Monday, February 10, 2014

വിക്കിപീഡിയയില്‍ യേശുക്രിസ്തു മുന്നില്‍; തൊട്ടുപിന്നില്‍ നെപ്പോളിയനും മുഹമ്മദ് നബിയും.


ലണ്ടന്‍: വിക്കിപീഡിയയില്‍ യേശുക്രിസ്തു മുന്നില്‍. ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയയായ വിക്കിപീഡിയയിലെ ഏറ്റവും സവിശേഷരായ ചരിത്രപുരുഷന്മാര്‍ യേശുക്രിസ്തുവും നെപ്പോളിയനും മുഹമ്മദ് നബിയുമാണെന്ന് കണ്ടെത്തി. വിക്കിയുടെ 30 ലക്ഷം പേജുകള്‍ വിശകലനം ചെയ്തശേഷമാണ് കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞരായ സ്റ്റീവന്‍ സ്കീനയും ചാള്‍സ് ബി വാര്‍ഡും പ്രധാനവ്യക്തികളെ കണ്ടെത്തിയത്. ഇതുപ്രകാരം യേശുദേവനാണ് ഒന്നാം സ്ഥാനത്ത്. ഫ്രഞ്ച് ചക്രവര്‍ത്തിയായിരുന്ന നെപ്പോളിയന്‍ രണ്ടാമതും മുഹമ്മദ് നബി മൂന്നാമതും എത്തുകയുണ്ടായി. ആദ്യ പത്തുവ്യക്തികളില്‍ ഷേക്സ്പിയറും ഹിറ്റ് ലറും അരിസ്റ്റോട്ടിലുമൊക്കെ സ്ഥാനം പിടിച്ചു. കലാകാരന്മാരില്‍ ഡാവിഞ്ചി ഒന്നാം സ്ഥാനത്തും മൈക്കലാഞ്ചലോയും റാഫേലും രണ്ടും മൂന്നും സ്ഥാനത്ത് എത്തുകയുമുണ്ടായി. ആധുനിക കാലത്തെ പട്ടികയില്‍ വിന്‍സെന്റ് വാന്‍ഗോഗാണ് പട്ടികയില്‍ മുന്നില്‍.

             പിക്കാസോ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. ഒരു വ്യക്തിയുടെ വിക്കിപിഡിയ പേജിന്റെ ദൈര്‍ഘ്യം, എത്ര തവണ അത് വായിക്കപ്പെടുന്നു, മറ്റ് പ്രധാന വ്യക്തികളുടെ പേജില്‍ നിന്നുള്ള ലിങ്കുകളുടെ എണ്ണം എന്നിവ കണക്കാക്കിയാണ് പ്രധാന വ്യക്തികളെ കണ്ടെത്തിയത്. കൂടാതെ പൊതുജനാഭിപ്രായം, ഹാള്‍ ഓഫ് ഫെയിം വോട്ടിങ് റെക്കോഡുകള്‍, സ്പോര്‍ട്സ് സ്റ്റാറ്റിസ്റ്റിക്സ്, പെയിന്റിങ്ങുകളുടേയും, ഓട്ടോഗ്രാഫുകളുടേയും വില എന്നിവ കൂടി കണക്കിലെടുത്താണ് സവിശേഷരായ ചരിത്ര പുരുഷന്മാരെ തെരഞ്ഞെടുത്തത്

No comments:

Post a Comment