Latest Movie :
Home » , , » എയ്‌ഡ്‌സ്‌ എന്ന ന്യൂ ജനറേഷന്‍ അപകടം

എയ്‌ഡ്‌സ്‌ എന്ന ന്യൂ ജനറേഷന്‍ അപകടം

{[['']]}

mangalam malayalam online newspaper

തലക്കെട്ടുകണ്ട്‌ ന്യൂ ജനറേഷന്‍ പിള്ളേര്‍ നെറ്റി ചുളിക്കേണ്ട. കൗമാരക്കാരില്‍ എയ്‌ഡ്സ്‌ വര്‍ധിച്ചുവരുന്നതായുള്ള ലോകാരോഗ്യസംഘടനയുടെ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തില്‍ ഒരന്വേഷണമാണിത്‌. ഒപ്പം ഒരു മുന്നറിയിപ്പും.
നഗരത്തിലെ പഴയ ഒരു ബഹുനിലക്കെട്ടിടത്തിന്റെ മുകള്‍ത്തട്ട്‌. അവിടെ ചെറുപ്പക്കാരായ അവര്‍ ആറുപേര്‍. അതില്‍ രണ്ടുപേര്‍ പെണ്‍കുട്ടികള്‍. എല്ലാവരും സുഹൃത്തുക്കള്‍. സുഹൃത്തുക്കള്‍ എന്നുപറഞ്ഞാല്‍ 'ന്യൂ ജനറേഷന്‍' സുഹൃത്തുക്കള്‍. എന്തും പറയാം എന്തുമാവാം. കൂട്ടത്തിലൊരു പെണ്‍കുട്ടിയുടെ വിവാഹമാണ്‌ പിറ്റേന്ന്‌. അതിന്റെ ആഘോഷമാണ്‌ ഇവിടെ. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ മദ്യപിക്കുന്നുണ്ട്‌. തമാശകളും പൊട്ടിച്ചിരിയുമുണ്ട്‌.
രാത്രി ഏറെ വൈകി ആഘോഷം അവസാനിച്ച്‌ പെണ്‍കുട്ടികള്‍ വീടുകളിലേക്ക്‌ മടങ്ങിയപ്പോഴാണ്‌ ചെറുപ്പക്കാരിലൊരാള്‍ പിറ്റേന്ന്‌ വിവാഹിതയാകാന്‍ പോകുന്ന പെണ്‍കുട്ടിയോടുള്ള സൗഹൃദത്തിനപ്പുറത്തെ പ്രണയം വെളിപ്പെടുത്തിയത്‌. പിന്നെ കരച്ചിലും ബഹളവുമായി. മദ്യലഹരിയിലായിരുന്ന അവര്‍ ഉടന്‍തന്നെ പെണ്‍കുട്ടിയുടെ വീട്ടിലേക്കു പുറപ്പെട്ടു. വിവാഹത്തലേന്ന്‌ രാത്രി പെണ്‍കുട്ടിയെയും കൂട്ടി തിരികെ പോന്നു. പിറ്റേന്ന്‌ നേരം പുലര്‍ന്നപ്പോള്‍ കൂടെയുള്ള 'നവവധു'വിനെക്കണ്ട്‌ ചെറുപ്പക്കാരന്‍ ഞെട്ടുന്നു. അയാള്‍ സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത കാര്യമായിരുന്നു ഈ പ്രണയവും തട്ടിക്കൊണ്ട്‌ പോക്കുമൊക്കെ. സമീപകാലത്ത്‌ പുറത്തിറങ്ങിയ ഒരു ന്യൂ ജനറേഷന്‍ മലയാളസിനിമയുടെ കഥാഗതിയാണിത്‌.
ഒരു സിനിമാക്കഥയേക്കാള്‍ ന്യൂ ജനറേഷന്‍ എന്ന്‌ പുതുതലമുറ ഊറ്റംകൊള്ളുന്ന അതിരുകളില്ലാത്ത ജീവിതരീതിയുടെ, സൗഹൃദത്തിന്റെ, ബന്ധങ്ങളുടെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തിന്റെ വെറുമൊരു ഉദാഹരണം മാത്രമാണിത്‌ ഈ സിനിമാക്കഥ. മദ്യലഹരിയില്‍ അല്ലെങ്കില്‍ 'ഹാങ്ങോവ'റില്‍ ചെയ്‌തുകൂട്ടുന്ന അബദ്ധങ്ങള്‍ സെക്‌സിലേക്കും വഴിവിട്ട ബന്ധങ്ങളിലേക്കും മയക്കുമരുന്നുകളുടെ ഉപയോഗത്തിലേക്കും നീങ്ങുന്നുണ്ട്‌.
ന്യൂജനറേഷന്‍ സൗഹൃദങ്ങളുടെ ഊഷ്‌മളതയില്‍ വരും വരായ്‌കകള്‍ വിസ്‌മരിക്കപ്പെടുന്നു. എയ്‌ഡ്സ്‌ പോലുള്ള ലൈംഗിക രോഗങ്ങളുടെ വ്യാപനത്തിലേക്കാവും ഇത്‌ പലപ്പോഴും വഴിതെളിക്കുന്നത്‌. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത്‌ 10 വയസിനും 19 വയസിനുമിടയില്‍ പ്രായമുള്ള ഇരുപതു ലക്ഷം കൗമാരക്കാര്‍ എയ്‌ഡ്സ്‌ രോഗാണുബാധിതരാണ്‌. ഇന്ത്യയിലെ എച്ച്‌.ഐ.വി ബാധിതരില്‍ 83 ശതമാനവും 15 - 49 വയസിനിടയിലുള്ളവരാണ്‌. കേരളത്തില്‍ കൗമാരക്കാരും യുവാക്കളുമാണ്‌ കൂടുതല്‍. ഈ കണക്കുകളും യുവാക്കളുടെ മാറിയ ജീവിതരീതിയും കൂട്ടിവച്ചാല്‍ എയ്‌ഡ്സ്‌ വ്യാപനത്തിന്റെ പുതിയമുഖം തിരിച്ചറിയാനാവും. ന്യൂജനറേഷന്‍ തരംഗത്തിന്റെ നല്ല വശങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അപകടകരമാവുന്ന എയ്‌ഡ്സ്‌ പോലുള്ള രോഗങ്ങളുടെ വ്യാപനത്തെക്കുറിച്ച്‌ ആശങ്കപ്പെടാതിരിക്കാനുമാവില്ല.

ഇറ്റ്‌സ് ജസ്‌റ്റ് എ ഫ്രണ്ട്‌ഷിപ്പ്‌

ബന്ധങ്ങളുടെ പുതിയ ആകാശമാണ്‌ പതുതലമുറ തുറന്നിടുന്നത്‌. ഇവിടെ വിലക്കുകളില്ല, നിയന്ത്രണങ്ങളില്ല. ഓരോ നിമിഷവും ആഘോഷം മാത്രം. വിവാഹപൂര്‍വ ലൈംഗികബന്ധത്തിന്‌ നൂറില്‍ നൂറ്‌ മാര്‍ക്കും കൊടുക്കുകയാണ്‌ പുതുതലമുറ. സെക്‌സ് വിലക്കപ്പെട്ട കനിയല്ലെന്നും ആണ്‍ - പെണ്‍ ബന്ധങ്ങളില്‍ സെക്‌സിന്‌ വലിയ പ്രാധാന്യമില്ലെന്നും ഇവര്‍ വിശ്വസിക്കുന്നു. ഇതു പലപ്പോഴും ഫ്രീ സെക്‌സിനെ പ്രോത്സാഹിക്കുന്നു. രണ്ടു വ്യക്‌തികള്‍ പൂര്‍ണ സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിലെന്താണ്‌ തെറ്റെന്ന മറുചോദ്യവും പുതുതലമുറ മുന്നോട്ടു വയ്‌ക്കുന്നു.
സൗഹൃദങ്ങള്‍ക്ക്‌ സ്‌ഥിരതയില്ലാതാകുമ്പോള്‍ പുതിയ പുതിയ ബന്ധങ്ങള്‍ കടന്നുവരുന്നു. കൂടുവിട്ടു കൂടുമാറുന്ന ഇത്തരം അവസ്‌ഥ ഒരേ സമയം ഒന്നിലേറെ ബന്ധങ്ങള്‍ക്ക്‌ വഴിതെളിക്കുന്നു. ഒരേ സമയം ഒന്നിലേറെപ്പേരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ 'ന്യൂ ജനറേഷന്‍' ജീവിതം അവസരമൊരുക്കുന്നു. ഇതാണ്‌ അപകടം ക്ഷണിച്ചുവരുത്തുന്നത്‌. എന്നാല്‍ യാതൊരുവിധ മുന്‍കരുതലുകളും എടുക്കാന്‍ 'ന്യൂ ജനറേഷന്‍' കൂട്ടാക്കാറില്ല. എയ്‌ഡ്സിന്റെ വ്യാപനത്തിന്‌ ഇതിടയാക്കിയേക്കും. ചെറുപ്പക്കാരില്‍ വര്‍ധിച്ചുവരുന്ന എയ്‌ഡ്സ്‌ രോഗാണുബാധയ്‌ക്കു പിന്നില്‍ സെക്‌സിന്റെ നിസാരവല്‍ക്കരണവും കാരണമാകും.

ഞെട്ടിക്കുന്ന കണക്കുകള്‍

നിരന്തരമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെയും ലോകത്താകമാനമുള്ള സന്നദ്ധസംഘടനകളുടെ ഇടപെടലുകള്‍ മൂലവും എയ്‌ഡ്സ്‌ രോഗത്തിന്‌ കടിഞ്ഞാണിടാണ്‍ കഴിഞ്ഞിരുന്നു. പിന്നീട്‌ അവശേഷിച്ചത്‌ എയ്‌ഡ്സ്‌ രോഗികളുടെ പുനരധിവാസം മാത്രമായിരുന്നു. എന്നാല്‍ ഇന്ന്‌ ചിത്രം ആകെ മാറിയിരിക്കുന്നു. കൗമാരക്കാരില്‍ എയ്‌ഡ്സ്‌ രോഗം വര്‍ധിച്ചുവരുന്നു. ലക്ഷക്കണക്കിന്‌ കൗമാരക്കാര്‍ രോഗാണു ബാധയുടെ ഭീഷണയിലുമാണ്‌.
രോഗബാധിതരായ കൗമാരക്കാര്‍ക്കിടയിലെ മരണനിരക്ക്‌ അടുത്തകാലത്ത്‌ 50 ശതമാനത്തിലധികം വര്‍ധന ഉണ്ടായിട്ടുണ്ടെന്നാണ്‌ കണക്ക്‌. 2005 - 2012 കാലഘട്ടത്തില്‍ 30 ശതമാനം കുറഞ്ഞിടത്താണ്‌ ഈ ചുരുങ്ങിയകാലംകൊണ്ടുണ്ടായ വര്‍ധന. എച്ച്‌.ഐ.വി അണുബാധയുണ്ടാകുന്നവരില്‍ ഏഴിലൊരാള്‍ക്ക്‌ അത്‌ ബാധിക്കുന്നത്‌ കൗമാരപ്രായത്തിലാണെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു.'പുതിയ എച്ച്‌.ഐ.വി അണുബാധിയില്ലാത്ത, വിവേചനമില്ലാത്ത ഒരു നല്ല നാളെ'യാണ്‌ ഈ വര്‍ഷത്തെ ലോക എയ്‌ഡ്സ്‌ ദിനത്തിന്റെ മുദ്രാവാക്യം. കൗമാരക്കാരിലേക്കാണ്‌ ഇപ്പോള്‍ ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധ. ഇതിനായി കൗമാരക്കാരില്‍ എച്ച്‌.ഐ.വി പരിശോധനയ്‌ക്കും കൗണ്‍സലിംഗിനും പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. രോഗബാധയുമായി ജീവിക്കുന്നവര്‍ക്ക്‌ പ്രത്യേക പരിചരണം നല്‍കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്‌.

ഇനി ജീവിതം ജാഗ്രതയോടെ മാത്രം

ഓരോ കാലഘട്ടങ്ങളിലും ജീവിതശൈലി മാറി വരും. പലപ്പോഴും ഇത്‌ പാശ്‌ചാത്യരീതിയുടെ അനുകരണമായിരിക്കും. ഇത്തരം അനുകരണമാണ്‌ പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നത്‌. രണ്ടും രണ്ട്‌ സംസ്‌കാരമാണെന്ന്‌ തിരിച്ചറിയാതെ മറുനാടന്‍ ജീവിതരീതികള്‍ കണ്ണടച്ച്‌ അനുകരിക്കുകയാണ്‌ ന്യൂ ജനറേഷന്‍കാര്‍. എന്നാല്‍ മുന്നിലെ അപകടം കണ്ടില്ലെന്ന്‌ നടിക്കരുത്‌. ജീവിതം പൊട്ടിയ പട്ടം പോലാകരുത്‌. ഇനി ജാഗ്രതയോടെ വേണം. സെക്‌സിന്‌ നിയന്ത്രണങ്ങള്‍ വേണം. എയ്‌ഡ്സ്‌ പോലുള്ള രോഗങ്ങള്‍ ഇനിയും കടന്നുവരാം. സമൂഹത്തിന്റെ ചിട്ടവട്ടങ്ങള്‍ ന്യൂ ജനറേഷന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ബലികഴിക്കരുത്‌

 

Share this article :

Post a Comment

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger