Latest Movie :
Home » , , » മുകേഷ്‌ എന്റെ ജീവിതം നശിപ്പിച്ചു

മുകേഷ്‌ എന്റെ ജീവിതം നശിപ്പിച്ചു

{[['']]}
മുകേഷുമായുള്ള കുടുംബജീവിതം തകരാനിടയായ സാഹചര്യങ്ങള്‍ മറയില്ലാതെ സരിത തുറന്നു പറയുന്നു
ഏതൊരു താരവിവാഹവും പോലെ ആഘോഷപൂര്‍വ്വമായിരുന്നു മുകേഷിന്റെയും സരിതയുടെയും വിവാഹം. ദീര്‍ഘകാല പ്രണയത്തിനുശേഷം 1988 -ലാണ്‌ അവര്‍ വിവാഹിതരായത്‌. ആദ്യ നാളുകള്‍ സന്തോഷത്തോടെ കടന്നു പോയി. എന്നാല്‍ അധികം വൈകാതെ അവരുടെ ജീവിതത്തിലും പ്രശ്‌നങ്ങള്‍ നിഴലിട്ടു. അതേപ്പറ്റി പല അഭ്യൂഹങ്ങളും ഉണ്ടായി. അത്‌ ശരി വയ്‌ക്കുന്നതുപോലെ 2007 ല്‍ അവര്‍ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു. മാധ്യമങ്ങളില്‍ ഇതിന്റെ പേരില്‍ പല വാര്‍ത്തകള്‍ വന്നിട്ടും സരിത ഒന്നിനെക്കുറിച്ചും പ്രതികരിച്ചില്ല. അങ്ങനെയിരിക്കെ കഴിഞ്ഞ വര്‍ഷം മുകേഷ്‌ വീണ്ടും വിവാഹിതനായി. മാധ്യമങ്ങളില്‍ നിന്ന്‌ അകന്നു നിന്ന സരിത അപ്പോള്‍ മാത്രം പ്രതികരിച്ചു. ''ഞങ്ങള്‍ നിയമപരമായി വേര്‍പിരിഞ്ഞില്ല'' എന്നായിരുന്നു അതിന്റെ ചുരുക്കം. അതില്‍ കൂടുതലൊന്നും വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല.
''മക്കള്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ്‌ താന്‍ വീണ്ടും വിവാഹിതനായതെന്ന്‌ '' മുകേഷും ഒരഭിമുഖത്തില്‍ പറഞ്ഞു.എന്താണ്‌ ഇതിലെ വാസ്‌തവം. ഇത്രയും കാലം താന്‍ മൗനം പാലിച്ചതിനെക്കുറിച്ചും ഇതുവരെ താനനുഭവിച്ചിരുന്ന ദുഃഖങ്ങളും സരിത തുറന്നു പറയുന്നു. ഒപ്പം മകന്‍ ശ്രാവണും. കുട്ടികളുടെ പഠനകാര്യങ്ങള്‍ക്കായി മൂന്നു വര്‍ഷമായി സരിത ദുബായിലാണ്‌. ഇടയ്‌ക്ക് സിനിമാ ഷൂട്ടിംഗിനായി നാട്ടില്‍ എത്തും. ഇരുപത്തിയഞ്ചു വര്‍ഷത്തെ ജീവിതം തനിക്കു നല്‍കിയതും പറയാതെ ബാക്കി വച്ചതുമായ ജീവിതത്തിലൂടെ സരിത.

പ്രണയം, വിവാഹം, ഒടുവില്‍ വിവാഹമോചനവും. ജീവിതത്തില്‍ എവിടെയാണ്‌ പ്രശ്‌നങ്ങള്‍ തുടങ്ങിയത്‌?

നിയമപരമായി ഞങ്ങള്‍ വേര്‍പിരിഞ്ഞിട്ടില്ല. കേസ്‌ എറണാകുളത്ത്‌ കുടുംബക്കോടതിയില്‍ നടക്കുന്നതേയുള്ളൂ. അതുകൊണ്ടു തന്നെ പല കാര്യങ്ങളും എനിക്ക്‌ തുറന്നു പറയാനാവില്ല. എന്നാല്‍ ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളിലേക്ക്‌ മക്കളെ കൂടി വലിച്ചിഴയ്‌ക്കുന്നു. അവര്‍ക്കു വേണ്ടി സംസാരിക്കാന്‍ ഞാനല്ലാതെ ആരുമില്ല. അതുകൊണ്ടാണ്‌ ഇത്രയും വര്‍ഷം ഇതിനെക്കുറിച്ചൊന്നും മിണ്ടാതിരുന്ന ഞാന്‍ ഇപ്പോള്‍ പറയാന്‍ നിര്‍ബന്ധിതയാകുന്നത്‌. തുടക്കം മുതല്‍ തന്നെ പല പ്രശ്‌നങ്ങളും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്‌. വിവാഹശേഷം രണ്ടു മാസം കഴിഞ്ഞപ്പോള്‍ എന്റെ അച്‌ഛന്‍ മരിച്ചു പോയി. ചോദിക്കാനും പറയാനും ആരുമില്ലാത്ത എന്നോട്‌ എന്തുമാകാം എന്നായി പിന്നീടുള്ള അവസ്‌ഥ. ഏതൊരു പെണ്ണിനെ പോലെയും നല്ലൊരു കുടുംബജീവിതം സ്വപ്‌നം കണ്ട്‌ വിവാഹിതയായതാണ്‌ ഞാനും. ഏതൊരു പെണ്‍കുട്ടിയും കതിര്‍ മണ്ഡപത്തില്‍ എത്തുന്നത്‌ ഇനിയുള്ള ജീവിതം ഭര്‍ത്താവിന്റെ സംരക്ഷണയിലാണല്ലോ എന്ന പ്രതീക്ഷയിലാണ്‌. എന്തിനും കൂട്ടിനൊരാള്‍. നിര്‍ഭാഗ്യമെന്ന്‌ പറയട്ടേ തുടക്കം മുതല്‍ അങ്ങനെയൊരു കരുതലനുഭവിക്കാന്‍ എനിക്ക്‌ കഴിഞ്ഞിട്ടില്ല. നായികയായി തിളങ്ങി നിന്ന സമയത്തായിരുന്നു വിവാഹം. അദ്ദേഹം തുടക്കക്കാരനും. അദ്ദേഹത്തിന്റെ വരുമാനത്തില്‍ ഒതുങ്ങി ജീവിക്കാന്‍ ഞാന്‍ മനസ്സാ തയ്യാറായിരുന്നു. ഒരു പരാതിയും പരിഭവവും കാണിച്ചിട്ടില്ല. വിവാഹ ശേഷം എനിക്ക്‌ സംസ്‌ഥാന അവാര്‍ഡ്‌, ഫിലിം ഫെയര്‍ അവാര്‍ഡ്‌ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഏതൊരു പെണ്‍കുട്ടിയെയും പോലെ ആ സമയത്ത്‌ ഭര്‍ത്താവ്‌ കൂടെ വേണമെന്നാഗ്രഹിച്ചു. കൂടെ വരാനായി വിളിച്ചപ്പോള്‍ പറഞ്ഞത്‌
'' എനിക്കല്ലല്ലോ നിനക്കല്ലേ അവാര്‍ഡ്‌ കിട്ടിയത്‌'' എന്നായിരുന്നു. നിയമപരമായി ഞങ്ങള്‍ ഇതുവരെ വേര്‍പിരിഞ്ഞിട്ടില്ല. ഇരുപത്തിയഞ്ചു വര്‍ഷം നീണ്ടു നിന്ന ദാമ്പത്യ ജീവിതം മാന്യമായി പര്യവസാനിപ്പിച്ചിട്ട്‌ മതിയായിരുന്നു പുതിയ ജീവിതം. അതിലേക്ക്‌ എന്റെ മക്കളെ വലിച്ചിഴച്ചപ്പോള്‍ എനിക്ക്‌ സഹിക്കാനായില്ല.

നടിയായിരുന്ന സരിതയ്‌ക്ക് ഒരു സാധാരണ കുടുംബിനിയായി ഒതുങ്ങിക്കൂടാന്‍ പ്രയാസം തോന്നിയില്ലേ?

കുടുംബ ജീവിതത്തിനു വേണ്ടി കരിയര്‍ ഉപേക്ഷിച്ചവളാണ്‌ ഞാന്‍. സാധാരണമായ, ലളിതമായ ജീവിതം സ്വപ്‌നം കണ്ടയാളാണ്‌. ഇഷ്‌ടഭക്ഷണം ഉണ്ടാക്കികൊടുത്തും വസ്‌ത്രങ്ങള്‍ കഴുകികൊടുത്തും ഭര്‍ത്താവിനുവേണ്ടുന്ന എല്ലാ കാര്യങ്ങളും ഞാന്‍ ചെയതിരുന്നു. സിനിമാതാരമെന്ന ചിന്തയോ അത്തരത്തില്‍ ഇടപഴകുകയോ ഞാന്‍ ചെയ്‌തിരുന്നില്ല. അവിടെയെത്തിയപ്പോള്‍ ഞാനാഗ്രഹിച്ചത്‌ സ്‌നേഹമാണ്‌, ഒരാശ്രയമാണ്‌. പക്ഷേ ഞാന്‍ കൊതിച്ച ജീവിതം എനിക്ക്‌ ലഭിച്ചില്ല. ഭാഷയറിയാത്ത നാട്ടില്‍ വന്നു ജീവിച്ചതും സ്‌നേഹത്തിന്റെ പേരില്‍ മാത്രമാണ്‌. കുട്ടികളായി കഴിയുമ്പോള്‍ മാറുമെന്നു കരുതി. പക്ഷേ രണ്ടു കുട്ടികളായിട്ടും ഒരു മാറ്റവും ഉണ്ടായില്ല. എന്നും ഞങ്ങള്‍ തമ്മില്‍ വഴക്കുകള്‍ പതിവായി. ഒരു ദിവസം വഴക്കുണ്ടായപ്പോള്‍ എന്നെ പിടിച്ചു തള്ളി. ഞാന്‍ കട്ടിലില്‍ വയറിടിച്ചു വീണു. വേദനയെടുത്ത്‌ കരഞ്ഞപ്പോള്‍
'' നീ നല്ല ആര്‍ട്ടിസ്‌റ്റല്ലേ. ഇതിലും നന്നായി അഭിനയിക്കും.'' എന്നു പറഞ്ഞു.

വീട്ടുകാര്‍ പ്രശ്‌നങ്ങളില്‍ ഇടപെടാറില്ലായിരുന്നോ?

ആദ്യമൊക്കെ ഞങ്ങളുടെ പ്രശ്‌നങ്ങള്‍ മറ്റുള്ളവരോട്‌ പറയുന്നത്‌ നാണക്കേടായി എനിക്ക്‌ തോന്നിയിരുന്നു. പേടിച്ച്‌ പേടിച്ചു നില്‍ക്കുന്ന സ്വഭാവമായിരുന്നു എന്റേത്‌. അദ്ദേഹത്തിന്റെ വീട്ടുകാരല്ലാതെ ഇതൊക്കെ പറയാന്‍ വേറെയാരും എനിക്കില്ല. അദ്ദേഹത്തിന്റെ പെങ്ങന്മാരോടും കുഞ്ഞമ്മയോടും എല്ലാം പറയുമായിരുന്നു. അവര്‍ അത്‌ ഒരു ചെവിയില്‍ കൂടി കേട്ട്‌ മറു ചെവിയിലൂടെ കളയും. എനിക്കു വേണ്ടി വാദിക്കാന്‍ ആ വീട്ടില്‍ അച്‌ഛന്‍(ഒ. മാധവന്‍) മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്‌ഛന്‍ അദ്ദേഹത്തെ വഴക്കു പറയുമായിരുന്നു. എന്റെ സ്വന്തം അച്‌ഛനെപ്പോലെയായിരുന്നു.
അച്‌ഛന്‍ നാടകങ്ങള്‍ക്ക്‌ വേണ്ടി തിരിതെളിക്കാന്‍ എപ്പോഴും എന്നെ വിളിക്കുമായിരുന്നു. എന്തു കാര്യവും അച്‌ഛന്റെയടുത്ത്‌ തുറന്നു പറയാം.
 പതിനാലാം വയസ്സില്‍ സിനിമയില്‍ എത്തിയ എനിക്ക്‌ പുറം ലോകമായി മറ്റു ബന്ധങ്ങളൊന്നും ഇല്ലായിരുന്നു. സിനിമയില്‍ ഇത്തരം കുടുംബ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച സമയത്ത്‌ സംവിധായകരുടെ അടുത്ത്‌ ഞാന്‍ ചോദിക്കും യഥാര്‍ത്ഥ ജീവിതത്തില്‍ ഇങ്ങനെ സംഭവിക്കുമോയെന്ന്‌. അതിനേക്കാള്‍ വലിയ പ്രശ്‌നങ്ങളാണ്‌ ജീവിതത്തില്‍ പിന്നീട്‌ അഭിമുഖീകരിച്ചത്‌.

വിവാഹശേഷം അഭിനയത്തില്‍ നിന്നു പെട്ടെന്ന്‌ അപ്രത്യക്ഷയായി. ആ തീരുമാനം തെറ്റായി എന്നു തോന്നുന്നുണ്ടോ?

എല്ലാത്തിനും ഉപരിയായി സ്‌നേഹത്തിനും കുടുംബജീവിതത്തിലും പ്രാധാന്യം നല്‍കിയിരുന്നു. വിവാഹത്തിനു ശേഷം പല നല്ല കഥാപാത്രങ്ങളും വന്നപ്പോള്‍ അദ്ദേഹം സംവിധായകരെ വിളിച്ചിട്ട്‌ പറയും
'' ആ വേഷം സരിത ചെയ്യുന്നില്ല.''
പല നല്ല കഥാപാത്രങ്ങളും എനിക്ക്‌ നഷ്‌ടമായിട്ടുണ്ട്‌. എല്ലാ സങ്കടങ്ങളും ഞാന്‍ ഉള്ളിലൊതുക്കി. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ജോലി ചെയ്യാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നു തോന്നിതുടങ്ങി. പതുക്കെ ഡബ്ബിംഗിലേക്ക്‌ തിരിഞ്ഞു. ഈ സമയത്തൊക്കെ എനിക്ക്‌ കൈത്താങ്ങായത്‌ ഡബ്ബിംഗാണെന്ന്‌ പറയാം. സിനിമയായിരുന്നു എനിക്കെല്ലാം. ഞാന്‍ ആഗ്രഹിച്ച ജീവിതം കിട്ടിയിരുന്നെങ്കില്‍ പെട്ടെന്ന്‌ എല്ലാം ഇട്ടെറിഞ്ഞു പോന്നതില്‍ വിഷമം ഉണ്ടാകില്ലായിരുന്നു. പിന്നീട്‌ എന്നെ തേടിയെത്തിയതെല്ലാം ചില ക്യാരക്‌ടര്‍ റോളുകളാണ്‌.

മാധ്യമങ്ങള്‍ പല തവണ സമീപിച്ചിട്ടും എന്തുകൊണ്ടാണ്‌ മൗനം പാലിച്ചത്‌? പേടിച്ചിട്ടാണോ?

അച്‌ഛന്‌ (ഒ. മാധവന്‍) ഞാന്‍ കൊടുത്ത വാക്കാണ്‌ മാധ്യമങ്ങളില്‍ നിന്ന്‌ അകന്നു നില്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ച മറ്റൊരു ഘടകം. പ്രശ്‌നങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ തുടങ്ങിയപ്പോള്‍ അച്‌ഛന്‍ ഒരിക്കല്‍ എന്നോടു പറഞ്ഞു '' മോളെ എന്റെ മകന്‍ ചീത്തയാണെന്ന്‌ എനിക്കറിയാം. പക്ഷേ നീ എല്ലാം ക്ഷമിക്കുകയും സഹിക്കുകയും വേണം. മറ്റുള്ളവരോട്‌ പ്രത്യേകിച്ച്‌ മീഡിയയില്‍ നീ ഇതൊന്നും തുറന്നു പറയരുത്‌.'' അച്‌ഛന്റെ മരണം വരെ ഞാന്‍ ആ വാക്കു പാലിച്ചു. ഇപ്പോഴും മൗനം തുടരുമായിരുന്നു. ഇരുപത്തിയഞ്ചു വര്‍ഷത്തെ ഈ ബന്ധം മാന്യമായി അവസാനിപ്പിച്ചിരുന്നെങ്കില്‍. എന്റെ മക്കളെ കൂടി ഇതിലേക്ക്‌ വലിച്ചിഴച്ചപ്പോള്‍ പ്രതികരിക്കാതിരുന്നാല്‍ വിഢിത്തമാണെന്ന്‌ തോന്നി. നുണകള്‍ കൊണ്ട്‌ ഒരാള്‍ ചീട്ടുകൊട്ടാരം മെനയുമ്പോള്‍ ഞാന്‍ മൗനം പാലിച്ചാല്‍ അതെല്ലാം സത്യമാണെന്ന്‌ സമ്മതിച്ചു കൊടുക്കുന്നതിന്‌ തുല്ല്യമല്ലേ?
മിണ്ടാതിരിക്കരുത്‌ എന്നാണ്‌ ജീവിതം എന്നെ പഠിപ്പിച്ച പാഠം. അതാതു സമയത്തു മാധ്യമങ്ങളിലൂടെയോ നിയമപരമായോ ഞാന്‍ പ്രതികരിക്കണമായിരുന്നു. ഓരോ സമയത്തും നിങ്ങള്‍ മീഡിയ എന്നെ സമീപിച്ചതാണ്‌. ചിലര്‍ എന്റെ പുറകെ നടന്നിട്ടുണ്ട്‌. ''ചേച്ചി ചിലതൊക്കെ കേള്‍ക്കുന്നുണ്ടല്ലോ സത്യമെന്താണെന്ന്‌ തുറന്നു പറയൂ''. എന്നിട്ടും ഞാന്‍ ഒന്നും പറഞ്ഞില്ല. ''ഒന്നുമില്ല. കേട്ടതെല്ലാം നുണയാണ്‌'' എന്നാണ്‌ മീഡിയയോട്‌ പ്രതികരിച്ചത്‌. മറ്റുള്ളവരെ ധരിപ്പിക്കാന്‍ സിനിമയേക്കാള്‍ നന്നായി ജീവിതത്തില്‍ അഭിനയിക്കേണ്ടി വന്നു. മീഡിയ എനിക്ക്‌ തന്ന പിന്തുണ വേണ്ടെന്നു വച്ചു. അവരെ പിണക്കേണ്ടി വന്നു. ആ സമയത്ത്‌ ഞാനെല്ലാവരില്‍ നിന്നും ഒളിച്ചോടുകയായിരുന്നു. അച്‌ഛനു കൊടുത്ത വാക്കിനു വേണ്ടി. എന്റെ മക്കളുടെ ഭാവിക്കു വേണ്ടി.

കുട്ടികളെ വിട്ടുകിട്ടാനായി കോടതിയില്‍ നിങ്ങള്‍ തമ്മില്‍ ശക്‌തമായ വാദം നിലനിന്നിരുന്നു?

വേറെ താമസിക്കാന്‍ തുടങ്ങിയ സമയം മുതല്‍ കുട്ടികളെ വിട്ടു കിട്ടണമെന്ന്‌ പറഞ്ഞു കോടതിയെ സമീപിച്ചിരുന്നു. അന്ന്‌ കോടതി ചോദിച്ചപ്പോള്‍ കുട്ടികള്‍ പറഞ്ഞത്‌ ''മമ്മിയെ വിട്ടു വരാന്‍ ഞങ്ങള്‍ക്കു കഴിയില്ല'' എന്നാണ്‌.
രണ്ടു കുട്ടികളെയും തമ്മില്‍ വേര്‍പിരിക്കണമെന്നായി അടുത്ത ആവശ്യം. മക്കള്‍ രണ്ടു പേരും തമ്മില്‍ നല്ല അടുപ്പമാണ്‌. ഒരാള്‍ക്ക്‌ മറ്റെയാളില്ലാതെ കഴിയുക പ്രയാസമാണ്‌. അത്രയ്‌ക്ക് അടുപ്പമാണ്‌. അവരെ എങ്ങനെ പിരിക്കാനാവും. ഞാനും കുട്ടികളും ഒരുപോലെ അതിനെ എതിര്‍ത്തു. അപ്പോള്‍ ഓരോ കുട്ടിക്കും അയ്യായിരം രൂപ വീതം തരാം എന്നായി. അത്രയും പണം തന്നാല്‍ ഒരച്‌ഛന്റെ കടമ തീരുമോ? നല്ല തുക പ്രതിഫലം വാങ്ങുന്ന സമയമാണ്‌. ഇല്ലെങ്കില്‍ പ്രശ്‌നമില്ലായിരുന്നു. പിള്ളേര്‍ക്കുവേണ്ടി അവരുടെ വിദ്യാഭ്യാസത്തിനായി സഹായിക്കേണ്ടത്‌ ഒരച്‌ഛന്റെ കടമയല്ലേ. കുട്ടികള്‍ ഒന്നും ഇതുവരെ അദ്ദേഹത്തില്‍ നിന്ന്‌ ആഗ്രഹിച്ചിട്ടില്ല. വേണമെ ന്നും പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ അവര്‍ സന്തോഷിച്ചിരുന്നു. കുട്ടികളോട്‌ മാതാപിതാക്കള്‍ക്ക്‌ ചില കടമകളുണ്ട്‌. ഒരേ സമയം ഞാന്‍ അവര്‍ക്ക്‌ അച്‌ഛനും അമ്മയും ആയി മാറി. അവര്‍ക്ക്‌ ചെയ്യാനുള്ളതെല്ലാം ചെയ്‌തു. ഒരു ശതമാനം പോലും അയാള്‍ എന്നെ സഹായിച്ചിട്ടില്ല. പബ്ലികിന്റെ മുന്‍പില്‍ കാണിക്കാനായി അവരോടൊപ്പം നിന്ന്‌ ഫോട്ടോ എടുത്താലോ വരുമ്പോള്‍ ഓരോ ഗിഫ്‌റ്റ് കൊടുത്താലോ തീരുന്നതാണോ അച്‌ഛന്റെ കടമ. എന്നിട്ടും അച്‌ഛനെ സ്‌നേഹിക്കാന്‍ മാത്രമാണ്‌ കുട്ടികളെ ഞാന്‍ പഠിപ്പിച്ചത്‌.

എങ്ങനെയാണ്‌ ഒറ്റയ്‌ക്ക് കുട്ടികളെ ഇതുവരെ പഠിപ്പിച്ചതും വളര്‍ത്തിയതും?

ഇടയ്‌ക്ക് ഞാന്‍ സിനിമയില്‍ അഭിനയിക്കുമായിരുന്നു. കുട്ടികഴെ പഠിപ്പിക്കാനും ജീവിതച്ചെലവിനുമുള്ള പണം പ്രധാനമായും കണ്ടെത്തിയത്‌ ലോണെടുത്തും ആഭരങ്ങള്‍ വിറ്റിട്ടുമാണ്‌ .എല്‍. കെ. ജി മുതല്‍ എം. ബി. ബി. എസ്‌ വരെ ഒരു കുട്ടിയെ പഠിപ്പിക്കുന്നതിന്‌ എന്തു ചെലവാകുമെന്ന്‌ നിങ്ങള്‍ തന്നെ ചിന്തിക്കൂ. കണക്കു പറയുകയല്ല. അതിന്റെ ആവശ്യം ഇല്ല. ഞാന്‍ പ്രസവിച്ച മക്കളാണ്‌.
 

സിനിമയില്‍ നിന്ന്‌ നേടിയ സമ്പാദ്യങ്ങള്‍?

പലപ്പോഴായി എന്റെ ആഭരണങ്ങളും പണവുമെല്ലാം അദ്ദേഹം എടുത്തുകൊണ്ടു പോയിട്ടുണ്ട്‌. പറയാതെപോലും. എന്റെ പേരിലുള്ള പല സ്‌ഥലങ്ങളും അദ്ദേഹത്തിന്റെ കൂടെ പേരിലാക്കണമെന്ന്‌ പറഞ്ഞ്‌ നിര്‍ബന്ധിച്ചു. അങ്ങനെ ചെയ്‌തിട്ടുമുണ്ട്‌. എന്റേത്‌ അദ്ദേഹത്തിന്റേത്‌ എന്ന വേര്‍തിരിവ്‌ എനിക്കില്ലായിരുന്നു. എല്ലാം ഞങ്ങളുടെ ജീവിതത്തിന്‌ വേണ്ടിയല്ലേ എന്നായിരുന്നു എനിക്ക്‌. എപ്പോഴും പ്രോപ്പര്‍ട്ടീസ്‌ അദ്ദേഹത്തിന്റെയും കൂടി പേരിലാക്കാന്‍ നിര്‍ബന്ധിക്കും. അപ്പോഴെല്ലാം എന്തൊരു കോംപ്ലക്‌സ് ഉള്ള മനുഷ്യനെന്ന്‌ ഞാന്‍ ചിന്തിക്കുകയും ചെയ്‌തിരുന്നു. അദ്ദേഹത്തിന്‌ ഒരു ഷര്‍ട്ട്‌ വാങ്ങിക്കുമ്പോള്‍ പോലും ആയിരങ്ങള്‍ മുടക്കി ബ്രാന്‍ഡഡ്‌ ഷര്‍ട്ടാണ്‌ എടുത്തിരുന്നത്‌.
ഇരുപത്തിയഞ്ചു ലക്ഷം മുടക്കി ഞാന്‍ സിനിമ നിര്‍മിച്ചു. എല്ലാം അദ്ദേഹത്തിനു വേണ്ടി. എല്ലാത്തിനും വലുതായി ഞാന്‍ അദ്ദേഹത്തിന്റെ സ്‌നേഹത്തെ കണ്ടു. അപ്പോഴും സാമ്പത്തികമായി എന്നെ തകര്‍ക്കാനായിരുന്നു അദ്ദേഹം ശ്രമിച്ചത്‌.

മക്കള്‍ നിര്‍ബന്ധിച്ചിട്ടാണ്‌ വീണ്ടും വിവാഹിതനാകുന്നതെന്നാണ്‌ മുകേഷ്‌ പറയുന്നത്‌?

(അതിനു മറുപടി പറഞ്ഞത്‌ മുകേഷിന്റെയും സരിതയുടെയും രണ്ടു മക്കളില്‍ മൂത്തയാള്‍ ശ്രാവണാണ്‌. റാസല്‍ഖൈമ യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്‌ ശ്രാവണ്‍. ഇളയ മകന്‍ തേജസ്സ്‌ ന്യൂസിലന്‍ഡില്‍ ബി.ബി.ഐ ചെയ്യുന്നു. ശ്രാവണ്‍ അച്‌ഛന്റെ അതേ പകര്‍പ്പാണ്‌. നല്ല നാടന്‍ മലയാളത്തില്‍ തന്നെയാണ്‌ ശ്രാവണ്‍ സംസാരിച്ചു തുടങ്ങിയത്‌)
''എന്നോട്‌ എന്റെ സുഹൃത്താണ്‌ ആദ്യം ചോദിച്ചത്‌ നിന്റെ അച്‌ഛന്റെ വിവാഹം കഴിഞ്ഞോ എന്നു.
ഞാന്‍ പറഞ്ഞു '' ഏയ്‌ അങ്ങനൊന്നും ഇല്ല. അത്‌ തെറ്റായ വാര്‍ത്തയാണ്‌. ഒരാഴ്‌ച മുന്‍പ്‌ അച്‌ഛന്‍ ഇവിടെ വന്നപ്പോള്‍ ഞാന്‍ കണ്ടതാണല്ലോ''
യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ക്ലാസും കഴിഞ്ഞ്‌ വീട്ടിലെത്തിയ ഞാന്‍ ടി.വി യില്‍ കാണുന്നത്‌ കൂട്ടുകാരന്‍ പറഞ്ഞ അതേ വാര്‍ത്ത. അതോടെ ഞാന്‍ വല്ലാത്തൊരു മാനസികാവസ്‌ഥയിലായി. ഒരാഴ്‌ച മുന്‍പ്‌ ഷൂട്ടിംഗുമായി ബന്ധപ്പെട്ട്‌ അച്‌ഛന്‍ ഇവിടെ വന്നതാണ്‌. ഞങ്ങള്‍ തമ്മില്‍ കുറെ നേരം സംസാരിച്ചതാണ്‌. എന്നിട്ടും എന്നോട്‌ ഇക്കാര്യത്തെക്കുറിച്ച്‌ ഒന്നു സൂചിപ്പിച്ചു പോലുമില്ല.
ന്യൂസ്‌ കണ്ട ഉടന്‍ തന്നെ ഞാന്‍ അച്‌ഛനെ വിളിച്ചു. ''ഒഫിഷ്യലായി ഒന്നും നടന്നിട്ടില്ല'' എന്നായിരുന്നു മറുപടി. ഞാന്‍ ദേഷ്യപ്പെട്ട്‌ ഫോണ്‍ വച്ചു. വിവാഹവാര്‍ത്തയ്‌ക്കു പുറമെ ഞാനും അനുജനും നിര്‍ബന്ധിച്ചിട്ടാണ്‌ അച്‌ഛന്‍ വിവാഹിതനായതെന്ന്‌ ഒരു മാഗസിനിലെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഞാനും അനുജനും വിവാഹിതരായി പോയാല്‍ അച്‌ഛന്‍ ഒറ്റയ്‌ക്കാകും എന്നു പറഞ്ഞാണ്‌ ഞങ്ങള്‍ നിര്‍ബന്ധിച്ചതെന്നും അതില്‍ പറയുന്നു.അതായിരുന്നു സത്യമെങ്കില്‍ ഞങ്ങളുടെ വിവാഹശേഷം മാത്രം അച്‌ഛന്‍ വിവാഹം ചെയ്യണം. ' നിനക്ക്‌ ഇരുപത്തിനാലു വയസ്സായപ്പോഴാണോ അച്‌ഛന്‌ വിവാഹം കഴിക്കാന്‍ തോന്നിയത്‌ ' എന്നു പറഞ്ഞാണ്‌ മറ്റുള്ളവര്‍ എന്നെ കളിയാക്കുന്നത്‌.

ആ സമയത്ത്‌ പ്രതികരിക്കാതിരിക്കുന്നത്‌?

ഞങ്ങളുടെ പരീക്ഷയുടെ സമയമായിരുന്നു. അതുകൊണ്ടാണ്‌ മീഡിയയില്‍ ഞങ്ങളുടെ പ്രതികരണം അറിയിക്കാതിരുന്നത്‌. ആ സമയത്ത്‌ പ്രാധാന്യം നല്‍കുന്നത്‌ പരീക്ഷയ്‌ക്കായിരിക്കും എന്ന്‌ അച്‌ഛനും അറിയാം. അതുകൊണ്ടാവാം വിവാഹ വാര്‍ത്ത ഈ സമയത്ത്‌ പുറത്തു വിട്ടതും. എനിക്കും അനുജനും ഭാവിയുണ്ടെന്ന്‌ അച്‌ഛന്‍ ഓര്‍ത്തില്ല. നേരത്തെ ഒന്നു പറഞ്ഞിരുന്നുവെങ്കില്‍ അത്‌ ഉള്‍ക്കൊള്ളാന്‍ മനസ്സിനെ പാകപ്പെടുത്തുമായിരുന്നു. ഇതൊന്നുമില്ലാതെ ഒരു സുപ്രഭാതത്തില്‍ അച്‌ഛന്‍ വിവാഹതിനായി എന്നറിയുമ്പോള്‍ അംഗീകരിക്കാനാവുമോ? മാത്രമല്ല ഡൈവോഴ്‌സ് നടന്നിട്ടുമില്ല. നിയമപരമായി വേര്‍പിരിഞ്ഞ്‌ മമ്മിക്കും ഞങ്ങള്‍ക്കും എന്താണ്‌ നല്‍കേണ്ടത്‌ എന്നുവച്ചാല്‍ തന്നിട്ട്‌ എല്ലാം പറഞ്ഞ്‌ സെറ്റില്‍ ചെയ്യാമായിരുന്നു. ഇതിപ്പോള്‍ ഒന്നും ചെയ്യാതെ ഒഴിഞ്ഞു മാറി. പരീക്ഷ കഴിഞ്ഞിട്ട്‌ മാധ്യമങ്ങളോട്‌ സംസാരിക്കാം എന്നു കരുതി.

അച്‌ഛന്‍ നിങ്ങളെ കാണാനായി വരികയോ, വിളിക്കുകയോ ചെയ്‌തിരുന്നില്ലേ?

മാസത്തില്‍ ഒന്നോ രണ്ടോ തവണയേ വിളിക്കൂ. ഞാന്‍ കൊച്ചിയില്‍ പത്തു വര്‍ഷം ഉണ്ടായിരുന്നു. അപ്പോഴും നമ്മള്‍ കാണാന്‍ കൊതിക്കുമ്പോള്‍ അച്‌ഛനെ കിട്ടിയിരുന്നില്ല. ഉദ്‌ഘാടനത്തിനോ ഷൂട്ടിംഗിനോ വരുമ്പോള്‍ വിളിക്കും. ആ സമയത്ത്‌ പരീക്ഷയായിരിക്കും. എന്നാലും ഞാന്‍ പോയി കാണുമായിരുന്നു. അച്‌ഛന്‍ പറയുന്നത്‌ മമ്മി സമ്മതിക്കാത്തതുകൊണ്ടാണ്‌ അച്‌ഛന്റെ അടുത്ത്‌ പോകാത്തത്‌ എന്നാണ്‌. മമ്മി ഒരിക്കലും അച്‌ഛനെ കാണരുതെന്നോ വിളിക്കരുതെന്നോ പറഞ്ഞിട്ടില്ല. സ്‌നേഹിക്കാന്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ. ഞങ്ങളുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത്‌ അമ്മയാണ്‌. ഫീസടയ്‌ക്കുന്നതും ആവശ്യമുള്ള സാധനങ്ങളെല്ലാം വാങ്ങി തരുന്നതും.
സരിത: അച്‌ഛനെന്നും അച്‌ഛന്‍ തന്നെയാണ്‌. അച്‌ഛനുമായും കുടുംബവുമായും കുട്ടികള്‍ ചേര്‍ന്നു പോകട്ടെ എന്നു കരുതിയാണ്‌ ചെന്നൈയിലെ സ്‌കൂളില്‍ നിന്ന്‌ അവരെ കൊച്ചിയിലേക്ക്‌ മാറ്റിയത്‌. എന്റെ മക്കള്‍ നന്നായി മലയാളം പറയുക മാത്രമല്ല എഴുതുകയും വായിക്കുകയും ചെയ്യും. അവര്‍ അച്‌ഛന്റെ സംസ്‌കാരത്തില്‍ വളരട്ടേ എന്നു കരുതിയതുകൊണ്ടാണ്‌ അവരെ ഇവിടെ വളര്‍ത്തിയത്‌. വിഷുവിനും ഓണത്തിനും കുട്ടികളെ കൂട്ടി ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോകുമായിരുന്നു. അച്‌ഛന്‍ മരിച്ച സമയത്ത്‌ അവിടെ പോയി കുറച്ചു ദിവസം നിന്നിരുന്നു.

ഈ തുറന്നു പറച്ചില്‍ കുട്ടികളെ ബാധിക്കില്ലേ?

സരിത: കുട്ടികള്‍ക്ക്‌ പ്രായപൂര്‍ത്തിയായില്ലേ. അവരാണ്‌ എന്നോട്‌ എല്ലാം തുറന്നു പറയാന്‍ പ്രേരിപ്പിച്ചത്‌.
ശ്രാവണ്‍: അച്‌ഛന്‍ പക്വത കാണിച്ചിരുന്നെങ്കില്‍ എല്ലാം നിശബ്‌ദമായി അവസാനിക്കുമായിരുന്നു. അച്‌ഛനെയും അമ്മയെയും കുറ്റപ്പെടുത്താനാവില്ല. കാരണം ഇതെന്റെ കുടുംബമാണ്‌. അവര്‍ വേര്‍പിരിയുന്നത്‌ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സങ്കടമാണ്‌. പുനര്‍വിവാഹം ചെയ്യുമ്പോള്‍ അച്‌ഛന്‌ നേരത്തെ ഒന്നു സൂചിപ്പിക്കുകയെങ്കിലും ചെയ്യാമായിരുന്നു. ഇതിപ്പോ അച്‌ഛന്‍ എന്തൊക്കെയോ പറയുന്നു. എല്ലാം പെട്ടെന്ന്‌ സംഭവിക്കുന്നു. സത്യം എന്തെന്ന്‌ അടുത്ത സുഹൃത്തുക്കള്‍ക്കും അടുപ്പമുള്ളവര്‍ക്കും അറിയാം. എന്നെ അറിയാം മമ്മിയെ അറിയാം.Saritha-Actress

എന്നാല്‍ പുറമെയുള്ളവര്‍ മനസ്സിലാക്കുന്നത്‌ സത്യം അല്ലല്ലോ?

സരിത: എന്നെ ഓര്‍ക്കണ്ടായിരുന്നു. എന്നാല്‍ കുട്ടികളെപ്പറ്റി ചിന്തിക്കണമായിരുന്നു. പരീക്ഷയടുത്തിരിക്കുന്ന സമയത്ത്‌ കുട്ടികളെ മാനസ്സികമായി വിഷമിപ്പിച്ചത്‌ ശരിയായില്ല. എന്റെ കുട്ടികള്‍ വളരെ സെന്‍സിറ്റീവാണ്‌.അവര്‍ക്ക്‌ താങ്ങാവുന്നതിലും അധികമായി ഇത്‌. അച്‌ഛനമ്മമാരാണ്‌ കുട്ടികള്‍ക്ക്‌ റോള്‍മോഡലുകള്‍. അച്‌ഛനാണെന്ന കാര്യം അദ്ദേഹം മറന്നുപോയിരിക്കുന്നു. എന്താണ്‌ അവര്‍ക്ക്‌ അദ്ദേഹം പഠിപ്പിച്ചുകൊടുക്കുന്നത്‌. ഭാര്യയോട്‌ ഒരു ഗുഡ്‌ബൈ പോലും പറയാതെ അടുത്ത ബന്ധം ആകാം എന്നാണോ? വിവാഹത്തിന്‌ മക്കള്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുന്നു എന്നു പറഞ്ഞു. അവര്‍ അങ്ങനെ പറയുന്നത്‌ എന്നെ അപമാനിക്കുന്നതിന്‌ തുല്യമാണ്‌. അവര്‍ അത്‌ ചെയ്യില്ല. പറയില്ല. പറയാത്തകാര്യങ്ങള്‍ പറഞ്ഞുവെന്നു പറയുന്നത്‌ സങ്കടകരമാണ്‌. ആദ്യമൊക്കെ ഡൈവോഴ്‌സിനു ശ്രമിക്കാതിരുന്നതും കുട്ടികളെ അത്‌ ബാധിക്കും. സങ്കടപ്പെടുത്തും എന്നതുകൊണ്ട്‌ മാത്രമാണ്‌. സെലിബ്രിറ്റിയുടെ ജീവിതം സമൂഹം ചര്‍ച്ച ചെയ്യും. നല്ലതായാലും ചീത്തയായാലും അത്‌ ബാധിക്കുന്നത്‌ കുട്ടികളെയാണ്‌.
ശ്രാവണ്‍: അമ്മയോട്‌ എല്ലാം തുറന്നു പറയാന്‍ പ്രേരിപ്പിച്ചതും ധൈര്യം നല്‍കിയതും ഞങ്ങളാണ്‌. എന്തിനാണ്‌ ഇനിയും സങ്കടങ്ങള്‍ ഉള്ളിലൊതുക്കി ഇഞ്ചിഞ്ചായി വേദനിക്കുന്നത്‌.
സരിത: ഇരുപത്തിയഞ്ചു വര്‍ഷം നീണ്ടു നിന്ന മൗനം ഞാനവസാനിച്ചത്‌ എന്റെ മക്കളെ വേദനിപ്പിച്ചതുകൊണ്ടാണ്‌. മക്കളാണ്‌ എന്നെ ഇത്രയും നാള്‍ ജീവിക്കാന്‍ പ്രേരിപ്പിച്ചത്‌. അവരാണ്‌ എന്റെ ലോകം. എന്റേതായ കാര്യങ്ങളിലൊന്നും ഞാന്‍ ശ്രദ്ധ ചെലുത്തിയിരുന്നില്ല. ബ്യൂട്ടി പാര്‍ലറില്‍ പോയി പുരികം ഷെയ്‌പ്പ് ചെയ്യുന്നത്‌ പോലും ആരെങ്കിലും ഓര്‍മ്മിപ്പിക്കുമ്പോഴാണ്‌. പലപ്പോഴും അതിനു പോലും മനസ്സുവരില്ല. ആ സമയത്തും എന്റെ കുട്ടികള്‍ക്ക്‌ എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കി കൊടുക്കാമല്ലോ എന്നാണ്‌ ചിന്തിക്കുന്നത്‌. ഒരുപാട്‌ ഞാനനുഭവിച്ചു. ദൈവം എനിക്ക്‌ എന്തെന്നില്ലാത്ത മനക്കരുത്തും ധൈര്യവും നല്‍കിയതുകൊണ്ടു സരിത ഇതു പറയാന്‍ ഇന്നും ജീവിച്ചിരിക്കുന്നു. മക്കളിലാണ്‌ എന്റെ പ്രതീക്ഷ. അവരാണ്‌ എന്റെ ജീവിതം. എന്റെ ഭര്‍ത്താവായിരുന്ന മനുഷ്യനോട്‌ ഒന്നേ എനിക്ക്‌ പറയാനുള്ളു.ഇരുപത്തിയഞ്ചു വര്‍ഷത്തെ ജീവിതം അവസാനിപ്പിക്കുമ്പോള്‍ അത്‌ മാന്യമായി ആകാമായിരുന്നു.
 
Share this article :

Post a Comment

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger