Latest Movie :
Home » , » കൊടും വില്ലന്‍ സുവിശേഷകനാകുമ്പോള്‍.....

കൊടും വില്ലന്‍ സുവിശേഷകനാകുമ്പോള്‍.....

{[['']]}

കൊടും വില്ലന്‍ സുവിശേഷകനാകുമ്പോള്‍.....

  

Sphadikam George
കൊടുംവില്ലനായി അഭിനയിക്കാന്‍ ഇനി സ്ഫടികം ജോര്‍ജിനെ കിട്ടില്ല. അതിനൊരു കാരണമുണ്ട്. സിനിമ കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ ജീവിതം സുവിശേഷകന്റെ റോളിലാണ്. പഠിക്കുന്നതാവട്ടെ ബൈബിളും.
''സുവിശേഷം പറയുകയും വില്ലത്തരം കാണിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നു തോന്നി. നെഗറ്റീവ് വേഷങ്ങള്‍ കഴിയുന്നതും ഒഴിവാക്കുകയാണ്. അതുകൊണ്ട് സിനിമകള്‍ കുറഞ്ഞു. പൂര്‍ണമായും വില്ലന്‍വേഷം ഒഴിവാക്കിയാല്‍ പട്ടിണി കിടക്കേണ്ടിവരും. എന്നാലും കൊടുംവില്ലനാവാന്‍ ഞാനില്ല.''
സ്ഫടികം ജോര്‍ജ് പറഞ്ഞത് ശരിയാണ്. കാരണം അടുത്തകാലത്തായി ജോര്‍ജിനെ സിനിമയില്‍ അധികം കാണാറില്ല. ഈയിടെ റിലീസായ 'ബ്ലാക്ക്ബറി'യില്‍ തികച്ചും പോസിറ്റീവായ റോളാണ്. പോട്ടയില്‍ മൂന്നു ദിവസത്തെ ധ്യാനം കൂടിയശേഷമുള്ള ഇടവേളയില്‍ സ്ഫടികം ജോര്‍ജ് സംസാരിക്കുന്നു. സുവിശേഷ പ്രവര്‍ത്തനം ഒരു വില്ലനെ മാറ്റിമറിച്ചതെങ്ങനെയെന്ന് അദ്ദേഹം പറഞ്ഞുതരുന്നു.

വെളിപാട്....ഒന്ന്...ആത്മീയം

ഇരുപതു വര്‍ഷം മുമ്പാണ് മതത്തെയും ദൈവത്തെയുംകുറിച്ച് പഠിക്കാന്‍ തുടങ്ങിയത്. ഒരു ദിവസം ബൈബിള്‍ വായിക്കുമ്പോള്‍ ഒരു വചനം എന്നെ വല്ലാതെ ആകര്‍ഷിച്ചു. അപ്പോസ്തലപ്രവര്‍ത്തനങ്ങള്‍ ഒന്നാം അധ്യായത്തിലെ നാലും എട്ടും വാക്യങ്ങള്‍.
''നിങ്ങള്‍ ജറുസലേം വിട്ടുപോകരുത്. എന്റെ പിതാവില്‍ നിന്നും നിങ്ങള്‍ കേട്ട വാഗ്ദാനത്തിനായി കാത്തിരിക്കണം. പരിശുദ്ധാത്മാവ് നിങ്ങളുടെ മേല്‍ വരും. അപ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. ജറുസലേമിലും യഹൂദിയയിലും സമരിയായിലും ലോകത്തിന്റെ എല്ലാ അതിര്‍ത്തികളിലും നിങ്ങള്‍ എനിക്കു സാക്ഷികളാവും.''
ഉയിര്‍ത്തെഴുന്നേറ്റ യേശുക്രിസ്തു ശിഷ്യന്‍മാരോടു പറഞ്ഞ വാക്കുകളാണത്. സുവിശേഷപ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെന്നാഗ്രഹിച്ചത് ആ സമയത്താണ്. പക്ഷേ സമ്പൂര്‍ണ സുവിശേഷകനായത് ഈയടുത്തകാലത്താണെന്ന് മാത്രം. അത് നൂറു ശതമാനം ശരിയാണെന്ന് ഇപ്പോള്‍ തോന്നുന്നു. ടെന്‍ഷന്‍ നിറഞ്ഞ മനസിന് ഏക ആശ്വാസമാണിത്. ഇതിനകം ഒരുപാടു സ്ഥലങ്ങളില്‍ സുവിശേഷപ്രസംഗം നടത്തി. ഷൂട്ടിംഗില്ലാത്ത സമയത്താണ് സുവിശേഷപ്രവര്‍ത്തനം. ഒരുമാസം ആറു പ്രസംഗത്തിനുവരെ പോയിട്ടുണ്ട്. ക്രിസ്തുവിനെ അനുകരിക്കുന്നവനാണ് വിശ്വാസി. എന്നുവച്ചാല്‍ പൂര്‍ണമനസോടെ സ്‌നേഹിക്കുന്നവന്‍. പത്തു കല്‍പ്പനകളാണ് ദൈവം നമുക്കു തന്നിട്ടുള്ളത്. അതില്‍ ഒന്നാംപ്രമാണം തന്നെ മനുഷ്യന്‍ ലംഘിക്കുന്നു. തമ്മില്‍ കണ്ടുമുട്ടിയാല്‍ ഏതു സഭയിലാണെന്നാണ് ആദ്യം ചോദിക്കുന്നത്. ദൈവങ്ങളല്ല, മനുഷ്യരാണ് മതങ്ങളെ സൃഷ്ടിച്ചത്. എല്ലാ മനുഷ്യര്‍ക്കും വേണ്ടിയാണ് യേശുക്രിസ്തു ക്രൂശിക്കപ്പെട്ടത്.
ഋഗ്വേദത്തില്‍ ഒരു പ്രജാപതിയെ പരാമര്‍ശിക്കുന്നുണ്ട്. അവന്‍ കൈകാലുകള്‍ വിഛേദിക്കപ്പെട്ട് മരക്കുറ്റിയാല്‍ ബന്ധിക്കപ്പെട്ട് രക്തം വാര്‍ന്ന് മരിക്കണം. അവന്‍ സോമരസം കഴിക്കണം. കന്യകയില്‍ ജനിച്ചവനാകണം. ശിരസില്‍ മുള്‍മുടി ധരിക്കണം. മരിച്ച് മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കണം. ഈ ലക്ഷണങ്ങളുള്ള പ്രജാപതിയാണ് മനുഷ്യവര്‍ഗത്തിന്റെ മോചകന്‍. അതുകൊണ്ടാണ് സകല മനുഷ്യരുടെയും രക്ഷകന്‍ യേശുക്രിസ്തുവാണെന്ന് പറയുന്നത്.
ഖുര്‍ആനിലും യേശുക്രിസ്തുവിനെക്കുറിച്ച് പരാമര്‍ശമുണ്ട്. എല്ലാ മതങ്ങളും എത്തിച്ചേരുന്നത് ഒരു സത്യത്തിലേക്കാണ്. അതാണ് യേശുക്രിസ്തു. പക്ഷേ ഈ സത്യം മനസിലാക്കാന്‍ അധികംപേര്‍ക്കും കഴിഞ്ഞിട്ടില്ല. അതിനുകാരണം സംസ്‌കൃതമാണ്. വേദങ്ങള്‍ രചിച്ചത് സംസ്‌കൃതത്തിലാണ്. സംസ്‌കൃതം അറിയാവുന്നവര്‍ ഉയര്‍ന്ന വര്‍ഗത്തിലുള്ളവര്‍ മാത്രമായിരുന്നു. അതുകൊണ്ട് താഴെത്തട്ടിലുള്ളവര്‍ക്ക് വേദഗ്രന്ഥങ്ങളെക്കുറിച്ച് അറിവില്ലാതെപോയി. മതങ്ങള്‍ക്കുപരിയാണ് ദൈവം. ദൈവത്തെ സംബന്ധിച്ചിടത്തോളം മതമില്ല. മനുഷ്യരേയുള്ളൂ. ഇത്തരത്തിലുള്ള ഒരു ചിന്തയാണ് സുവിശേഷ പ്രവര്‍ത്തനത്തിലേക്കു തിരിയാന്‍ എന്നെ പ്രേരിപ്പിച്ചത്.

സുവിശേഷകനായപ്പോള്‍ ജീവിതത്തിലുണ്ടായ മാറ്റങ്ങള്‍?

ഒരുപാടു മാറ്റമുണ്ടായി. ദിവസവും അതിരാവിലെ എഴുന്നേല്‍ക്കും. വചനങ്ങള്‍ പഠിക്കും. ലൊക്കേഷനില്‍ ഒഴിവുസമയം കിട്ടുമ്പോള്‍ ബൈബിള്‍ വായിച്ചുകൊണ്ടിരിക്കും. ദൈവചിന്തകളാണ് ബൈബിളിലുള്ളത്. നോവല്‍ വായിക്കുന്നതുപോലെ ബൈബിള്‍ വായിച്ചിട്ട് കാര്യമില്ല. ഓരോ വായനയിലും പുതിയ പുതിയ അര്‍ഥതലങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നു എന്നതാണ് വിശുദ്ധഗ്രന്ഥത്തിന്റെ മഹത്വം. സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ കാലത്ത് മദ്യം കഴിക്കുമായിരുന്നു. പിന്നീടത് വിശേഷ അവസരങ്ങളില്‍ മാത്രമായി. ഇപ്പോള്‍ പൂര്‍ണമായും നിര്‍ത്തി. പുകവലിയുമില്ല. ശരീരമാണ് ദൈവത്തിന്റെ ആലയം. അതു ശുദ്ധമാവണം. ശരീരവും മനസും ആത്മാവുമാണ് നമ്മെ നയിക്കുന്നത്.

ഇത്രയുംനാള്‍ വില്ലനായി അഭിനയിക്കുന്ന ആള്‍ പെട്ടെന്ന് സുവിശേഷം പ്രസംഗിക്കുമ്പോള്‍?

പ്രസംഗിക്കാനെത്തുമ്പോള്‍ ആദ്യത്തെ അഞ്ചുമിനുട്ടുനേരം എന്നെ അദ്ഭുതജീവിയെപ്പോലെയാണ് ആളുകള്‍ നോക്കുന്നത്. ഇത്രനാളും ദുഷ്ടനായി സ്‌ക്രീനില്‍ കണ്ട, തല്ലൂകൊള്ളിയും തെമ്മാടിയും കള്ളുകുടിയനുമായ ഒരാള്‍ സുവിശേഷം പ്രസംഗിക്കുകയോ? അവരുടെ മനസില്‍ ഇതായിരിക്കും. പിന്നീടവര്‍ ശ്രദ്ധിച്ചുകേള്‍ക്കും. ഇപ്പോള്‍ മിക്കവര്‍ക്കും പരിചിതമായി. പലരും ഇക്കാര്യം നേരില്‍ത്തന്നെ പറഞ്ഞിട്ടുമുണ്ട്.

സുവിശേഷകനായി മാറിയത് കുടുംബത്തിന് ഇഷ്ടപ്പെട്ടോ?

ഭാര്യയും അഞ്ചുമക്കളും ഉള്‍പ്പെടുന്ന കുടുംബമാണ് എന്റേത്. മൂന്നുപേരുടെ വിവാഹം കഴിഞ്ഞു. സുവിശേഷ പ്രവര്‍ത്തനത്തിന് അവരുടെ പൂര്‍ണ പിന്തുണയുണ്ട്. കോട്ടയം കളത്തിപ്പടി സ്വദേശിയായ ഞാനിപ്പോള്‍ കുടുംബസമേതം ബാംൂരിലാണ് താമസം. കേരളത്തില്‍ ഷൂട്ടിംഗിനുവരുമ്പോള്‍ താമസിക്കാന്‍ ചാലക്കുടിയില്‍ ഒരു വീടു വാങ്ങി. കുട്ടികളുടെ പഠിത്തത്തിനുവേണ്ടിയാണ് ബാംഗ്‌ളൂരിലേക്കു പോയത്. പഠിത്തം കഴിഞ്ഞാല്‍ തിരിച്ച് കേരളത്തിലേക്കു തന്നെ വരും.

വെളിപാട്...രണ്ട്...അഭിനയം

പാലായില്‍ ട്രാവല്‍ ഏജന്‍സി നടത്തിക്കൊണ്ടിരുന്ന കാലത്ത് നാടകങ്ങളില്‍ സജീവമായിരുന്നു. ആ സമയത്താണ് ആലപ്പുഴയില്‍ നാടകട്രൂപ്പ് നടത്തിവന്ന വിനയനെന്ന ആളെ പരിചയപ്പെട്ടത്. സംവിധായകന്‍ വിനയന്‍ തന്നെ. മലയാളത്തില്‍ ഒന്നു രണ്ടു സിനിമകള്‍ സംവിധാനം ചെയ്‌തെങ്കിലും നാടകമായിരുന്നു വിനയന്റെ അന്നത്തെ പ്രധാന മേഖല. ഒരു ദിവസം കണ്ടപ്പോള്‍ എന്നോടു പറഞ്ഞു.
''എന്റെ പുതിയ നാടകത്തില്‍ പോലീസ് ഓഫീസറുടെ വേഷമുണ്ട്. ജോര്‍ജ് അതില്‍ അഭിനയിച്ചാല്‍ എന്റെ അടുത്ത സിനിമയില്‍ അവസരം തരാം.''
'കന്യാകുമാരിയില്‍ ഒരു കവിത' എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തനത്തിലായിരുന്നു വിനയന്‍. ആ ഉറപ്പിന്മേലാണ് വിനയന്റെ നാടകത്തിലെ പോലീസ് ഓഫീസറാവുന്നത്. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ വിനയന്‍ വാക്കുപാലിച്ചു. കന്യാകുമാരിയില്‍ ഒരു കവിതയില്‍ തിരുവട്ടാര്‍ മണിയെന്ന വില്ലനെ അവതരിപ്പിച്ചത് അങ്ങനെയാണ്. അതിനുശേഷം ചെറിയ ചെറിയ റോളുകളില്‍ അഭിനയിച്ചു. ചെങ്കോല്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നടക്കുമ്പോഴാണ് ഗുഡ്‌നൈറ്റ് മോഹന്‍ അവിടെ വന്നത്. പരിചയപ്പെട്ടശേഷം ഞങ്ങള്‍ കുറെനേരം സംസാരിച്ചു. മോഹന്‍ നിര്‍മ്മിക്കുന്ന സ്ഫടികം എന്ന ചിത്രം പ്ലാന്‍ ചെയ്യുന്ന സമയമായിരുന്നു അത്. മോഹനാണ് സംവിധായകന്‍ ഭദ്രനോട് എന്റെ പേരു പറയുന്നത്. ഭദ്രന്‍ ഒരു ദിവസം എന്നെ വിളിപ്പിച്ചു. അങ്ങനെയാണ് കുറ്റിക്കാടന്‍ എന്ന പോലീസ് ഓഫീസറാവുന്നത്. ആദ്യം മറ്റൊരാളെയാണ് ഈ വേഷത്തിന് അവര്‍ കണ്ടുവച്ചത്. എന്നെക്കണ്ടപ്പോള്‍ അയാളെ ഒഴിവാക്കി. പുലിക്കോടന്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ ആദ്യത്തെ പേര്. ആ പേരില്‍ യഥാര്‍ഥത്തില്‍ ഒരു പോലീസ് ഓഫീസറുണ്ടായിരുന്നു. അയാള്‍ കേസ് കൊടുത്തതിനെത്തുടര്‍ന്ന് കുറ്റിക്കാടന്‍ എന്നു പേര് മാറ്റേണ്ടിവന്നു.

ആ പോലീസ് ഉദ്യോഗസ്ഥന്റെ മാനറിസങ്ങള്‍ കോപ്പിയടിച്ചാണ് അഭിനയിച്ചതെന്നും വിവാദമുണ്ടായിരുന്നു?

ആ ഉദ്യോഗസ്ഥനെ ഞാന്‍ കണ്ടിട്ടുപോലുമില്ല. പിന്നെങ്ങനെ അയാളുടെ മാനറിസം അഭിനയത്തില്‍വരും? ഇക്കാര്യത്തില്‍ സംവിധായകനും നിരപരാധിയായിരുന്നു. ഒരിക്കല്‍ കോഴിക്കോട് മഹാറാണിയില്‍ താമസിച്ചപ്പോള്‍ അവിടെ പുലിക്കോടന്‍ എന്ന ഉദ്യോഗസ്ഥനുണ്ടെന്ന് സുഹൃത്ത് പറഞ്ഞു. പരിചയപ്പെടണോയെന്ന് അവന്‍ ചോദിച്ചെങ്കിലും എനിക്ക് താല്‍പ്പര്യമില്ലായിരുന്നു. കണ്ടുകഴിഞ്ഞാല്‍ അതും വിവാദമായാലോ? അതിനാല്‍ കണ്ടില്ല. പക്ഷേ ആ സിനിമ എനിക്ക് വലിയ മൈലേജാണ് നല്‍കിയത്. തുടരെത്തുടരെ വേഷങ്ങള്‍. പേരു പോലും സ്ഫടികം ജോര്‍ജെന്നു മാറി.

പിന്നീട് കൂടുതലും പോലീസ് വേഷങ്ങളായിരുന്നു?

'സ്ഫടിക'ത്തിന്റെ ഹാംഗ് ഓവറില്‍ സംഭവിച്ചതാണത്. തുടക്കക്കാരന്‍ എന്ന നിലയില്‍ സെലക്ടീവാകാനൊന്നും കഴിഞ്ഞില്ല. കിട്ടുന്ന റോളുകളെല്ലാം സ്വീകരിച്ചു. അതുകൊണ്ട് ദോഷമൊന്നുമുണ്ടായിട്ടില്ല. ഇപ്പോഴും പോലീസുകാര്‍ക്ക് എന്നോട് സ്‌നേഹമാണ്. ഏത് ട്രാഫിക് ബ്ലോക്കില്‍ കിടന്നാലും അവരെന്നെ രക്ഷപ്പെടുത്തും. പരിശോധിക്കുമ്പോഴും പരിഗണന കിട്ടാറുണ്ട്. തൃശൂര്‍ ഐ.ജി.ഗോപിനാഥ് എന്റെ ഏറ്റവുമടുത്ത സുഹൃത്താവുന്നതും ആ സിനിമയോടെയാണ്.

'ഹലോ'യിലൂടെ കോമഡിട്രാക്കിലെത്തിയെങ്കിലും ക്ലച്ച് പിടിച്ചില്ല?

ശരിയാണ്. പ്രതീക്ഷയോടെയാണ് 'ഹലോ' ചെയ്തത്. ഞാന്‍ മാത്രമല്ല, ഭീമന്‍രഘുവും മോഹന്‍രാജും കോമഡി റോളിലായിരുന്നു. ലാലിന്റെ സുഹൃത്തുക്കളിലൊരാളായി ശ്രദ്ധിക്കപ്പെട്ടിട്ടും വീണ്ടും വിളിച്ചത് വില്ലന്‍വേഷത്തിലേക്കാണ്. അതു കഴിഞ്ഞാണ് 'മായാമോഹിനി'യിലേക്ക് വിളിച്ചത്. മണ്ടന്‍ എസ്.പിയായി അഭിനയിച്ചപ്പോള്‍ ധാരാളം പേര്‍ അഭിനന്ദിച്ചു. പക്ഷേ പിന്നെയും വില്ലനിലായി. അതോടെ വില്ലന്‍കളി ശരിക്കും മടുത്തു. പോസിറ്റീവായ കഥാപാത്രമാണ് ബ്ലാക്ക്‌ബെറിയിലേത്. ഇനി പ്രതീക്ഷ ആ സിനിമയിലാണ്.

നാലു വില്ലന്‍മാരുടെ കൂട്ടായ്മ ഈയടുത്തകാലത്ത് ശ്രദ്ധിക്കപ്പെട്ടല്ലോ?

അബുസലീമാണ് അങ്ങനെയൊരു ആശയം കൊണ്ടുവന്നത്. കണ്ണൂരില്‍ ഒരു ടെക്‌സ്റ്റയില്‍സിന്റെ ഉദ്ഘാടനത്തിന് അബുസലീമിനെ വിളിച്ചു. വേറെയാരെങ്കിലും കൂടി കിട്ടുമോയെന്ന് അവര്‍ ചോദിച്ചപ്പോഴാണ് എന്നെയും കൊല്ലം അജിത്തിനെയും മേഘനാഥനേയും അവന്‍ വിളിച്ചത്. ബ്ലാക്ക് കളര്‍ ഷര്‍ട്ടും നീല ജീന്‍സുമിട്ടാണ് നാലുപേരും കണ്ണൂരിലെത്തിയത്. തുറന്ന ജീപ്പില്‍ നാട്ടുകാര്‍ ഞങ്ങളെ ആനയിച്ചുകൊണ്ടുപോയി. പത്രങ്ങളിലും ചാനലുകളിലും വാര്‍ത്ത വന്നപ്പോള്‍ അതൊരു ട്രെന്‍ഡായി. അതേ വേഷത്തില്‍ നാല് ഉദ്ഘാടനങ്ങള്‍ വരെ നടത്തി. പൊതുവെ ആളുകള്‍ക്ക് വില്ലന്‍മാരെ ഇഷ്ടമാണ്. ഞങ്ങള്‍ക്കു കിട്ടിയ സ്വീകരണം തെളിയിക്കുന്നതും അതാണ്.
 
Share this article :

Post a Comment

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger