Thursday, October 31, 2013

വെളളമൊഴിച്ച്‌ മൊബൈല്‍ ചാര്‍ജുചെയ്യാം!


mangalam malayalam online newspaperവെളളമൊഴിച്ച്‌ മൊബൈല്‍ ചാര്‍ജുചെയ്യാം!

സുദീര്‍ഘമായ ഒരു യാത്രയില്‍ മൊബൈലിന്റെ ചാര്‍ജ്‌ തീര്‍ന്നു പോയാല്‍? അത്യാവശ്യ കാര്യങ്ങള്‍ മുടങ്ങുമെന്ന്‌ മാത്രമല്ല വേണ്ടപ്പെട്ടവരെയൊക്കെ ഒന്നു വിളിച്ച്‌ യാത്രയുടെ ബോറടി മാറ്റാന്‍ പോലും സാധിക്കില്ല. എന്നാല്‍, ഇനി ഇത്തരത്തിലൊരു പ്രശ്‌നം നിങ്ങള്‍ക്ക്‌ അഭിമുഖീകരിക്കേണ്ടി വന്നേക്കില്ല. കാരണം, ഒരു സ്‌പൂണ്‍ വെളളമുണ്ടെങ്കില്‍ ഫോണ്‍ ചാര്‍ജാവുന്ന കാലം വരുന്നു!
സ്വീഡനിലെ കെടിഎച്ച്‌ റോയല്‍ ഇന്‍സ്‌റ്റിറ്റൂട്ട്‌ ഓഫ്‌ ടെക്‌നോളജിയാണ്‌ വെളളം ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന 'പവര്‍ ട്രെക്ക്‌' ചാര്‍ജറുകളുമായി രംഗത്തു വന്നിരിക്കുന്നത്‌. 15 വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലമാണ്‌ 'പവര്‍ ട്രെക്ക്‌'.
കൈയില്‍ കൊണ്ടു നടക്കാവുന്ന 'പവര്‍ ട്രെക്ക്‌' ചാര്‍ജറുകളില്‍ ശുദ്ധ ജലമോ ഉപ്പുവെളളമോ കലക്കവെളളമോ എന്തുവേണമെങ്കിലും ഉപയോഗിക്കാമെന്ന്‌ നിര്‍മ്മാതാക്കളായ MyFC പറയുന്നു. അതായത്‌, നിങ്ങള്‍ അടുക്കളയില്‍ ആണെങ്കിലും കടല്‍ യാത്രയില്‍ ആണെങ്കിലും കാടിന്റെ നടുവിലാണെങ്കിലും ചാര്‍ജ്‌ ചെയ്യുന്നത്‌ ഒരു പ്രശ്‌നമാവില്ല!
കൈയില്‍ കൊണ്ടുനടക്കാവുന്നത്ര ഒതുക്കമുളളതാണ്‌ 'പവര്‍ ട്രെക്ക്‌'. ചാര്‍ജ്‌ ചെയ്യേണ്ടപ്പോള്‍ ഇതിലെ വാട്ടര്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഒരു സ്‌പൂണ്‍ വെളളം ഒഴിച്ചാല്‍ മതിയാവും. ഈ സമയം കമ്പാര്‍ട്ട്‌മെന്റിലെ പ്രത്യേക ലോഹത്തകിട്‌ ഹൈഡ്രജന്‍ ഉത്‌പാദിപ്പിക്കാന്‍ ആരംഭിക്കും. ഇത്‌ ഓക്‌സിജനുമായി കൂടിച്ചേരുമ്പോള്‍ രാസോര്‍ജത്തെ വൈദ്യുതോര്‍ജമാക്കി മാറ്റുന്നു. ഇത്തരത്തിലുണ്ടാവുന്ന വൈദ്യുതി യുഎസ്‌ബി കേബിളിലൂടെ ഫോണിലെത്തിക്കുന്നു.
ഇത്‌ ഏറ്റവും പ്രകൃതി സൗഹൃദമായ ഒരു മാര്‍ഗം കൂടിയാണ്‌. നീരാവി മാത്രമാണ്‌ ഇത്തരത്തില്‍ വൈദ്യൂതി ഉത്‌പാദിപ്പിക്കുമ്പോഴുളള ഉപോല്‍പന്നം. തുടക്കത്തില്‍ മൊബൈല്‍, ഡിജിറ്റല്‍ ക്യാമറ, ഐപോഡ, ജിപിഎസ്‌ ചാര്‍ജറുകള്‍ മാത്രമായിരിക്കും വിപണിയിലെത്തിക്കുക. ഭാവിയില്‍ ലാപ്‌ടോപ്പുകള്‍ പോലെയുളള വലിയ ഉപകരണങ്ങള്‍ക്കും ചാര്‍ജറുകള്‍ നിര്‍മ്മിക്കാനാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌.
 

No comments:

Post a Comment