Latest Movie :
Home » , » വിവാഹം ഒന്നിന്റേയും അവസാനമല്ല

വിവാഹം ഒന്നിന്റേയും അവസാനമല്ല

{[['']]}

mangalam malayalam online newspaperവിവാഹം ഒന്നിന്റേയും അവസാനമല്ല

 


വിവാഹത്തോടെ സ്‌ത്രീയുടെ ഇഷ്‌ടങ്ങളും സ്വാതന്ത്ര്യങ്ങളും അവസാനിക്കുന്ന ഒരു കാലമുണ്ടായിരുന്നു. കാലം മാറിയപ്പോള്‍ അതൊക്കെ മാറിയിരിക്കുന്നു. പുരുഷന്‍മാരും സ്‌ത്രീകളുടെ മാറ്റത്തെ അംഗീകരിച്ചുതുടങ്ങിയിരിക്കുന്നു.

അടുത്തിടെ നടി സംയുക്‌താ വര്‍മ്മ ഒരു അഭിമുഖത്തില്‍ പറഞ്ഞു.'' വിവാഹശേഷം മറ്റൊരു തരത്തിലുളള സ്വാതന്ത്ര്യമാണ്‌ ജീവിതത്തില്‍ ഉണ്ടാകുന്നതെന്ന്‌. കൂട്ടുകാരികളോടൊത്ത്‌ യാത്രയ്‌ക്കും ഷോപ്പിംഗിനുമൊക്കെ സ്വതന്ത്രമായി പോകാന്‍ മുമ്പെത്തേക്കാള്‍ സാധിക്കുന്നുവെന്ന്‌.'' വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വിവാഹം സ്‌ത്രീകളുടെ ഇഷ്‌ടങ്ങള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കും നേരെയുളള ഒരു നോ പറച്ചിലായിരുന്നെങ്കില്‍ ഇന്ന്‌ അങ്ങനെയല്ല. സ്‌ത്രീകള്‍ക്കും തങ്ങളുടേതായ ഇഷ്‌ടങ്ങള്‍ ഉണ്ട്‌. സാമ്പത്തികമായി സ്വന്തം കാലില്‍ നില്‌ക്കുന്നവരാണ്‌.വിവാഹത്തോടെ അതിനൊരു മാറ്റം വരുത്താന്‍ അവര്‍ തയാറല്ല. പുതിയ തലമുറയിലെ ആണ്‍കുട്ടികളും തങ്ങളുടെ ജീവിത പങ്കാളിയെ അടിമയെപ്പോലെ അവര്‍ കരുതുന്നില്ല. ഭാര്യമാരുടെ ഇഷ്‌ടങ്ങള്‍ അംഗീകരിച്ചുകൊടുക്കാന്‍ അവര്‍ തയാറാണ്‌. കേരളത്തില്‍ ടിവി ഷോകളിലും ഗാനമേളകളിലുമെല്ലാം തിളങ്ങുന്ന ഭൂരിപക്ഷം ഗായികമാരും വിവാഹിതരാണ്‌. വിവാഹശേഷം പഴയതിലും കൂടുതല്‍ ഉത്സാഹത്തോടെ തങ്ങളുടെ ജോലിയില്‍ തിളങ്ങുന്ന പെണ്‍കുട്ടികളെ എവിടെയും കാണാം.
'' ഭാര്യയെ അടിമകളെപ്പോലെ കാണുന്ന തലമുറയൊക്കെ മാറിയിരിക്കുന്നു. അവരുടെ ഇഷ്‌ടങ്ങളും താല്‌പര്യങ്ങളും പരിഗണിക്കാതെ വിവാഹജീവിതം സന്തോഷത്തോടെ മുന്നോട്ടുകൊണ്ടുപോകാനാവില്ല.വിദ്യാഭ്യാസവും സ്വയം പര്യാപ്‌തതയുമുളള ഇപ്പോഴത്തെ പെണ്‍കുട്ടികളോട്‌ കൂടുതല്‍ നിയന്ത്രണത്തിനുപോയാല്‍ കുഴപ്പങ്ങളേ ഉണ്ടാവൂ.'' കുമരകത്ത്‌ കെ.റ്റി.ഡി.സിയില്‍ അസിസ്‌റ്റന്റ്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസറായ ഭഗത്‌ പറയുന്നു. ''പണ്ടായിരുന്നെങ്കില്‍ സ്‌ത്രീകളുടെ സൗഹ്യദമൊക്കെ വിവാഹത്തോടെ തീരുകയാണ്‌ പതിവ്‌. എന്റെ ഭാര്യയുടെ സുഹ്യത്തുക്കള്‍ എന്റേയും നല്ല സുഹ്യത്തുക്കള്‍ ആണ്‌. തിരിച്ചും അങ്ങനെതന്നെ. ഞങ്ങളുടെ തലമുറയിലെ എല്ലാംവരും അങ്ങനെയാണെന്ന്‌ ഞാന്‍ പറയുന്നില്ല. ഭാര്യയുടെ സൗഹ്യദങ്ങളെ അധികം പ്രോത്സാഹിപ്പിക്കാത്തവരും ഉണ്ട്‌. സ്‌ത്രീകളോടാണെങ്കിലും പുരുഷന്‍മാരോടാണെങ്കിലും. ഭാര്യയുടെ സുഹ്യത്തിന്‌ അത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടുണ്ട്‌. പക്ഷേ അതു ശരിയല്ല. ഭാര്യയ്‌ക്ക് നല്ല ജോലി കിട്ടാനും അവരെ പഠിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കാനും ഒക്കെ ഇന്ന്‌ ഭര്‍ത്താക്കന്‍മാര്‍ മുന്നിലുണ്ട്‌. അത്‌ കാലം വരുത്തിയ ഒരു മാറ്റമാണ്‌. പഴയകാലത്തെപ്പോലെ കടുംപിടിത്തം പിടിച്ച്‌ ഇരിക്കുന്ന പുരുഷന്‍മാര്‍ മാറിയില്ലെങ്കില്‍ അവര്‍ക്കുതന്നെയാണ്‌ ദോഷം. '' ഭഗത്‌ പറയുന്നു.
സ്‌ത്രീകളുടെ മാറ്റത്തെ അംഗീകരിക്കാന്‍ പുരുഷന്‍മാരും തയാറായിരിക്കുന്നു. ഇരുപത്തഞ്ചു വര്‍ഷത്തിനുളളില്‍ മലയാളി സ്‌ത്രീകള്‍ക്കു വന്നിരിക്കുന്ന മാറ്റം വലുതാണ്‌. സ്‌ത്രീകളുടെ ആ മാറ്റത്തെ അംഗീകരിക്കാന്‍ പുരുഷന്‍മാരും തയാറാകുന്നു .ഭഗതിന്റെ വാക്കുകള്‍ തന്നെ അതിനു തെളിവ്‌.'' വിവാഹത്തിനുമുമ്പും ശേഷവും സ്‌ത്രീകള്‍ക്കു ലഭിക്കുന്ന സ്വാതന്ത്ര്യം രണ്ടു തരത്തിലുളളതാണെന്നാണ്‌ ത്യശൂരില്‍ നിന്നുളള വീട്ടമ്മയായ സ്‌നേഹ പറയുന്നത്‌.''മാതാപിതാക്കള്‍ അത്യാവശം സ്വാതന്ത്ര്യം തരുമല്ലോ. വിവാഹത്തിനുശേഷവും അതുപോലെ തന്നെയാണ്‌. ആ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യാതിരുന്നാല്‍ മതി. കുട്ടികളാകുമ്പോഴാണ്‌ കുറച്ചു സ്വാതന്ത്ര്യമൊക്കെ പോകുന്നത്‌. അത്‌ എല്ലാം സ്‌ത്രീകളുടേയും ജീവിതത്തില്‍ ഉളളതാണല്ലോ. കുട്ടികള്‍ കുറച്ച്‌ മുതിര്‍ന്നാല്‍ മാത്രമേ സ്വതന്ത്ര്യമായി യാത്ര ചെയ്യാന്‍ സാധിക്കൂ. വിവാഹത്തിനുമുമ്പത്തേ പോലെ അല്ലെങ്കിലും സ്‌ത്രീകള്‍ക്ക്‌ ആവശ്യത്തിന്‌ സ്വാതന്ത്ര്യവും പരിഗണനയും കൊടുക്കുന്നവരാണ്‌ പുതിയ തലമുറയിലെ ഭര്‍ത്താക്കന്‍മാര്‍. '' സ്‌നേഹ പറയുന്നു.
''മുമ്പ്‌ സ്‌ത്രീകളെ ഇരുപതുവയസ്സിനുളളില്‍ കല്യാണം കഴിപ്പിക്കും. വിദ്യാഭ്യാസവും പുരുഷനെ അപേക്ഷിച്ച്‌ കുറവായിരുന്നു. അടുക്കളയും നാലുചുവരുകളും മാത്രമായിരുന്നു അവരുടെ ലോകം. സാമ്പത്തിക സ്വാതന്ത്ര്യവും ഇല്ല. ഇന്ന്‌ അങ്ങനെയല്ലല്ലോ. ഭര്‍ത്താവിനേക്കാള്‍ വിദ്യാഭ്യാസം ഉണ്ടാവും ഭാര്യയ്‌ക്ക്. ശമ്പളവും കൂടുതല്‍ ഉളളവരുണ്ടായിരിക്കും. വിവാഹത്തോടെ തങ്ങളുടെ ഇഷ്‌ടമൊന്നും ഉപേക്ഷിക്കാന്‍ സ്‌ത്രീകള്‍ തയാറല്ല. പുരുഷന്‍മാരും അതു മനസ്സിലാക്കുന്നു. ഭാര്യയെ സ്‌നേഹിക്കുന്ന ഭര്‍ത്താവ്‌ അവര്‍ക്ക്‌ അത്യാവശം സ്വാതന്ത്ര്യവും അനുവദിച്ചുകൊടുക്കുന്നു. സ്‌ത്രീകളുടെ ഈ മാറ്റത്തെ പുരുഷന്‍മാര്‍ അംഗീകരിച്ചുതുടങ്ങി.'' കൊച്ചിയില്‍ സൈക്കോളജിസ്‌റ്റായ മഞ്‌ജു. പി. ഇമ്മാനുവേല്‍ പറയുന്നു.
പയ്യന്നൂരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥയായ രമ്യയ്‌ക്കു പറയാനുളളത്‌ കേള്‍ക്കൂ. '' ഞങ്ങള്‍ മുന്നു പെണ്‍മക്കളാണ്‌. ത്യശൂരിലെ ഒരു നാട്ടിന്‍പുറത്താണ്‌ ജനിച്ചുവളര്‍ന്നത്‌. പെണ്‍കുട്ടികള്‍ മാത്രമായതുകൊണ്ടു വലിയ നിയന്ത്രണങ്ങളിലായിരുന്നു ജീവിതം. പ്രത്യേകിച്ച്‌ അമ്മയ്‌ക്ക്. സിനിമയ്‌ക്കു പോകുന്നതോ പുറത്തുപോയിട്ട്‌ വൈകിവരാനോ ഒന്നും സമ്മതിക്കില്ലായിരുന്നു. ചില ഡ്രസ്സുകള്‍ ഇടാന്‍പോലും സമ്മതിക്കില്ലായിരുന്നു. ഇപ്പോള്‍ ഭര്‍ത്താവ്‌ എല്ലാം സ്വാതന്ത്ര്യങ്ങളും അനുവദിച്ചുതരാറുണ്ട്‌. ഷോപ്പിംഗിന്‌ കൊണ്ടുപോകാറുണ്ട്‌, സിനിമയ്‌ക്കു പോകും. അത്യാവശം കൂട്ടുകാരികളോടൊത്ത്‌ കറങ്ങിനടക്കാനും അനുവദിക്കാറുണ്ട്‌. വിവാഹശേഷം പുതിയൊരു സ്വാതന്ത്യമാണ്‌ എനിക്കു ലഭിച്ചത്‌. എല്ലാംവര്‍ക്കും അങ്ങനെയാകണമെന്നില്ല. '' രമ്യ പറയുന്നു
തിരുവനന്തപുരത്ത്‌ ടെക്‌നോപാര്‍ക്കില്‍ ജോലിചെയ്യുന്ന പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സോഫ്‌റ്റ്വെയര്‍ എന്‍ജീനിയറായ പെണ്‍കുട്ടിക്ക്‌ പറയാനുളളത്‌ മറ്റൊരു കഥയാണ്‌. ''നല്ല സ്വാതന്ത്ര്യം
ഉളള വീടായിരുന്നു എന്റേത്‌. കുട്ടുകാരികളോടൊത്ത്‌ ഷോപ്പിംഗിനും സിനിമയ്‌ക്കുപോകാനുമൊക്കെ അനുവദിച്ചിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ ഒന്നു പുറത്തുപോകണമെങ്കില്‍പോലും എത്രപേരുടെ അനുവാദം വാങ്ങിയാലാണെന്നോ. അദ്‌ദേഹത്തിന്‌ ഇഷ്‌ടമാണെങ്കില്‍ പോലും സ്വാതന്ത്ര്യത്തോടെ ഒന്നും ചെയ്യാനാകാത്ത അവസ്‌ഥ. ജോലിയുളളതാണ്‌ ആശ്വാസം. ഇഷ്‌ടക്കേട്‌ ഉണ്ടെങ്കിലും
എതിര്‍ക്കാന്‍ പോകാറില്ല. അത്‌ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയേയുളളൂ. പുരുഷന്‍മാര്‍ പണ്ടത്തേതിലും മാറിയിരിക്കുന്നു. അത്യാവശം സ്‌ത്രീകള്‍ക്ക്‌ സ്വാതന്ത്ര്യം കൊടുക്കുന്നവരാണ്‌. പക്ഷേ ഭര്‍ത്യവീട്ടിലെ സാഹചര്യം കൂടി അനുകൂലമായിരിക്കണം. ''ജോലിയുടെ തിരക്കുകള്‍ക്ക്‌ ഇടയിലും ഈ സോഫ്‌റ്റ്വെയര്‍ എന്‍ജീനിയര്‍ പറയുന്നു.
''കുറച്ചുനാള്‍ മുമ്പ്‌ വരെ ഭാര്യ ജോലിക്കു പോയിരുന്നു. അപ്പോള്‍ വളരെ സന്തോഷവതിയായിരുന്നു അവള്‍. ഞങ്ങള്‍ ഒരുമിച്ചായിരുന്നു പോകുന്നതും വരുന്നതും.ഇടയ്‌ക്കു ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ ജോലിക്കുപോകുന്നത്‌ അവള്‍ നിര്‍ത്തി. ഇപ്പോള്‍ ഞാന്‍ വീട്ടില്‍ ചെന്നു കയറുമ്പോഴേ അവള്‍ക്കു നൂറുകൂട്ടം പരാതികളാണ്‌.അമ്മയെക്കുറിച്ചും പെങ്ങളെക്കുറിച്ചുമെല്ലാം. ജോലി ഉണ്ടായിരുന്നപ്പോള്‍ ഈ പ്രശ്‌നം ഉണ്ടായിരുന്നില്ല. അവള്‍ക്കു വേഗം ഒരു ജോലി കിട്ടണമേയെന്ന്‌ അവളെക്കാള്‍ ഞാനാണ്‌ ഇപ്പോഴാഗ്രഹിക്കുന്നത്‌. '' തിരുവല്ല സ്വദേശിയായ യുവാവ്‌ പറയുന്നു.
കൊച്ചിയില്‍ പത്രപ്രവര്‍ത്തകനായ അവിവാഹിതനായ യുവാവ്‌ പറയുന്നതു ഭാര്യമാര്‍ക്ക്‌ ആവശ്യത്തിനു സ്വാതന്ത്ര്യം കൊടുക്കും. പക്ഷേ ഒരു വ്യവസ്‌ഥയേ ഉള്ളൂ എന്നാണ്‌. എല്ലാം കാര്യങ്ങളും തുറന്നുപറയണം. അവരുടെ സൗഹ്യദത്തേക്കുറിച്ചും ഇഷ്‌ടങ്ങളെക്കുറിച്ചുമെല്ലാം. പുരുഷസൗഹ്യദമുണ്ടായാലും കുഴപ്പമില്ല. രണ്ടുപേരും എല്ലാംക്കാര്യങ്ങളും പരസ്‌പരം തുറന്നു സംസാരിക്കുന്നവരും മനസ്സിലാക്കുന്നവരും ആയാല്‍ സ്വാതന്ത്ര്യക്കുറവ്‌ ഒന്നും ജീവിതത്തില്‍ ഉണ്ടാവില്ലെന്നാണ്‌. കൂടുതല്‍ ഭരിക്കാന്‍ പോയാല്‍ വിവാഹമോചനത്തിലെത്തി നില്‌ക്കുമെന്നു ഈ പത്രപ്രവര്‍ത്തകന്‍ പറയുന്നു. പഴയതുപോലെ ജീവിതാവസാനം വരെ എല്ലാം സഹിച്ചും ക്ഷമിച്ചുമൊന്നു ജീവിക്കാന്‍ സ്‌ത്രീകള്‍ തയാറല്ല. പണ്ടത്തെ സ്‌ത്രീകള്‍ കുടുംബത്തിനാണ്‌ ആദ്യ സ്‌ഥാനം കൊടുത്തിരുന്നത്‌.
ഇന്ന്‌ കരിയര്‍ കഴിഞ്ഞേ പലരും കുടുംബത്തിനു സ്‌ഥാനം കൊടുക്കുന്നുളളൂ. അതിന്റെ മാറ്റം ജീവിതത്തിനും ഉണ്ടാകും. എല്ലാം കാര്യങ്ങളിലും ഭാര്യയുടെ ഇഷ്‌ടം നോക്കുന്നവര്‍ തന്നെയാണ്‌ ഇപ്പോഴത്തെ ഭര്‍ത്താക്കന്‍മാരെന്നു തോന്നുന്നു. അതാണ്‌ കുടുംബജീവിതത്തിന്റെ വിജയത്തിനു നല്ലത്‌. ''വിവാഹശേഷം സ്‌ത്രീകള്‍ക്ക്‌ സ്വാതന്ത്ര്യം കൊടുക്കുമോയെന്ന കന്യകയുടെ ചോദ്യത്തിന്‌ ഭൂരിഭാഗം പുരുഷന്‍മാരുടേയും പ്രതികരണം അതേയെന്നായിരുന്നു. അതിനൊരു കാരണവും അവര്‍ പറഞ്ഞു. കുടുതല്‍ നിയന്ത്രണത്തിനുപോയാല്‍ ജീവിതം പ്രശ്‌നത്തിലാകുമെന്ന്‌. വിവാഹത്തോടെ സ്‌ത്രീകളുടെ ഇഷ്‌ടങ്ങളും സ്വാതന്ത്ര്യവും അടിയറ വയ്‌ക്കുന്ന കാലം മാറിയെന്ന്‌ സാരം. പുരുഷന്‍മാര്‍ സ്‌ത്രീകളുടെ മാറ്റത്തെ അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു.

എന്നും ഒരുപോലെ

വിവാഹത്തിനുശേഷം സ്‌ത്രീകളുടെ സ്വാതന്ത്ര്യം കുറഞ്ഞുപോകുമെന്ന്‌ എനിക്കു തോന്നിയിട്ടില്ല. അച്‌ഛനും അമ്മയും തന്ന സ്വാതന്ത്ര്യം എനിക്ക്‌ അശ്വിനും അച്‌ഛനും അമ്മയും തരുന്നുണ്ട്‌. അശ്വിന്‍ അമേരിക്കയില്‍ ജനറല്‍ ഇലക്‌ട്രിക്‌ കമ്പനിയില്‍ എന്‍ജീനിയറാണ്‌. മാസത്തില്‍ ഒരിക്കല്‍ നാട്ടില്‍ വരും. എന്റെ കരിയറിനുവേണ്ടി നാട്ടില്‍ നിന്നോളാന്‍ സമ്മതിച്ചിട്ടുണ്ട്‌. കടയിലൊക്കെ പോകുമ്പോള്‍ നല്ല ഭംഗിയുളള ഡ്രസ്സുകള്‍ കാണുമ്പോള്‍ അശ്വിന്‍ അത്‌ സെലക്‌ട് ചെയ്‌ത് തരാറുണ്ട്‌. പരസ്‌പരം നന്നായി മനസ്സിലാക്കുന്നവര്‍ക്കു പരസ്‌പരം പ്രോത്സാഹിപ്പിക്കാനും സ്‌നേഹിക്കാനും പറ്റും. അവിടെ ആരാണു വലുത്‌, ചെറുത്‌ എന്ന പ്രശ്‌നമൊന്നും ഉണ്ടാവില്ല.

 

ബിസിനസിലെ വിജയം ഭര്‍ത്താവിന്റെ പിന്തുണയോടെ

സാധാരണ പാഴ്‌സി സ്‌ത്രീകള്‍ ബിസിനസില്‍ ഇറങ്ങാറില്ല. വിവാഹം കഴിഞ്ഞ്‌ പത്തുവര്‍ഷത്തോളം കുട്ടികളെ നോക്കി വീട്ടിലിരുന്നു. ഭര്‍ത്താവ്‌ തന്നെയാണ്‌ പറഞ്ഞത്‌, ബിസിനസില്‍ സഹായിക്കാന്‍. അതിനുമുമ്പ്‌് ഒന്നുമറിയില്ലായിരുന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ യാത്ര ചെയ്യാനും സാധനങ്ങള്‍ പര്‍ച്ചേസ്‌ ചെയ്യാനും ഇപ്പോള്‍ എനിക്ക്‌ തനിയെ സാധിക്കും. നല്ലൊരു ബിസിനസ്‌കാരിയാകാന്‍ എനിക്കു സാധിച്ചത്‌ അദ്‌ദേഹത്തിന്റെ പിന്തുണ കൊണ്ടു മാത്രമാണ്‌. ബിസിനസ്‌ കുടുംബത്തില്‍ ജനിച്ചിട്ടും ഒന്നുമറിയാതിരുന്ന ഞാന്‍ ഇതിലേയ്‌ക്കു വന്നതിന്റെ മുഴുവന്‍ ക്രെഡിറ്റും ഭര്‍ത്താവിനുളളതാണ്‌. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ കുടുംബത്തേക്കാള്‍ കൂടുതല്‍ കരിയറിനു പ്രാധാന്യം കൊടുക്കുന്നവരാണ്‌. അത്‌ പുരുഷന്‍മാരും മനസ്സിലാക്കുന്നുണ്ട്‌. പുരുഷന്‍മാര്‍ സ്‌ത്രികള്‍ക്ക്‌ കരിയറിലും കുടുംബജീവിതത്തിലും എല്ലാംവിധപിന്തുണയും നല്‍കുന്നവരായി മാറിയിരിക്കുന്നു.

 

കുടുംബത്തിന്റെ പിന്തുണയില്ലെങ്കില്‍ വിജയമുണ്ടാവില്ല

ബിസിനസ്സിലും വിജയിക്കണമെങ്കില്‍ ഭര്‍ത്താവിന്റെ പിന്തുണ കുടിയേ തീരൂ. വിവാഹശേഷം ഞാന്‍ ആദ്യം ചെയ്‌തതത്‌ ഫ്‌ളോറി കള്‍ച്ചറല്‍ ബിസിനസ്സ്‌ ആയിരുന്നു. അലര്‍ജി പ്രശ്‌നം വന്നതോടെ അതു നിര്‍ത്തി. പിന്നീടാണ്‌ ഭര്‍ത്താവിന്റെ ബിസിനസ്സിലേയ്‌ക്ക് വരുന്നത്‌. അദ്‌ദേഹം ആവശ്യപ്പെട്ടിട്ട്‌. പുരുഷന്‍മാരെ ബഹുമാനിച്ചാല്‍ അതിന്റെ ഇരട്ടിയായി അവര്‍ സ്‌ത്രീകളെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും. വളരെ ചെറുപ്പത്തിലേ വിവാഹം കഴിഞ്ഞു. അദ്‌ദേഹത്തിന്റെ പിന്തുണയില്ലായിരുന്നെങ്കില്‍ ഇന്നും ഒരു വീട്ടമ്മയായി ഒതുങ്ങിക്കൂടിയേനെ. കേരളത്തിലെ പ്രമുഖക്ഷേത്രങ്ങളിലും ആയുര്‍വേദമരുന്ന്‌ ഉല്‌പാദനശാലകളിലും നല്ലെണ്ണ കൊടുക്കുന്നത്‌ ഞങ്ങളുടെ കമ്പനിയാണ്‌. ഉപഭോക്‌താക്കളെ നേരില്‍ കാണാന്‍ നിരന്തരം യാത്ര ചെയ്യാറുണ്ട്‌. ജീവിതപങ്കാളികള്‍ പരസ്‌പരം ബഹുമാനിക്കുക. എപ്പോഴും കരിയറും ജോലിയും ഒരുമിച്ചുകൊണ്ടുപോകാന്‍ ശ്രദ്ധിക്കുക.
Share this article :

Post a Comment

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger