Latest Movie :
Home » , » MUKASH vs DEVIKA ഇത് ഞങ്ങള്‍ കാത്തിരുന്ന വിവാഹം

MUKASH vs DEVIKA ഇത് ഞങ്ങള്‍ കാത്തിരുന്ന വിവാഹം

{[['']]}
അപൂര്‍വ്വമായൊരു പ്രണയത്തിന്റെ പരിസമാപ്തിയായിരുന്നു മുകേഷ്- മേതില്‍ ദേവിക വിവാഹം. ഇരുവരുടേയും ഹൃദയം തുറന്ന സംഭാഷണം


മുകേഷ് എങ്ങനെ ദേവികയുടെ ഹൃദയത്തില്‍ കയറി?
സംഗീതനാടക അക്കാദമിയില്‍ വെച്ചുള്ള പരിചയമാണ് ഞങ്ങളുടെ വിവാഹത്തില്‍ കലാശിച്ചത് എന്ന് വാര്‍ത്തകള്‍ വരുന്നു. അത് ശരിയല്ല. മൂന്നു മാസമാണ് അക്കാദമിയില്‍ ഞാന്‍ ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നത്. അന്നൊന്നും ഞാനും മുകേഷേട്ടനും പരസ്പരം സംസാരിക്കുകപോലും ചെയ്തിട്ടില്ല.

അദ്ദേഹം ആദ്യമായി സംസാരിക്കുന്നത് ഖത്തറില്‍ എന്റെയൊരു നൃത്തപരിപാടിക്കിടെയാണ്. വേള്‍ഡ് മലയാളി കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയായിരുന്നു അത്. ഞാനും രാജശ്രീ വാര്യരും ചേര്‍ന്ന് അന്നവിടെ നൃത്തം അവതരിപ്പിച്ചു. നൃത്തംകഴിഞ്ഞ് ബാക്‌സ്റ്റേജില്‍ എത്തിയപ്പോള്‍ അതാ... നില്‍ക്കുന്നു... മുകേഷേട്ടന്‍. കണ്ടപാടെ എന്നോടൊരു ചോദ്യം, ''ഇയാളെ അക്കാദമിയുടെ യോഗത്തിനൊന്നും കാണുന്നില്ലല്ലോ.'' ''എനിക്കത്ര താത്പര്യം തോന്നുന്നില്ല'', ഞാന്‍ പറഞ്ഞു. ഉടന്‍ വന്നു മറുപടി, ''അങ്ങനെ പറഞ്ഞാല്‍ പറ്റത്തില്ല.'' 
മുകേഷേട്ടന്‍ പോയിക്കഴിഞ്ഞപ്പോള്‍ രാജശ്രീ പറഞ്ഞു, ''ഇങ്ങേര് നല്ലൊരു മനുഷ്യനാണ്.'' അതാണ് മുകേഷ് എന്ന വ്യക്തിയെക്കുറിച്ച് ആദ്യമായി ഞാന്‍കേട്ട ഒരഭിപ്രായം. 

പരിപാടിയുടെ തലേന്ന് ഞാനും രാജശ്രീയും ഒരുമിച്ചൊരു മുറിയിലായിരുന്നു. ആ സമയം മുഴുവന്‍ സിനിമാക്കാരെ കുറ്റംപറഞ്ഞ് കൊല്ലുകയായിരുന്നു ഞങ്ങള്‍. അതില്‍നിന്ന് തികച്ചും വ്യത്യസ്തമായൊരു അഭിപ്രായം കേട്ടതുകൊണ്ടാകാം, അതെന്റെ മനസ്സിനെ അറിയാതെതന്നെ സ്പര്‍ശിച്ചിരുന്നു.

ഖത്തറിലെ പ്രോഗ്രാം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ എയര്‍പോര്‍ട്ടില്‍വെച്ച് വീണ്ടും മുകേഷേട്ടനെ കണ്ടു. അദ്ദേഹത്തിന്റെ കൂടെ രമേഷ് പിഷാരടിയുമുണ്ട്. രമേഷ് കേള്‍ക്കെ തന്നെ മുകേഷേട്ടന്‍ ചോദിച്ചു, ''ആര്‍യു മാരീഡ്?'' ഞാന്‍ പറഞ്ഞു, ''യെസ്''. ഇതു കേട്ടതും 'ഓകെ, ഓകെ' എന്നുപറഞ്ഞ് ആള് തിരിഞ്ഞൊരു പോക്ക്.
പിന്നെ എപ്പോഴാണ് വിവാഹക്കാര്യം സംസാരിക്കുന്നത്?
ഒരു ദിവസം അദ്ദേഹത്തിന്റെ ഫോണ്‍, ''ഞാന്‍ പാലക്കാട്ട് ഒരു ചടങ്ങിനു വരുന്നുണ്ട്. ആ സമയം ദേവികയുടെ വീട്ടിലേക്ക് വന്നോട്ടെ.''
''ഓ... അതിനെന്താ... വന്നോളൂ.'' ഞാന്‍ പറഞ്ഞു.

മൂപ്പര് വന്നു. ഒരു ചായപോലും കുടിക്കാതെ അഞ്ചുമിനുട്ട് അവിടെ ചെലവഴിച്ച് സ്ഥലംവിട്ടു. 
അതുകഴിഞ്ഞ് കഴിഞ്ഞകൊല്ലം ഒക്ടോബറില്‍ അദ്ദേഹത്തിന്റെ സഹോദരിയും ഭര്‍ത്താവുംകൂടി വീട്ടില്‍ വന്നു. അവര്‍ വരവിന്റെ ഉദ്ദേശ്യം കൃത്യമായി പറഞ്ഞു, ''ദേവികയെ മുകേഷിനുവേണ്ടി ആലോചിക്കാന്‍ വന്നതാണ്.'' ഞാന്‍ പറഞ്ഞു, ''വീണ്ടുമൊരു വിവാഹത്തെക്കുറിച്ച് ഞാനിതുവരെ ചിന്തിച്ചിട്ടില്ല.''

നീണ്ട ആറുമാസം. ഞാന്‍ ആലോചിച്ചാലോചിച്ച് ഒരു തീരുമാനമെടുത്തു. എന്നിട്ട് മുകേഷേട്ടനെ വിളിച്ചു, ''ഞാന്‍ വിവാഹത്തിന് ഒരുക്കമാണ്. പക്ഷേ, അറിയാമല്ലോ എന്റെ സാഹചര്യങ്ങള്‍. ഞാന്‍ ഒറ്റയ്ക്കല്ല. എനിക്കൊരു മോനുണ്ട്. അവന് ദോഷംചെയ്യുന്ന ഒരു കാര്യവും എനിക്ക് ചിന്തിക്കാന്‍പോലും പറ്റില്ല.''

അതിനുള്ള മറുപടി വ്യക്തമായിരുന്നു. ''ദേവികയുടെ എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ടുതന്നെയാണ് ഞാന്‍ കല്യാണമാലോചിച്ചത്. ദേവികയുടെ മോന്‍ തീര്‍ച്ചയായും സുരക്ഷിതനായിരിക്കും. അതുപോലെ ദേവികയുടെ കലയും.'' ആ മറുപടി എന്റെ ഹൃദയത്തില്‍ തൊട്ടു. 

വിവാഹമേ വേണ്ടെന്നുവെച്ചിരുന്ന ദേവിക പെട്ടെന്ന് നിലപാടു മാറ്റാന്‍ കാരണം?

'ശക്തയാണു ഞാന്‍ . എന്നെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല' എന്നൊക്കെ പ്രസംഗിക്കാന്‍ സാധിക്കും. പക്ഷേ, സാമൂഹിക ചുറ്റുപാടില്‍ സ്ത്രീ നില്ക്കുന്നത് കഴുകന്മാര്‍ക്കിടയിലാണ്. മനസ്സുകൊണ്ട് നമ്മള്‍ എത്ര ശക്തയാണെങ്കിലും നല്ലൊരു തുണയില്ലെങ്കില്‍ ജീവിതം സുരക്ഷിതമാകില്ല. ഒരു സ്ത്രീക്ക് തനിച്ച് യാത്രചെയ്യാന്‍പോലും പറ്റുന്നില്ല. മൊബൈലിലൊക്കെ എന്തൊക്കെ മെസേജുകളാണ് വരുന്നത്. 
ഇപ്പോള്‍ വീണ്ടും കല്യാണം കഴിച്ചതിന്റെ ഏറ്റവും വലിയനേട്ടം, എന്തെന്ന് ആരു ചോദിച്ചാലും ഞാന്‍ പറയും, 'എന്റെ മൊബൈലിലേക്കു വന്നിരുന്ന മിസ്ഡ് കോളുകളും മെസേജുകളും നിന്നു' എന്ന് (പൊട്ടിച്ചിരിക്കുന്നു).

മുകേഷിനോടുള്ള പ്രണയം ബോധ്യപ്പെട്ട നിമിഷം...?

ഞങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിക്കും മുന്‍പ് പ്രീ മാരിറ്റല്‍ കൗണ്‍സലിങ്ങിനായി എറണാകുളത്ത് പരിചയമുള്ള ഒരു വക്കീലിന്റെയടുത്തു പോയി. കൗണ്‍സലിങ്ങിനിടെ വക്കീല്‍ പറഞ്ഞു, സാധാരണ രണ്ടാമതു വിവാഹിതരാവുമ്പോള്‍ പെണ്ണ്, എന്തെങ്കിലും സ്വത്ത് ഭര്‍ത്താവാകാന്‍ പോകുന്നയാളില്‍ നിന്ന് എഴുതിവാങ്ങിക്കുന്ന ഏര്‍പ്പാടുണ്ട് എന്ന്. അതൊരു സെക്യൂരിറ്റിക്കാണത്രെ. ഇതുകേട്ട് മുകേഷേട്ടന്‍ പറഞ്ഞു, ''അതിനെന്താ... ദേവിക എന്തു വേണമെങ്കിലും ചോദിക്കട്ടെ.'' ഞാനാകെ വിയര്‍ത്തുപോയി. മുന്‍വിവാഹമോചനത്തില്‍ പോലും മോചനദ്രവ്യം ഒന്നും വാങ്ങിയിട്ടില്ല ഞാന്‍. ആ ഞാന്‍ സ്വത്ത് എഴുതിവാങ്ങി വിവാഹത്തിനു തയ്യാറായാല്‍ എനിക്കെന്ത് വിശ്വാസ്യതയാണുള്ളത്?

ഞാന്‍ മുകേഷേട്ടനോടു പറഞ്ഞു, ''എനിക്ക് സ്‌നേഹം മാത്രം മതി. അത് വില കൊടുത്തു വാങ്ങാന്‍ പറയരുത്.'' അതില്‍ മൂപ്പര് ശരിക്കും വീണു. അദ്ദേഹം പറഞ്ഞു, ''ദേവിക ക്ഷമിക്കണം. ഇന്നേവരെ എന്നോട് അടുത്തവരെല്ലാം എന്നെ കണ്ടിരുന്നത് എ.ടി.എം. കാര്‍ഡായിട്ടാണ്. അക്കൗണ്ടില്‍ പൈസയുള്ളപ്പോള്‍ മാത്രമേ കാര്‍ഡിന് വിലയുള്ളൂ. അല്ലാത്ത കാര്‍ഡ് കീറിക്കളയും. അതുപോലെയാണ് പലരും ബന്ധങ്ങള്‍ വലിച്ചെറിഞ്ഞു പോയത്.'' 

അന്നുരാത്രി എനിക്കുറക്കം വന്നില്ല. ഞാന്‍ മുകേഷേട്ടനെ ഫോണില്‍ വിളിച്ചുകൊണ്ടേയിരുന്നു. സങ്കടം നിയന്ത്രിക്കാനാകാതെ പൊട്ടിക്കരഞ്ഞു പലപ്പോഴും. അന്നാണ് അറിയുന്നത്, എന്റെ മനസ്സില്‍ മുകേഷേട്ടനോട് പ്രണയമുണ്ടെന്ന്.
Share this article :

Post a Comment

aa

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralalive tv shows - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger