Monday, February 3, 2014

83 വര്‍ഷത്തെ ജീവിതത്തിനുശേഷം ‘ഗ്രേറ്റര്‍’ വിടവാങ്ങി.


മെല്‍ബണ്‍: 83 വര്‍ഷത്തെ ജീവിതത്തിനുശേഷം ‘ഗ്രേറ്റര്‍’ വിടവാങ്ങി. 1933 ല്‍ രണ്ടു വയസുള്ളപ്പോഴാണ് വെളുത്ത തുവലുകളും ഇളം പിങ്കു നിറത്തിലുള്ള കൊക്കുമുള്ള ഗ്രേറ്ററിനെ ഓസ്ട്രേലിയയിലെ അഡലൈഡ് മൃഗശാലയില്‍ എത്തിക്കുന്നത്. അക്കാലത്തെ രേഖകള്‍ നഷ്ടപ്പെട്ടതിനാല്‍ കെയ് റോയില്‍ നിന്നാണോ ഹാംബെര്‍ഗില്‍ നിന്നാണോ ഇതിനെ കൊണ്ടുവന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതുകൊണ്ടു തന്നെ ജനിച്ച കൃത്യം വര്‍ഷവും അറിയില്ല. പിന്നീട് ഈ ഗ്രേറ്റര്‍ മൃഗശാലയിലെ പ്രധാന ആകര്‍ഷണമായിരുന്നു. രണ്ടാം ലോക മഹായുദ്ധകാലം മുതല്‍ ഓസ്ട്രേലിയയിലെ അഡലെഡ് മൃഗശാലയില്‍ എത്തുവര്‍ക്ക് മടുക്കാത്തൊരു കാഴ്ച തന്നെയായിരുന്നു ഗ്രേയ്റ്റര്‍. ഈ കൊക്ക് നീണ്ട 83 വര്‍ഷങ്ങള്‍ക്കുശേഷം ലോകത്തിലെ ഏറ്റവും പ്രായമേറിയ ഫ്ലെമിങ്ങോ പക്ഷി എന്ന വിശേഷണം സ്വന്തമാക്കി ജീവന്‍ വെടിയുകയായിരുന്നു. സാധാരണയായി 40 മുതല്‍ 60 വര്‍ഷം വരെയാണ് അരയന്ന കൊക്കുകളുടെ ജീവിതകാലാവധി. വനങ്ങളില്‍ സ്വതന്ത്രമായി ജീവിക്കുന്നവയുടെ ജീവിത ദൈര്‍ഘ്യം ഇതിലും കുറയും. എന്നാല്‍ ഇതെല്ലാം തകര്‍ത്തുകൊണ്ടാണ് ഗ്രേറ്റര്‍ 83 വര്‍ഷം ജീവിച്ചത്.

                          അവസാന കാലത്ത് യാതൊരു ചികിത്സയും ഏല്‍ക്കാത്ത വിധത്തിലായിരുന്നു ഗ്രേയ്റ്റര്‍ എന്ന് മൃഗശാലയിലെ ചീഫ് എക്സിക്യൂട്ടീവ് എലീന ബെന്‍സ് റ്റെഡ് പറഞ്ഞു. 2008 -ല്‍ കാഴ്ചക്കാരായി എത്തിയ ഒരു കൂട്ടം ചെറുപ്പക്കാരുടെ ആക്രമണത്തിനിരയായതാണ് ഗ്രേറ്ററിന്റെ ആരോഗ്യം തകരാറിലാക്കിയത്. അവസാനകാലമായപ്പോഴേയ്ക്കും ഗ്രേറ്ററിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടിരുന്നെന്നും മറ്റ് അസുഖങ്ങളും ബാധിച്ചിരുന്നെന്നും ഇവര്‍ വ്യക്തമാക്കി. ഗ്രേറ്ററിന്റെ സ്മരണയ്ക്കായി ഒരു സ്മാരകം പണിയാനുള്ള തയാറെടുപ്പിലാണ് മൃഗശാല അധികൃതര്‍. 

No comments:

Post a Comment