Tuesday, November 26, 2013

ആരുഷി വധക്കേസ് :മാതാപിതാക്കള്‍ക്ക് ജീവപര്യന്തം

mangalam malayalam online newspaper

ആരുഷി വധക്കേസ് :മാതാപിതാക്കള്‍ക്ക് ജീവപര്യന്തം


ഗാസിയാബാദ്‌: കോളിളക്കം സൃഷ്‌ടിച്ച ആരുഷി, ഹേംരാജ്‌ ഇരട്ടകൊലക്കേസില്‍ ആരുഷിയുടെ മാതാപിതാക്കളായ ഡോ. രാജേഷ്‌ തല്‍വാര്‍, ഭാര്യ നൂപുര്‍ തല്‍വാര്‍ എന്നിവര്‍ക്ക്‌ ജീവപര്യന്തം. ഗാസിയാബാദിലെ പ്രത്യക സിബിഐ കോടതിയാണ്‌ ഇരുവര്‍ക്കും ജീവപര്യന്തം ശിക്ഷവിധിച്ചത്‌. കൊലപാതകം, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ്‌ ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്‌. ഇന്നലെയായിരുന്നു ഇരുവരും കുറ്റക്കാരാണെന്ന്‌ കോടതി വിധിച്ചത്‌. വിധി കേട്ട ഇരുവരും കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞു.
ശക്‌തമായ സാക്ഷിമൊഴികള്‍ ഇല്ലായിരുന്നുവെങ്കിലും സാഹചര്യ തെളിവുകള്‍ മുഴുവന്‍ തല്‍വാര്‍ ദമ്പതികള്‍ക്ക്‌ എതിരായിരുന്നു. ആരുഷിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം തന്നെയാണ്‌ ഹേംരാജിനെയും വധിക്കാന്‍ ഉപയോഗിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മെഡിക്കല്‍ രംഗത്തെ വിദഗ്‌ധര്‍ക്ക്‌ മാത്രമേ ഇത്രയും വിദഗ്‌ധമായി കൊലനടത്താന്‍ കഴിയുവെന്ന്‌ സിബിഐ വ്യക്‌തമാക്കി. ഹേംരാജിന്റെ രക്‌തക്കറ തല്‍വാറിന്റെ കിടപ്പുമുറിയില്‍ കണ്ടെത്തിയതും ഇവര്‍ക്കെതിരായി. സിബിഐ സമര്‍പ്പിച്ച ഡിഎന്‍എ പരിശോധനയുടെ ഫലവും കോടതി അംഗീകരിച്ചു. വീടിനു പുറത്തുനിന്നുള്ളവരല്ല കൊലപാതകങ്ങള്‍ നടത്തിയതെന്ന്‌ സാഹചര്യ തെളിവുവച്ച്‌ സിബിഐ കണ്ടെത്തിയിരുന്നു.
ആരുഷിയുടെ മാതാപിതാക്കളായ ഡോ.രാജേഷ്‌ തല്‍വാറും നൂപുര്‍ തല്‍വാറുമാണ്‌ പ്രതികളെന്നാണ്‌ സിബിഐയുടെ വാദം. 2008 മെയ്‌ 15നും 16നുമായാണ്‌ ആരുഷിയും ഹേംരാജും നോയിഡയിലെ വസതിയില്‍ കൊല്ലപ്പെട്ടത്‌. 15 മാസം നീണ്ട വിചാരണയ്‌ക്കു ശേഷമാണ്‌ ഇന്ന്‌ വിധി വരുന്നത്‌. കേസന്വേഷണത്തിന്റെ തുടക്കം മുതല്‍ വിവാദമായിരന്നു. ഉത്തര്‍പ്രദേശിന്റെ ഭാഗത്തുനിന്ന്‌ വീഴ്‌ച വന്നതോടെ ഡല്‍ഹി പോലീസും ഇടപെട്ടു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതോടെ അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചു. സിബിഐ സംഘത്തിന്‌ വ്യക്‌തമായി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ വന്നതോടെ സിബിഐ സംഘത്തില്‍ തന്നെ മാറ്റം വരുത്തി. തെളിവുകളില്ലാതിരുന്നിട്ടും സിബിഐ മനഃപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തുകയായിരുന്നുവെന്നാണ്‌ തല്‍വാര്‍ ദമ്പതികളുടെ വാദം.

വിധി പ്രഖ്യാപനത്തിന്‌ മുന്നോടിയായി കോടതി പരിസരത്ത്‌ വന്‍സുരക്ഷയാണ്‌ ഒരുക്കിയിരിക്കുന്നത്‌. മൂന്ന്‌ ഡിവൈഎസ്‌പിമാര്‍ക്കും സ്‌റ്റേഷന്‍ ഓഫീസര്‍മാര്‍ക്കുമാണ്‌ സുരക്ഷാചുമതല. 90 കോണ്‍സ്‌റ്റബിള്‍മാരും ഒരു പ്ലാറ്റൂണ്‍ സുരക്ഷാഗാര്‍ഡിനെയും നിയോഗിച്ചിട്ടുണ്ടെന്ന്‌ ഗാസിയാബാദ്‌ എസ്‌.പി മുനിരാജ്‌ അറിയിച്ചു. കൊലപാതകം നടന്ന്‌ അഞ്ചര വര്‍ഷത്തിനു ശേഷമാണ്‌ വിധി വരുന്നത്‌.

No comments:

Post a Comment