Monday, February 10, 2014

പട്ടാളക്കാരനും ഗള്‍ഫ്‌ കാരനും ഡബിള്‍ റോളില്‍ തിളങ്ങിയപ്പോള്‍

ഡബിള്‍ റോളിലൂടെ നഴ്‌സിംഗ്‌ കൂട്ടുകാരികളെ ഒരേ സമയം പ്രേമിച്ചു, നഗ്ന ചിത്രങ്ങളിട്ടയാളെ തിരക്കിയ പോലീസും ഡബിള്‍ റോളില്‍ കുഴങ്ങി









ഫേസ്‌ ബുക്കിന്റെ പത്താം വാര്‍ഷികം കഴിഞ്ഞ ദിവസം ആഘോഷിച്ചതിന്റെ ഹാങ്‌ ഓവര്‍ തീരുന്നതിന്‌ മുമ്പ്‌ ആരാധകര്‍ വായിച്ചിരിക്കേണ്ട ഒരു സംഭവം. ലോകം ഒരു സുഹൃത്‌ വലയമാക്കുമ്പോഴും ഫേസ്‌ബക്കിലൂടെ പറ്റിക്കപ്പെടുന്ന അപമാനിക്കപ്പെടുന്ന ആള്‍ക്കാരുടെ എണ്ണവും കൂടുന്നു.


കോട്ടയം സ്വദേശിനികളായ രണ്ട്‌ നേഴ്‌സിംഗ്‌ വിദ്യാര്‍ത്ഥിളാണ്‌ ഏറ്റവുമൊടുവില്‍ അപമാനിക്കപ്പെട്ടെന്ന പരാതിയുമായി രംഗത്തെത്തിയത്‌. കോട്ടയത്തുള്ള സുഹൃത്തുക്കളായ രണ്ട്‌ പെണ്‍കുട്ടികളാണ്‌ നഴ്‌സിംഗ്‌ പഠനത്തിനായി ആന്ധ്രാപ്രദേശില്‍ പോയത്‌. ഫേസ്‌ ബുക്കിന്റെ മായിക കഥകള്‍ കേട്ടറിഞ്ഞ്‌ രണ്ടു മാസം കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടികള്‍ ഫേസ്‌ബുക്ക്‌ അക്കൗണ്ടും തുടങ്ങി.

ദിവസങ്ങള്‍ക്കകം ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി അനേകം സുഹത്തുക്കളേയും കിട്ടി. ഇതിലൊരു പെണ്‍കുട്ടിക്ക്‌ പട്ടാളക്കാരനെന്ന്‌ പ്രൊഫൈലുള്ള ഒരു സുഹൃത്തിനെ കിട്ടി. ദിവസങ്ങള്‍ക്കുള്ളില്‍ പട്ടാളക്കാരനും ഈ പെണ്‍കുട്ടിയും ആത്മാര്‍ത്ഥ സുഹൃത്തുക്കളായി. പട്ടാളക്കാരന്റെ പട്ടാള ചാറ്റിംഗ്‌ കണ്ടിട്ടാണോ എന്തോ പെണ്‍കുട്ടി അയാളുമായി പ്രണയത്തിലായി. തുടര്‍ന്ന്‌ ഫോണിലൂടെയായി പട്ടാള കഥകള്‍ . പട്ടാളക്കാരനില്‍ മതിമറന്ന പെണ്‍കുട്ടി തന്റെ ഹൃദയത്തോടൊപ്പം ഫേസ്‌ ബുക്കിന്റെ താക്കോലായ പാസ്‌വേഡും കൂടി നല്‍കി. അങ്ങനെ ഇവര്‍ക്കിടയിലെ രഹസ്യങ്ങള്‍ പട്ടാളക്കഥകള്‍ പോലെ പരസ്യമായി.

തുടര്‍ന്നാണ്‌ കാമുകിയുടെ സുഹൃത്തായ പെണ്‍കുട്ടിയുടെ കാര്യങ്ങള്‍ പട്ടാളക്കാരന്‍ മനസിലാക്കുന്നത്‌. തന്റെ സുഹൃത്തായ ഗള്‍ഫ്‌ കാരന്‌ സുഹൃത്ത്‌ കുട്ടിയോട്‌ താത്‌പര്യമുണ്ടെന്ന്‌ പറഞ്ഞു. അങ്ങനെ സുഹൃത്ത്‌ പെണ്‍കുട്ടിയും ഗള്‍ഫ്‌ കാരനും അടുപ്പത്തിലായി. പെണ്‍കുട്ടികള്‍ക്ക്‌ നല്ല സന്തോഷം. രണ്ടു പേര്‍ക്കും രണ്ട്‌ ചുള്ളന്‍ കാമുകന്മാര്‍ . ഒരാള്‍ പട്ടാളക്കാരന്‍ . മറ്റേയാള്‍ ഗള്‍ഫ്‌ കാരന്‍ . കൊള്ളാം നിലയ്‌ക്കും വിലയ്‌ക്കുമൊത്ത പ്രേമം. ഈ രണ്ടു പെണ്‍കുട്ടികള്‍ക്കും മറ്റേയാളിന്റെ കാമുകനെ നേരിട്ട്‌ അറിയില്ലായിരുന്നു. ഒരു നേരമാകുമ്പേള്‍ ഇരുവരും അവരുടെ ലോകത്തെ ചാറ്റിംഗിലായിരിക്കും.

ഇതിനിടയ്‌ക്ക്‌ യാദൃശ്ചികമായി പെണ്‍കുട്ടികള്‍ പട്ടാളക്കാരനേയും ഗള്‍ഫ്‌കാരനേയും ഫേസ്‌ബുക്കിലൂടെ തിരിച്ചറിഞ്ഞു. രണ്ടു പേര്‍ക്കും ഒരേ രൂപം. രണ്ടും ഒരാളാണെന്ന്‌ കണ്ടതിനെ തുടര്‍ന്ന്‌ അവ
കാശത്തര്‍ക്കമായി. പെണ്‍കുട്ടികള്‍ തമ്മില്‍ വഴക്കാവുകയും അവസാനം പിണങ്ങുകയും ചെയ്‌തു. പട്ടാളക്കാരനെ പ്രേമിച്ച പെണ്‍കുട്ടി വിട്ടു വീഴ്‌ചയ്‌ക്ക്‌ തയ്യാറായില്ല. പട്ടാളക്കാരനുമായിട്ടുള്ള ബന്ധം ഉപേക്ഷിച്ചു. ഇതില്‍ കുപിതനായ പട്ടാളക്കാരന്‍ ആ പെണ്‍കുട്ടിയുടെ ഫേസ്‌ബുക്കില്‍ അവള്‍തന്നെ പണ്ട്‌ കൈമാറിയ പാസ്‌വേഡ്‌ ഉപയോഗിച്ചു ഫേസ്‌ബുക്ക്‌ തുറന്നു. അവളുടെ ഫോട്ടോ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ മോര്‍ഫ്‌ ചെയ്‌ത്‌ പൂര്‍ണ നഗ്നയാക്കി. ആ ഫോട്ടോ പ്രൊഫൈല്‍ ഫോട്ടോയാക്കി അപ്‌ ലോഡ്‌ ചെയ്‌തു. അങ്ങനെ പ്രൊഫൈല്‍ ഫോട്ടോ പെണ്‍കുട്ടിയുടെ എല്ലാ സുഹൃത്തുക്കള്‍ക്കും കിട്ടി. ആകെ നാണവും മാനവും പോയ പെണ്‍കുട്ടി നഴ്‌സിംഗ്‌ പഠനം ഉപേക്ഷിച്ച്‌ പട്ടാളക്കഥകളും മനസിലേറ്റി കോട്ടയത്തെത്തി.

തുടര്‍ന്നാണ്‌ പോലീസില്‍ പരാതി നല്‍കിയത്‌. പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ പട്ടാളക്കാരനെന്ന്‌ പെണ്‍കുട്ടി പറയുന്നയാള്‍ സൂററ്റിലാണെന്ന വിവരമാണ്‌ ലഭിച്ചത്‌. എന്നാല്‍ ഇയാള്‍ വിളിച്ച ലാന്റ്‌ ഫോണ്‍ നമ്പരിന്റെ വിലാസം കോഴഞ്ചേരിയിലേതും. ഇങ്ങനെ പട്ടാളക്കാരനും ഗള്‍ഫ്‌ കാരനും ഡബിള്‍ റോളില്‍ തിളങ്ങിയപ്പോള്‍ അഡ്രസിലെ ഡബിള്‍ റോള്‍ സൈബര്‍ സെല്ലിനേയും വലയ്‌ക്കുന്നു.

No comments:

Post a Comment