Sunday, January 26, 2014

ഗര്‍ഭിണിയായ യുവതിക്ക് കോടതി മരിക്കാനുള്ള അനുവാദം നല്‍കി.


ടെക്സാസ്: ഗര്‍ഭിണിയായ യുവതിക്ക് കോടതി മരിക്കാനുള്ള അനുവാദം നല്‍കി. മസ്തിഷ്ക്ക മരണം സംഭവിച്ച് ആശുപത്രിയില്‍ കഴിയുന്ന 33 കാരിയായ മാര്‍ലീസ് മുനോസിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്ന ഉപകരണങ്ങള്‍ നീക്കം ചെയ്യാന്‍ കോടതി ഉത്തരവിട്ടു. ഭര്‍ത്താവ് നടത്തിയ മാസങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് തന്റെ ഗര്‍ഭിണിയായ ഭാര്യയ്ക്ക് കോടതി മരിക്കാനുള്ള അനുവാദം നല്‍കിയത്. നവംബര്‍ 26ന് തലകറങ്ങി വീണതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായ മാര്‍ലിസ് മുനോസിനെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ടെക്സാസിലെ ഫോര്‍ട്ട് വെര്‍ത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാര്‍ലിസിന്റെ ഗര്‍ഭത്തിലുള്ള കുഞ്ഞിന് ജീവനുണ്ടെന്നും അതിനാല്‍ യുവതിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റാനാവില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞതോടെ ഭര്‍ത്താവ് എറിക് മുനോസ് കോടതിയെ സമീപിച്ച് ഭാര്യയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

                               എന്നാല്‍ എറികിന്റെ ആവശ്യത്തിനെതിരെ ഗര്‍ഭചിദ്രത്തിനെതിരായി നില്‍ക്കുന്നവരുടെ സംഘടനയും രംഗത്തുവന്നതോടെ കേസ് സങ്കീര്‍ണ്ണമാകുകയായിരുന്നു. ഓക്സിജന്റെ ലഭ്യത കുറവുമൂലം ഗര്‍ഭത്തിലുള്ള കുഞ്ഞിന് വൈകല്യം വരാനുള്ള സാധ്യത ഏറിക് കോടതിയെ ബോധ്യപ്പെടുത്തുകയുണ്ടായി. തുടര്‍ന്ന് മാര്‍ലിസിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. വെള്ളിയാഴ്ചയായിരുന്നു കോടതി ഇപ്രകാരം ഉത്തരവിട്ടത്. ഗര്‍ഭസ്ഥ ശിശുവിന് ജീവനുള്ളതിനാല്‍ ഗര്‍ഭിണിയെ മരിക്കാന്‍ അനുവദിക്കാമോ എന്ന തര്‍ക്കത്തിനാണ് ഇതോടെ അവസാനമായിരിക്കുന്നത്. 

No comments:

Post a Comment