‍മ്മിക്കണമെങ്കില്‍ ആദ്യത്തെ പേര്‌ ടെലിവിഷനുമായി ബന്ധപ്പെടുത്തി ഓര്‍ക്കുക. ഈ പരിശീലനം തുടരുക.

7. മൈന്‍ഡ്‌ മാപ്പിംഗ്‌

എന്താണോ നിങ്ങള്‍ക്ക്‌ ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ടത്‌, ആയതിന്റെ പ്രധാന തീം, ഡയഗ്രമായോ ചിത്രമായോ ഒരു പേപ്പറിന്റെ മധ്യഭാഗത്ത്‌ വരയ്‌ക്കുക. ഈ കേന്ദ്ര ഭാഗത്ത്‌ നിന്നും മറ്റ്‌ വരകളും ചിത്രങ്ങളും ഉപയോഗിച്ച്‌ എല്ലാ വശങ്ങളിലേക്കും ആശയങ്ങള്‍ വ്യാപിപ്പിക്കുക. ഈ വിഷ്വലുകളെ മനസില്‍ ഉറപ്പിക്കുക.

8. അക്രോസ്‌റ്റിക്‌

പാരഗ്രാഫുകളുടെയോ, വാക്യങ്ങളുടെയോ തലക്കെട്ടുകളുടെയോ ആദ്യാക്ഷരങ്ങള്‍ മാത്രം എഴുതി ഓരോ അക്ഷരം കൊണ്ടും ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ കഴിയുന്ന വാക്കുകള്‍ ഉണ്ടാക്കുന്ന രീതിയാണിത്‌.

9. അക്രോണിം

മേല്‍ സൂചിപ്പിച്ചതുപോലെ ആദ്യാക്ഷരങ്ങള്‍ എടുത്തെഴുതി അവയെ ഓഡര്‍മാറ്റി ഒരു വാക്കായോ പേരായോ അല്ലെങ്കില്‍ ഓര്‍ത്തിരിക്കുന്ന ഒരു ശബ്‌ദമായോ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന രീതിയാണിത്‌.

10. ബോഡി മാപ്പിംഗ്‌

ഒരു വ്യക്‌തിയുടെ ചിത്രം കാര്‍ട്ടൂണ്‍ രീതിയില്‍ വരച്ച്‌ അവയവങ്ങളില്‍ നിങ്ങള്‍ക്ക്‌ ഓര്‍മ്മയില്‍ വയ്‌ക്കേണ്ടവ എഴുതുകയും ആ ചിത്രത്തെ മൊത്തമായി ഓര്‍ത്തിരിക്കുകയും ചെയ്യുക.

11. ഡിസ്‌പ്ലേ മെതേഡ്‌

ഓര്‍ത്തിരിക്കുവാന്‍ ബുദ്ധിമുട്ടുള്ള സൂത്രവാക്യങ്ങളും മറ്റും ഒരു പേപ്പറില്‍ എഴുതി എപ്പോഴും കാണുവാന്‍ കഴിയുന്നിടത്ത്‌ ഒട്ടിച്ചു വയ്‌ക്കുക.

12. ഫോട്ടോഗ്രാഫിക്‌ ടെക്‌നിക്‌

നിങ്ങള്‍ക്ക്‌ ഓര്‍ക്കേണ്ടത്‌, കാണാന്‍ കഴിയുന്ന കാര്യത്തിലേക്ക്‌ സൂക്ഷ്‌മമായി നോക്കി അത്‌ മനസില്‍ കണ്ണടച്ച്‌ ഓര്‍ക്കുന്ന രീതിയാണിത്‌.

13. പിക്‌ചറൈസേഷന്‍

പഠിക്കുന്ന സമയത്ത്‌ റഫ്‌ ബുക്കില്‍ പഠിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വരച്ച്‌ അവയെ ബന്ധപ്പെടുത്തി ഓര്‍മ്മിക്കുന്ന രീതിയാണിത്‌. മേല്‍ പറഞ്ഞ എല്ലാ രീതികളുടേയും അവസരോചിതമായ ഉപയോഗം ഒരു വ്യക്‌തിയെ ഓര്‍മ്മശക്‌തിയുടെ അത്ഭുതലോകത്തേക്ക്‌ നയിക്കും. ഇത്തരം പരിശീലനങ്ങള്‍ ഒരു എക്‌സ്പേര്‍ട്ടിന്റെ സഹായത്തോടെ പരിശീലിക്കാവുന്നതുമാണ്‌.
Share this article :

Post a Comment

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger