Saturday, February 8, 2014

8 ലക്ഷം പഴക്കമുള്ള മനുഷ്യ കാല്‍പ്പാടുകള്‍ കിഴക്കന്‍ ഇംഗ്ലണ്ടിലെ നോര്‍ഫോല്‍ക്കില്‍ നിന്നും കണ്ടെത്തി.



ലണ്ടന്‍: കിഴക്കന്‍ ഇംഗ്ലണ്ടിലെ നോര്‍ഫോല്‍ക്കില്‍ നിന്നും ആദിമ മനുഷ്യന്റേതെന്ന് കരുതപ്പെടുന്ന കാല്‍പ്പാടുകല്‍ കണ്ടെത്തി. ഇതിന് 8 ലക്ഷം വര്‍ഷം പഴക്കം വരും. ബ്രിട്ടീഷ് മ്യൂസിയത്തില്‍ നിന്നുള്ള ഗവേഷകരുടെ നേതൃത്വത്തിലുള്ള പഠനസംഘമാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ആഴ്ചകളായി കാല്‍പ്പാടുകളുടെ ത്രിഡി സ്കാനുകള്‍ എടുക്കുകയായിരുന്നു ഗവേഷകര്‍. അഞ്ച് പേരുടെ കാല്‍പ്പാടുകളാണ് ഇവയെന്നും ഇവയില്‍ ഒന്ന്  മുതിര്‍ന്ന ഒരു പുരുഷന്റേതാണെന്നും ഇവയില്‍ ഏറ്റവും വലിയ കാല്‍പ്പാടിന് യുകെയില്‍ സൈസ് എട്ട് ഷൂവിന്റെ വലിപ്പം വരുമെന്നും കാല്‍പ്പാടുകള്‍ നിരീക്ഷിച്ച ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്സിറ്റിയിലെ ഗവേഷക ഇസബെല്ല ഡി ഗ്രൂട്ട് പറഞ്ഞു. തെക്കന്‍ യൂറോപ്പില്‍ വസിച്ചിരുന്ന ഹോമോ അന്റെസെസര്‍ വിഭാഗത്തില്‍പ്പെട്ടവരുടെ കാല്‍പ്പാടുകളാണെന്നാണ് പ്രാഥമിക നിഗമനം. 

                                 8 ലക്ഷം വര്‍ഷം മുന്‍പുണ്ടായ കൊടും തണുപ്പിലാണ് ഈ വിഭാഗം മനുഷ്യര്‍ ഭൂമിയില്‍ നിന്നും നാമാവശേഷമായത്. 2010 -ല്‍ ഇതേ മനുഷ്യവിഭാഗം ഉപയോഗിച്ചിരുന്ന കല്ലില്‍ നിര്‍മ്മിച്ച ആയുധങ്ങള്‍ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. കാല്‍പ്പാടുകള്‍ കൂടി കണ്ടെത്തിയതോടെ ഒരു മില്യണ്‍ വര്‍ഷം മുന്‍പ് ബ്രിട്ടനില്‍ മനുഷ്യര്‍ വസിച്ചിരുന്നതായി സ്ഥിരീകരിക്കപ്പെട്ടുവെന്ന് ഗവേഷകര്‍ പറയുന്നു. ഇതാദ്യമായിട്ടാണ് ആഫ്രിക്കയ്ക്ക് പുറത്ത് ഏറെ വര്‍ഷം പഴക്കമുള്ള കാല്‍പ്പാടുകള്‍ കണ്ടെത്തുന്നത്. ബ്രിട്ടണിലും യൂറോപ്പിലും വസിച്ചിരുന്ന ആദിമ മനുഷ്യരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സഹായകരമാകുന്നതാണ് ഈ കണ്ടെത്തലെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. 

No comments:

Post a Comment